Saturday December 10, 2016
Latest Updates

ലഫ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് വൈസ്രോയിയെ പോലെയെന്ന് കെജ്‌രിവാള്‍; ഡല്‍ഹി പൂര്‍ണ്ണ ഭരണസ്തംഭനത്തിലേക്ക്

ലഫ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് വൈസ്രോയിയെ പോലെയെന്ന് കെജ്‌രിവാള്‍; ഡല്‍ഹി പൂര്‍ണ്ണ ഭരണസ്തംഭനത്തിലേക്ക്

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ നജീബ് ജങ്ങും തമ്മിലുള്ള അധികാര തര്‍ക്കം മൂലം ഡല്‍ഹിയില്‍ ഭരണ പ്രതിസന്ധി രൂക്ഷമായതോടെ മോദിക്കും ഗവര്‍ണക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി കെജ്‌രിവാള്‍ രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പ്രവര്‍ത്തനം ബ്രിട്ടീഷ് രാജ്ഞിയുടേതു പോലെയാണെന്നും, ലഫ്റ്റനന്റ് ഗവര്‍ണര്‍ വൈസ്രോയിയെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

വെറും മൂന്ന് എംഎല്‍എമാരെ വച്ച് ഡല്‍ഹിയില്‍ ഭരണം കയ്യാളാനാണ് ബിജെപി ശ്രമിക്കുന്നത്. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. നേരത്തെ കേജ്‌രിവാളുമായുള്ള അധികാര തര്‍ക്കത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങിനെ പിന്തുണച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. പ്രധാന ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സംസ്ഥാന മന്ത്രിസഭയെ അറിയിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുകയായിരുന്നു.

പൊതു കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കാണ്. സേവനപരമായ കാര്യങ്ങളില്‍ ആവശ്യമെന്നു തോന്നിയാല്‍ മാത്രം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സംസ്ഥാന മുഖ്യമന്ത്രിയുമായി കൂടിയാലോചനകള്‍ നടത്താം. ഭരണഘടനയുടെ 239 എഎ വകുപ്പ് അനുസരിച്ച് ഡല്‍ഹി മന്ത്രിസഭയ്ക്ക് ഇക്കാര്യങ്ങളില്‍ നിയമനിര്‍മ്മാണം നടത്തുന്നതിന് അധികാരമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനോട് ആലോചിക്കാതെ ആക്ടിങ്ങ് ചീഫ് സെക്രട്ടറിയായി ശകുന്തള ഗാംലിനെ, ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമിച്ചതാണ് ഡല്‍ഹിയില്‍ അധികാര തര്‍ക്കം രൂക്ഷമാക്കിയത്. നിയമനത്തില്‍ പ്രതിഷേധിച്ച കേജ്‌രിവാള്‍ സ്ഥാനമേറ്റെടുക്കുന്നതില്‍ നിന്ന് ഗാംലിനെ വിലക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്തി നടത്തിയ എല്ലാ നിയമനങ്ങളും സ്ഥലം മാറ്റങ്ങളും ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങ് റദ്ദാക്കിയിരുന്നു.

Scroll To Top