Wednesday January 24, 2018
Latest Updates

മാണി-ജോര്‍ജ് തര്‍ക്കത്തിന്റെ പിന്നാമ്പുറങ്ങളില്‍ സരിതയെ ഇറക്കി കളിച്ചത് കെ ബാബു ?10 കോടിയുടെ അഴിമതി ആരോപണം ജനം മറക്കുന്നു 

മാണി-ജോര്‍ജ് തര്‍ക്കത്തിന്റെ പിന്നാമ്പുറങ്ങളില്‍ സരിതയെ ഇറക്കി കളിച്ചത് കെ ബാബു ?10 കോടിയുടെ അഴിമതി ആരോപണം ജനം മറക്കുന്നു 

കൊച്ചി:ഇപ്പോള്‍ സരിതയുടെ കത്ത് വീണ്ടും ഉയര്‍ന്നു വരാന്‍ കാരണം പി സി ജോര്‍ജ് ആണെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് സൂചനകള്‍.കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ തമ്മില്‍തല്ലുകൊണ്ട് കെ ബാബു അടക്കമുള്ള കോണ്‍ഗ്രസിലെ മന്ത്രിമാര്‍ക്ക് നേരെയുയര്‍ന്നു വന്ന അഴിമതിയാരോപണം ഒതുക്കാനും പൊതുജന ദൃഷ്ട്ടിയില്‍ നിന്നും മറയ്ക്കാനും ഉമ്മന്‍ ചാണ്ടിയുടെ ഒത്താശയോടെയാണ് സരിത വീണ്ടും രംഗത്തെത്തിയത് എന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

കെ എം മാണിയ്‌ക്കെതിരെ ഉയര്‍ന്നത് ഒരു കോടിയുടെ ആരോപണമായിരുന്നെങ്കില്‍ കെ ബാബുവിന് എതിരെ പത്തു കോടിയുടെ ആരോപണം ആയിരുന്നു.ബാബുവിനെതിരെയുള്ള 10 കോടിയുടെ ആരോപണം വെറും രണ്ടു ദിവസം കൊണ്ട് ജനവും ചാനലുകളും മറന്നു.എന്തിന് ബിജു രമേശ് പോലും ‘സരിതാ തീയേറ്ററിന്റെ’യവനികയ്ക്ക് പിന്നില്‍ മറഞ്ഞു. അതെ സമയം കെ എം മാണിയുടെ പേരിലുള്ള കോഴ ആരോപണത്തിന്റെ മുന ജോസ് കെ മാണിയ്ക്ക് എതിരെയുള്ള ലൈംഗീക ആരോപണത്തോടൊപ്പം സജീവമായി തുടരുകയും ചെയ്യുന്നു.

ജോസ് കെ മാണിയോടൊപ്പം ഇവിടെയും കൂട്ട് പ്രതികള്‍ ഉണ്ടെന്ന് ഓര്‍ക്കണം.പുറത്തു വന്ന ലിസ്റ്റില്‍ കേരള കോണ്‍ഗ്രസില്‍ നിന്നും ജോസ് കെ മാണിയുടെ പേര് മാത്രമേ കാണുന്നുള്ളൂ. കോണ്‍ഗ്രസ് നേതാക്കളുടെയടക്കം മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും സരിതയും ആരോപണകര്‍ത്താക്കളും ഒഴിവാക്കി കേരളാ കോണ്‍ഗ്രസിനെ മാത്രം അക്രമിക്കുമ്പോഴാണ് ഇതിനു പിന്നിലെ ഗൂഡാലോചനയെ പറ്റി സംശയം ഉയരുന്നത്.

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ജോസ് കെ മാണിയോ ,സാക്ഷാല്‍ കെ എം മാണിയോ തന്നെ ആയാല്‍ പോലും ശിക്ഷിക്കപ്പെടണം എന്ന അഭിപ്രായക്കാരാണ് കേരളാ കോണ്‍ഗ്രസിലെ സാധാരണ പ്രവര്‍ത്തകര്‍.ഈ കാര്യത്തില്‍ പി സി ജോര്‍ജിന്റെ അഭിപ്രായത്തോട് യോജിപ്പുള്ളവരാണ് കോട്ടയം ജില്ലയിലെയടക്കം കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.പക്ഷേ വീണ് കിട്ടിയ അവസരം മുതലെടുത്ത് പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാനുള്ള കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ ശ്രമങ്ങളെ കേരളാ കോണ്‍ഗ്രസുകാര്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്.

മാണിയുമായി പി സി ജോര്‍ജ് ഇടഞ്ഞുവെന്ന് മനസിലാക്കിയ ഉടന്‍ തന്നെയായിരുന്നു സരിതയുടെ രണ്ടാം വരവ്.ആദ്യ ഘട്ടത്തില്‍ സരിതയും സോളാറും ഉമ്മന്‍ ചാണ്ടിയ്ക്കും കെ ബാബുവിനും ഭീഷണി ഉയര്‍ത്തിയപ്പോള്‍ സുറിയാനി ക്രിസ്ത്യാനിയായ മറ്റൊരു അപ്പനെയും മകനെയും പ്രതി പട്ടികയില്‍ പെടുത്തിയാണ് ഉമ്മന്‍ ചാണ്ടിയും ബാബുവും രക്ഷപ്പെട്ടത്.ജോസ് തെറ്റയിലിനെതിരെ പ്രയോഗിച്ച അതെ തന്ത്രമാണ് കെ ബാബു ഇപ്പോള്‍ ജോസ് കെ മാണിയ്‌ക്കെതിരെ പ്രയോഗിച്ചത്.

