Friday December 09, 2016
Latest Updates

ജൂണിയര്‍ സെര്‍റ്റ് :അധ്യാപക സംഘടനകള്‍ അയയുന്നു,പദ്ധതി നടപ്പായേക്കും 

ജൂണിയര്‍ സെര്‍റ്റ് :അധ്യാപക സംഘടനകള്‍ അയയുന്നു,പദ്ധതി നടപ്പായേക്കും 

ഡബ്ലിന്‍ :ജൂണിയര്‍ സേര്‍ട്ട് പരിഷ്‌ക്കാരം നടപ്പാക്കുന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ജാന്‍ ഒ സുല്ലിവെനിന് സെക്കന്റ് ലെവല്‍ ടീച്ചേഴ്‌സ് യൂണിയന്റെ തുറന്ന കത്ത്. പരിഷ്‌ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള അധ്യാപക പരിശീലനവും മറ്റും നിര്‍ത്തിവെച്ചാല്‍ സമരത്തില്‍ നിന്നും പിന്മാറാമെന്ന് കത്തില്‍ യൂണിയന്‍ അറിയിച്ചു. അധ്യാപക സംഘടനയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്താന്‍ തയ്യാറാകുമെന്നാണ് വിശ്വാസമെന്നും കത്തില്‍ പറയുന്നു.

അടുത്തിടെ ഡോ. പൗറിക് ട്രാവെറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ച പാളിയതിനെ തുടര്‍ന്ന് മധ്യസ്ഥര്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ അംഗീകരിക്കേണ്ടെന്ന് അധ്യാപക സംഘടനകള്‍ തീരുമാനമെടുത്തിരുന്നു. പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാരുമായുള്ള കൂടുതല്‍ ചര്‍ച്ചയ്ക്കായി അധ്യാപക സംഘടനകള്‍ പണിമുടക്കില്‍ നിന്നും പിന്മാറിയെങ്കിലും നിസ്സഹകരണ സമരമടക്കമുള്ളവ ഇപ്പോഴും തുടരുകയാണ്. പരിഷ്‌ക്കാരം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പരിശീലന പരിപാടികളിലും മറ്റു യോഗങ്ങളിലും പങ്കെടുക്കുന്നതില്‍ നിന്നും അംഗങ്ങളായ 27000ഓളം അധ്യാപകരെ യൂണിയന്‍ വിലക്കുന്നുണ്ട്. 

അതേസമയം ജൂനിയര്‍ സൈക്കിള്‍ പരിഷ്‌ക്കാരവുമായി മുന്നോട്ടുപോകുമെന്ന് വിദ്യാഭ്യാസ മന്ത്രി ഒ സുല്ലിവെന്‍ വ്യക്തമാക്കിയിരുന്നു. അധ്യാപകര്‍ക്ക് ഓണ്‍ ലൈന്‍ പരിശീലന സൗകര്യമൊരുക്കിയുള്ള വെബ്‌സൈറ്റും മന്ത്രി ലോഞ്ച് ചെയ്തു.

പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ മറ്റു കാര്യങ്ങളില്‍ ചര്‍ച്ചയ്ക്ക് കളമൊരുക്കാത്തതിനാല്‍ ട്രാവെറിന്റെ വാഗ്ദാനങ്ങള്‍ അപൂര്‍ണമാണെന്ന് സംഘടനകള്‍ വിദ്യാഭ്യാസ മന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എഎസ്ടിഐ, ടിയുഐ എന്നീ സംഘടനകളാണ് സര്‍ക്കാരിനെതിരെ സമരരംഗത്തുള്ളത്. 

Scroll To Top