Monday October 15, 2018
Latest Updates

അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന്റെ യശ്ശസുയര്‍ത്തി സ്വോര്‍ഡ്സിലെ ഹണി ജോസും,വാട്ടര്‍ഫോര്‍ഡിലെ ആര്‍ബിറ്റ് ലിസ് ജെയ്സണും  ജൂണിയര്‍ സെര്‍ട്ട് പരീക്ഷയില്‍ വന്‍വിജയം നേടി 

അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന്റെ യശ്ശസുയര്‍ത്തി സ്വോര്‍ഡ്സിലെ ഹണി ജോസും,വാട്ടര്‍ഫോര്‍ഡിലെ ആര്‍ബിറ്റ് ലിസ് ജെയ്സണും  ജൂണിയര്‍ സെര്‍ട്ട് പരീക്ഷയില്‍ വന്‍വിജയം നേടി 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ജൂനിയര്‍ സെര്‍ട്ട് പരീക്ഷയില്‍ വന്‍ വിജയം നേടി രണ്ടു മിടുക്കികള്‍ മലയാളി സമൂഹത്തിന്റെ യശ്ശസുയര്‍ത്തി.

ഡബ്ലിന്‍ സ്വോര്‍ഡ്സിലെ ലൊറേറ്റ കോളജ് വിദ്യാര്‍ഥിനി ഹണി ജോസും,വാട്ടര്‍ഫോര്‍ഡ് സെന്റ് ആഞ്ചലസ് കോളജിലെ ആര്‍ബിറ്റ് ലിസ് ജെയ്സണുമാണ് 11 വിഷയങ്ങളില്‍ എ ഗ്രേഡുമായി തകര്‍പ്പന്‍ വിജയം നേടിയത്.

രാജ്യത്തൊട്ടാകെ പതിനായിരക്കണക്കിന് പേരെഴുതിയ ജൂനിയര്‍ സെര്‍ട്ട് പരീക്ഷയില്‍ ആകെ 54 പേര്‍ക്ക് മാത്രമാണ് 11 എ ഗ്രേഡ് നേടാന്‍ കഴിഞ്ഞിട്ടുള്ളത്.അവരുടെ നിരയിലാണ് രണ്ട് മലയാളി പെണ്‍കുട്ടികള്‍ കടന്നുകയറിയത്.12 വിഷയങ്ങളില്‍ പരീക്ഷയെഴുതി മുഴുവന്‍ എ ഗ്രേഡ് വാങ്ങിയത് വെറും നാല് പേര്‍ മാത്രമാണ്.

സ്വോര്‍ഡ്സില്‍ ആഹ്‌ളാദ പെരുമഴ,വിജയം അപ്രതീക്ഷിതമല്ലെന്ന് ഹണി ജോസ് 
സ്വോര്‍ഡ്സ്:പരീക്ഷ കഴിഞ്ഞപ്പോള്‍ മുതല്‍ പ്രതീക്ഷിച്ചിരുന്ന ഒരു വിജയം തന്നെയാണ് ഹണി ജോസിനെ തേടിയെത്തിയത്.കഠിനാധ്വാനം ചെയ്തത് പാഴാവില്ലെന്ന ശുഭപ്രതീക്ഷ ഹണി റിസള്‍ട്ടെത്തും മുമ്പേ മാതാപിതാക്കളുമായി പങ്കു വെച്ചിരുന്നു.പഠനത്തിന് വേണ്ടി കൃത്യമായ സമയം നീക്കി വെച്ചിരുന്നു.അന്നന്നത്തെ പാഠം പഠിച്ചതിന് പുറമെ കഴിഞ്ഞ വര്‍ഷങ്ങളിലെ ക്വസ്റ്റിന്‍ ബാങ്കില്‍ നിന്നുള്ള ചോദ്യങ്ങള്‍ പലവുരു ആവര്‍ത്തിച്ചു ചെയ്തു നോക്കി….ഒരു മികച്ച വിജയം നേടണമെന്ന വാശി മനസ്സില്‍ ഉണ്ടായിരുന്നു.ഹണി പറയുന്നു.

ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് സമീപം താമസിക്കുന്ന കോട്ടയം കല്ലറ പ്ലാമ്പറമ്പില്‍ ജോസ് ചാക്കോയുടെയും,സോളി ജോസിന്റെയും മകളായ ഹണിയ്ക്ക് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി ഒരു കരിയറായി സ്വീകരിക്കാനാണ് താത്പര്യം.അതിനുള്ള ഒരുക്കത്തിലാണ് ഹണിയിപ്പോള്‍.