10 കോടി കോഴ വാങ്ങിയ ബാബുവിലൂടെ യഥാര്‍ഥ പ്രതിയെ പിടികൂടുമെന്ന് ചാനലുകളും രാഷ്ട്രീയ നിരീക്ഷകരും പ്രവചിച്ചിരിക്കെയാണ് തന്ത്രപരമായ നീക്കത്തിലൂടെ സരിത വഴി വീണ്ടും ജനശ്രദ്ധ തിരിച്ചു വിട്ടത്.

സരിത സോളാര്‍ പ്രശ്‌നത്തിലെ യഥാര്‍ഥ നായക സ്ഥാനത്ത് നില്‍ക്കുന്ന യുവ നേതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പിതൃസ്‌നേഹവും അഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്നും അപമാനിയ്ക്കപ്പെട്ട് മാറി കോട്ടയം ജില്ലയില്‍ ചെറുതായിപ്പോയ തിരുവഞ്ചൂരും10 കോടി രൂപയുടെ അഴിമതി കുരുക്കില്‍ നിന്നും ,സ്വയം രക്ഷപ്പെടാനുള്ള വഴിയൊരുക്കിയ കെ ബാബുവും കേരളാ കോണ്‍ഗ്രസിനെയുംകെ എം മാണിയേയും ബലികൊടുത്ത് മാന്യന്മാരാവുന്ന നാടകത്തിലെ നായിക വേഷം കെട്ടിയാടുകയാണ് സരിത നായരിപ്പോള്‍ എന്നാണ് നിരീക്ഷകര്‍ പറയുന്നത്,. 
സഹനടനായി വേഷം കെട്ടിയ പി സി ജോര്‍ജാവട്ടെ വില്ലന്റെ സ്ഥാനം ഏറ്റെടുത്തത് അപമാനിക്കപ്പെട്ടത് കൊണ്ട് മാത്രമാണ്.ഒപ്പം കോണ്‍ഗ്രസ് ഒരുക്കുന്ന ചതിപ്രയോഗം ഒരിക്കലും മനസിലാക്കാന്‍ കഴിവില്ലാത്ത കെ എം മാണിയും പാര്‍ട്ടിയിലെ മറ്റ് നേതാക്കളെ ഒതുക്കി ‘പാര്‍ട്ടി തറവാട്’ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന മകനും ചേര്‍ന്നപ്പോള്‍ കേരളാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ അടിത്തറ ഇളകുകയാണ്.ഒരേ മുന്നണിയില്‍ ആണെങ്കിലും കോണ്‍ഗ്രസിനെ എതിര്‍ത്ത് നിലനില്ക്കുന്ന സംസ്‌കാരമാണ് യഥാര്‍ഥ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ളത്.അത്തരം പാര്‍ട്ടി പ്രവര്‍ത്തകരാവട്ടെ ഇപ്പോള്‍ ത്രിശങ്കുവിലാണുള്ളത്.

മാണിയുടെ കൂടെ ചേര്‍ന്നത് അബദ്ധമായി പോയെന്ന ചിന്തയിലാണ് പഴയ ജോസഫ് ഗ്രൂപ്പുകാര്‍ ഇപ്പോള്‍.പി സി ജോര്‍ജ് പറയും പോലെ അവര്‍ക്കും ഇപ്പോള്‍ നഷ്ട്ടത്തിന്റെ കഥ മാത്രമേ പറയാനുള്ളൂ.പാര്‍ട്ടി വിട്ട് ഇടതു പക്ഷത്തോട് ചേരാന്‍ വരെയുള്ള തയാറെടുപ്പിലാണ് അവര്‍ എന്നറിയുന്നു.മാണി ഗ്രൂപ്പിനോടൊപ്പം നില്ക്കുന്ന ബഹു ഭൂരിപക്ഷം പേരും ഇത്തരമൊരു അവസരത്തില്‍ തങ്ങളോടൊപ്പം ഉണ്ടാവുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്.ഫ്രാന്‍സീസ് ജോര്‍ജിന്റെയും ഡോ.കെ സി ജോസഫിന്റെയും നേതൃത്വത്തില്‍ ഇതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടത്രേ

താല്‍ക്കാലിക ലാഭം നേടി ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടുക മാത്രമല്ല കേരളാ കോണ്‍ഗ്രസിന്റെ വോട്ടു ബാങ്കിനെ ആശങ്കയില്‍ പെടുത്താനും കഴിഞ്ഞു എന്ന നിഗൂഡമായ സന്തോഷത്തിലാണത്രെ കോട്ടയം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍. 

റെജി സി ജേക്കബ് 

Scroll To Top