Thursday May 24, 2018
Latest Updates

ഡബ്ലിനില്‍ മരിച്ച ജോസഫ് ജോര്‍ജ് ,ചങ്ങനാശ്ശേരി സ്വദേശി:മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും, കരഞ്ഞ് കണ്ണീര്‍ വറ്റി ഒരമ്മ കാത്തിരിക്കുന്നു ….

ഡബ്ലിനില്‍ മരിച്ച ജോസഫ് ജോര്‍ജ് ,ചങ്ങനാശ്ശേരി സ്വദേശി:മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും, കരഞ്ഞ് കണ്ണീര്‍ വറ്റി ഒരമ്മ കാത്തിരിക്കുന്നു ….

ഡബ്ലിന്‍:കഴിഞ്ഞ ദിവസം ഡബ്ലിനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജോസഫ് ജോര്‍ജിന്റെ മരണകാരണം അവ്യക്തമായി തുടരുന്നു.ഗാര്‍ഡ ഇതേ വരെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടില്ല.ഡല്‍ഹിയില്‍ നിന്നും ജോസഫിന്റെ സഹോദരന്‍ ജോണ്‍സണ്‍
ഇന്ന് രാത്രി യാത്ര തിരിയ്ക്കും .ഇദ്ദേഹം എത്തിയതിന് ശേഷമേ ബാക്കി നടപടികള്‍ ആരംഭിക്കാനാവു.

ജോസഫിന്റെ മൃതദേഹം ആഡംസ് ടൌണിലെ കാസില്‍ ഗേറ്റ് മ്യൂസിലെ സ്വന്തം വീട്ടിലെ ബാത്ത് റൂമില്‍ നിലത്ത് കിടക്കുന്ന അവസ്ഥയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.കഴിഞ്ഞ ഏതാനം ദിവസങ്ങളായി ഇദ്ദേഹത്തെ കാണാതിരുന്നതിനാലും ഫോണില്‍ പ്രതീകരണം ലഭിക്കാതെ വന്നതിനാലും അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ച് ഗാര്‍ഡയെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് ജോസഫ് ജോര്‍ജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അപസ്മാരരോഗം ഉണ്ടായിരുന്ന ആളായിരുന്നു ജോസഫ്.അടുത്തിടെയായി കരളിനും രോഗം ബാധിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു.രോഗാവസ്ഥയില്‍ ആശങ്കാകുലരായ അമ്മയും സഹോദരങ്ങളും ചേര്‍ന്ന് ജോസഫിനെ നാട്ടിലേയ്ക്ക് കൊണ്ട് പോകാന്‍ തീരുമാനം എടുത്തിരുന്നു.ഇന്ത്യയിലേയ്ക്ക് ചികിത്സയ്ക്കായി വരാമെന്ന് ജോസഫ് അറിയിച്ചതനുസരിച്ച് കൂട്ടികൊണ്ട് പോകാന്‍ സഹോദരന്‍ ജോണ്‍സന്‍ അയര്‍ലണ്ടിലേയ്ക്കുള്ള വിസയ്ക്ക് അപേക്ഷിച്ചിരുന്നു.കഴിഞ്ഞ വ്യാഴാഴ്ച ഇദ്ദേഹത്തിന്റെ ബയോ മെട്രിക് പരിശോധനയും കഴിഞ്ഞു കാത്തിരിക്കവേയാണ് സഹോദരന്റെ മരണവിവരം അറിഞ്ഞത്.

ചങ്ങനാശ്ശേരി കുന്നത്താനം തൃക്കൊടിത്താനം ചാഞ്ചൊടി സ്വദേശിയാണ് ജോസഫ് ജോര്‍ജ്.പിതാവ് മിലട്ടറി ഉദ്യോഗസ്ഥനായിരുന്ന തിരുവല്ലാ പുല്ലാട് പൂത്തൂര്‍ പടിഞ്ഞാറേതില്‍ പരേതനായ പി വി ജോര്‍ജ് അഹമദബാദിലാണ് ജോലി ചെയ്തിരുന്നത്.അമ്മ അന്നമ്മ പായിപ്പാട്ട് മുട്ടത്തേട്ട് കുടുംബാംഗം.രണ്ടു സഹോദരന്‍മാരും ഒരു സഹോദരിയുമാണ് ജോസഫിനുള്ളത്.

അഹമദാബാദില്‍ പഠിക്കുകയും വളരുകയും ചെയ്തയാളായതിനാല്‍ മലയാളം നന്നായി സംസാരിക്കാന്‍ ജോസഫിന് അറിയില്ലായിരുന്നു.അത് കൊണ്ട് തന്നെ ഡബ്ലിനിലെ മലയാളികളുമായി കൂടുതല്‍ പരിചയങ്ങള്‍ ഇദ്ദേഹത്തിന് ഇല്ലായിരുന്നു.അഹമദാബാദ് ക്യാമ്പ് പാരിഷിലായിരുന്നപ്പോള്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ജോസഫ് എന്ന് ബന്ധുക്കള്‍ പറഞ്ഞു.