ജൂണിയര്‍ സെര്‍ട്ട് കഴിഞ്ഞുള്ള ഒരു വര്‍ഷം ട്രാന്‍സിഷന്‍ ഇയറിനായി കളയേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഹണി.പഠനത്തിനുള്ള ‘ഫ്‌ലോ’ കളയാതെ ലൊറേറ്റയിലെ ഭൂരിഭാഗം സഹപാഠികളെയും ഉപേക്ഷിച്ച് ഫിഫ്ത്തിലേയ്ക്ക് മാറിയതും അതിന് വേണ്ടി തന്നെ.

സ്വോര്‍ഡ്സ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ സജീവാംഗമായ ഹണിയുടെ ഏക സഹോദരന്‍ ഹെയ്ഡന്‍ ജൂനിയര്‍ തേര്‍ഡ് ഇയര്‍ വിദ്യാര്‍ഥിയാണ്.

വാട്ടര്‍ഫോര്‍ഡ് മലയാളികള്‍ക്ക് ഒരോണം കൂടി, ആര്‍ബിറ്റ് ലിസിന് ഇത് മധുരവിജയം 
വാട്ടര്‍ഫോര്‍ഡ്: മേ പാര്‍ക്ക് വില്ലേജ് വുഡ് വ്യൂ ക്‌ളോസിലെ ആര്‍ബിറ്റ് ലിസ് ജെയ്‌സണ്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വിജയമാണ് ജൂണിയര്‍ സെര്‍ട്ട് റിസള്‍ട്ട് എന്‍വലപ്പില്‍ ഒളിച്ചിരുന്നത്.മികച്ച വിജയം നേടുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും തിരഞ്ഞെടുത്ത വിഷയങ്ങള്‍ക്കെല്ലാം എ ഗ്രേഡില്‍ എത്തുമെന്ന് സ്വപ്‌നേപി വിചാരിച്ചില്ല.ആര്‍ബിറ്റ് ‘ഐറിഷ് മലയാളി’യോട് പറഞ്ഞു.

പഠിക്കാനുള്ള വിഷയങ്ങള്‍ ഓരോ ദിവസവും എത്ര രാത്രിയായാലും പഠിച്ചിട്ടേ കിടന്നുറങ്ങുവെന്നത് ഒരു ശീലമാക്കിയിരുന്നു ഈ കൊച്ചുമിടുക്കി.രാവിലെ താമസിച്ച് എഴുന്നേല്‍ക്കുന്നതാണ് ഇഷടം ..!

മൂവാറ്റുപുഴ വാഴക്കുളം നെടുംപറമ്പില്‍ കുടുംബാംഗം ജയ്സണ്‍ ജോസഫിന്റെയും,മേഴ്സി ജോസഫിന്റെയും മൂത്തമകളാണ് ആര്‍ബിറ്റ്.വിദ്യാര്‍ഥികളായ അലീനയും,അലീഷയുമാണ് ആര്‍ബിറ്റിന്റെ സഹോദരങ്ങള്‍.

പ്രധാനമന്ത്രി നരേന്ദ്രമോഡി ഡബ്ലിനിലെത്തിയപ്പോള്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട കലാകാരികളില്‍ ആര്‍ബിറ്റും ഉണ്ടായിരുന്നു.വേദിയില്‍ ആര്‍ബിറ്റ് ഉള്‍പ്പെടെയുള്ള സംഘത്തെ മോഡി അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു.ഭരതനാട്യമാണ് ഇഷ്ടപെട്ട നൃത്തരൂപം.

ലിവിംഗ് സെര്‍ട്ട് കഴിഞ്ഞാല്‍ മെഡിസന് ചേരാനാണ് ആര്‍ബിറ്റിന്റെ താത്പര്യം.ഒരു ഡോക്റ്ററാവണം…’എല്ലാവര്‍ക്കും വേണ്ടി സേവനം ചെയ്യണം…’ആര്‍ബിറ്റ് പറയുന്നു.

ജൂനിയര്‍ സെര്‍ട്ടിന്റെ തിരക്ക് കഴിഞ്ഞു ട്രാന്‍സിഷന്‍ ഇയറിലേയ്ക്ക് ചേര്‍ന്നിരിക്കുകയാണ് ആര്‍ബിറ്റ് ഇപ്പോള്‍.ട്രാന്‌സിഷന്‍ ഇയര്‍ വേണ്ടെന്ന് വെച്ചാല്‍ കൂട്ടുകാരൊക്കെ നഷ്ടമാവും.ആ സങ്കടം ഒഴിവാക്കാന്‍ കൂടിയാണ് ട്രാന്‍സിഷന്‍ ഇയര്‍ തിരഞ്ഞെടുത്തത്.സൗഹൃദങ്ങള്‍ ഏറെ ഇഷ്ടപെടുന്ന ആര്‍ബിറ്റ് പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top