എല്ലാ ദിവസവും അമ്മയേയും നാട്ടിലെ സുഹൃത്തുക്കളെയും ഫോണില്‍ വിളിച്ചിരുന്ന ജോസഫിന്റെ വിളി രണ്ടു ദിവസമായി കാണാതിരുന്നതിനാല്‍ അമ്മയും ബന്ധുക്കളും പരിഭ്രാന്തിയിലായിരുന്നു.ജോസഫിന്റെ അമ്മ 2014 ല്‍ ഡബ്ലിനില്‍ എത്തി ഏതാനം നാള്‍ ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്നു.ഇതേ തുടര്‍ന്ന് അക്കാലത്തു പരിചയപ്പെട്ടവരെ വിളിച്ച് അമ്മ, ജോസഫിനെ അന്വേഷിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കാത്തിരുന്ന അമ്മയ്ക്ക് നിരാശ നല്‍കി കൊണ്ട് ഹൃദയഭേദകമായ വാര്‍ത്തയാണ് സുഹൃത്തുക്കള്‍ നല്കിയത്.

ആഡംസ് ടൌണിലെ മലയാളികളും ഇന്നലെ ജോസഫിന്റെ അമ്മയെ വിളിച്ച് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.’ആ അമ്മ കരയുകയാണ്.നിലവിളിയില്‍ ആ അമ്മയ്ക്ക് ഒന്നും പറയാന്‍ പറ്റുന്നില്ല’.ആഡംസ് ടൌണിലെ താമസക്കാരനായ ചങ്ങനാശ്ശേരി സ്വദേശി ഷിബു പറഞ്ഞു.’ആ അമ്മ ഇന്നലെ രാത്രി എന്നെ വിളിച്ചു കൊണ്ടേയിരുന്നു.ഒരു വിളി കഴിയുമ്പോള്‍ മിനുട്ടുകള്‍ക്കം വീണ്ടും വിളി വരും.’പൊന്നു മോന്റെ മുഖം അവസാനമായി ഒന്ന് കാണാന്‍ എങ്കിലും സഹായിക്കണം എന്ന അഭ്യര്‍ഥനയാണ് ആ അമ്മ ആവര്‍ത്തിക്കുന്നത്.ഷിബു പറഞ്ഞു.നെഞ്ചു പൊട്ടുന്ന സങ്കടത്തിലാണ് ആ അമ്മ.

കോര്‍ക്കിലായിരുന്നു ജോസഫ് ആദ്യം ജോലി ചെയ്തിരുന്നത്.അവിടെ ഒപ്പം ജോലി ചെയ്തിരുന്ന അഹമദാബാദില്‍ നിന്നുള്ള യുവതിയുമായി വിവാഹം വീട്ടുകാരുമായി ആലോചിച്ച് നടത്തിയെങ്കിലും അസ്വാരസ്യങ്ങള്‍ ബന്ധം വേര്‍പ്പെടുത്തേണ്ട അവസ്ഥയില്‍ എത്തിച്ചു.സമര്‍ഥനായ എഞ്ചിനിയറും ഏവര്‍ക്കും സ്വീകര്യനുമായിരുന്നു ജോസഫെന്ന് അക്കാലത്തെ ജോസഫിന്റെ സുഹൃത്തുക്കള്‍ പറയന്നു.

ആദ്യ കാലത്ത് കോര്‍ക്കിലെ ഇന്ത്യന്‍ സമൂഹവുമായി ഇവരുടെ കുടുംബം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി ജോസഫിന്റെ സുഹൃത്ത് ഇപ്പോള്‍ എന്നിസില്‍താമസിക്കുന്ന ഐ എസ് ആര്‍ ഓ യിലെ മുന്‍ സയന്റിസ്റ്റുമായ കെ സി പ്രദീപ് ഓര്‍മ്മിച്ചു.അക്കാലത്ത് കോര്‍ക്കില്‍ ഇവര്‍ വാങ്ങിയ വീട് ഇപ്പോള്‍ വാടകക്ക് കൊടുത്തിരിക്കുകയാണ്.

കുടുംബബന്ധത്തിലെ തകര്‍ച്ച ജോസഫിനെ മാനസികമായി തളര്‍ത്തി കളഞ്ഞു.ഇതോടെ സാമൂഹ്യ ബന്ധങ്ങളില്‍ നിന്നും പോലും ജോസഫ് പതിയെ പിന്‍വലിഞ്ഞു.ജോസഫിന് ആകെയുള്ള ഒരു മകള്‍ ഇപ്പോള്‍ കുട്ടിയുടെ അമ്മയോടൊപ്പമാണ്.

മൃതദേഹം അഹമദാബാദിലെത്തിച്ചു സംസ്‌കരിക്കാനുള്ള പരിശ്രമങ്ങളിലാണ് കുടുംബാംഗങ്ങള്‍.മകന് അന്ത്യയാത്ര നല്‍കാനുള്ള ആഗ്രഹത്തിന് അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന്റെ പിന്തുണയുണ്ടാവും എന്ന പ്രതീക്ഷയിലാണ് കുടുംബം.

Scroll To Top