Friday January 19, 2018
Latest Updates

സഹയാത്രികന്‍(മൗന മന്ദഹാസം-ജോണ്‍ വര്‍ഗീസിന്റെ ആഴ്ച്ചകുറിപ്പുകള്‍) 

സഹയാത്രികന്‍(മൗന മന്ദഹാസം-ജോണ്‍ വര്‍ഗീസിന്റെ ആഴ്ച്ചകുറിപ്പുകള്‍) 

ആഴ്ചകുറിപ്പുകളായി ഒരു പംക്തി.

ചുറ്റിലും നിറഞ്ഞു നില്ക്കുന്ന മനം മടുപ്പിക്കുന്ന ഘോര സംഘാതങ്ങളില്‍ നിന്നും തെല്ലു മാറി ഒരു ചെറു പുഞ്ചിരി വിരിയിക്കാനുള്ള എളിയ ശ്രമം.

കണ്ടതും കേട്ടതും മാത്രം.

ആരും ഒറ്റക്കല്ല എന്നൊരു ഓര്‍മ്മപ്പെടുത്തല്‍.മുറിഞ്ഞകന്ന വേരുകള്‍ വീണ്ടും ,പ്രാണന്‍ ഒഴുകി ഒരിളം കാറ്റില്‍ ഇളകിയാടുന്ന ചന്ദന മരങ്ങള്‍ പോലെ സാന്ത്വനം  പകരുന്ന തണല്‍ ആകുമെങ്കിലോ…….സ്വാനുഭവങ്ങളും,ഗതകാല സ്മരണകളും ,അടര്‍ന്നു വീണ ചില നിമിഷങ്ങളും ഓര്‍മ്മിച്ചെടുത്ത് അടുക്കി വെയ്ക്കുവാന്‍.

പകല്‍മാഞ്ഞ ഈ വിഷാദ സന്ധ്യകളില്‍ ഒന്നിച്ചു നടക്കുക.,ഒരു മൗന മന്ദഹാസം കൊണ്ട് നമുക്കീ നിശബ്ദതയെ ഭഞ്ജിക്കുക!

ട്രെയിനില്‍ ആയാലും ബസ്സില്‍ ആയാലും ഇവിടത്തെ യാത്രകള്‍ സുഖകരവും നിശബ്ദവും ആണ്. ഒരു ഗുഡ്‌മോണിംഗിലും അന്നത്തെ കാലാവസ്ഥ വിവരണത്തിലും കുശലങ്ങള്‍ തീരും. പിന്നെ ലാപ്‌ടോപോ, പുസ്തകമോ തുറന്നു അതില്‍ മനവും മിഴിയും നഷ്ടപ്പെടുകയായി.

saha yaനമ്മള്‍ മലയാളികള്‍ കുറേക്കൂടി വിശാല മനസ്‌കര്‍ ആയതുകൊണ്ട് നമ്മുടെ കുശലങ്ങള്‍ക്കും വിശാലത കൂടും. സീറ്റില്‍ അടുത്തിരുന്നു പത്രം വായിക്കുന്ന അപരിചിതന്റെ അനുവാദം ഇല്ലാതെ നമ്മളും കൂടെ വായിക്കും.ചിലപ്പോള്‍

പേജുകള്‍ മറിച്ചുനോക്കുകയും ഒടുവില്‍ അകത്തെ ഷീറ്റ് അയാള്‍ അറിയാതെ വലിച്ചെടുത്തു വായിച്ചെന്നും വരാം. അതിഷ്ടപ്പെടാതെ സഹയാത്രികന്‍ സൂക്ഷിച്ചു നോക്കിയാലും ഒന്നും സംഭവിക്കാത്ത മട്ടില്‍ നമ്മള്‍ അയാളെ നോക്കി ചിരിക്കും. എന്നിട്ടാവും ആദ്യത്തെ ചോദ്യം അയാള്‍ക്കിട്ട് കൊടുക്കുക.

ആ കുടുക്കില്‍ വീണാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമായി. ഇപ്പോള്‍ അപരിചിതര്‍ അല്ലല്ലോ?

സഹയാത്രികന്‍ പത്രം മടക്കുന്നതോടെ അങ്കം തുടങ്ങുകയായി. .’ഓതിരവും, കടകവും ഇടതും വലതും വലിഞ്ഞുകേറി വെട്ടി ആരോമലേ പോലെ മുറിച്ചുരിക’ പരുവത്തില്‍ പരിച ഇല്ലാതായ സഹയാത്രികന്‍ ഒടുവില്‍ മുന്നില്‍ കാലിയായ സീറ്റിലേക്ക് ഒഴിഞ്ഞു മാറുകയും സീറ്റില്‍ ഉപേക്ഷിച്ച പത്രം നമ്മള്‍ വിശാലമായി വായിക്കുകയും ചെയ്യും.

പണ്ടൊരിക്കല്‍ തിരുവന്തപുരത്ത് നിന്നും ട്രെയിനില്‍ യാത്ര ചെയ്യുകയാണ്…

പ്ലാറ്റ്‌ഫോമിലെ ബുക്ക്‌സ്ടാളില്‍ നിന്നും വാങ്ങിയ കലാകൗമുദിയും മാതൃഭൂമി ആഴ്ചപ്പതിപ്പും തോള്‍ സഞ്ചിയില്‍ തിരുകി നേരത്തെ കയറി ഇരുന്നു സംഘടിപ്പിച്ച സീറ്റാണ്. ട്രെയിന്‍ വിട്ടു കഴിഞ്ഞാല്‍ സമാധാനമായി വാരിക വായിക്കാമല്ലോ എന്ന് വിചാരിച്ച് ഇരിക്കുമ്പോള്‍, ദേണ്ടെ നമ്മടെ സഹയാത്രികന്‍ ചുമ്മാ മുഖത്തോട്ടു നോക്കി ഒരു ചിരി. എന്നിട്ടൊരു ചോദ്യം 

‘എങ്ങോട്ടാ?’

‘സെക്രട്ടറിയെറ്റില്‍ ആണോ ജോലി?’

‘ഏതു ഡിപ്പാര്‍ട്ട്‌മേന്ടാ’?

ഒന്നിനും മറുപടി പറയാതെ അയാളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.

അയാള്‍ എന്റെ അലസമായ മുടിയും വികൃതമായ താടിയും അനക്കമറ്റ കണ്ണുകളും ശ്രദ്ധിച്ചു.ഞങ്ങള്‍ക്കിടയിലെ മൗനം അയാളെ അസ്വസ്ഥനാക്കി.

തെല്ലിട കഴിഞ്ഞ് ഒരു ഭ്രാന്തന്റെ ഭാവത്തോടെ ഞാന്‍ പറഞ്ഞു തുടങ്ങി 

‘താങ്കള്‍ ചോദിച്ചല്ലോ എങ്ങോട്ടാണെന്ന്……..ഞാന്‍ അതിന് മറുപടി പറഞ്ഞൂ എന്നിരിക്കട്ടെ.ഉദാഹരണത്തിന് ‘കോട്ടയത്തിന്’ എന്ന് വിചാരിക്കുക. അപ്പോള്‍ താങ്കള്‍ ചോദിക്കും ‘കോട്ടയത്ത് എവിടെ ആയിട്ട് വരും’ എന്ന്. ഞാന്‍ അതിന് ‘ചാന്നാനിക്കാട്’ എന്നോ മറ്റോ മറുപടി പറഞ്ഞാല്‍ ഉടനേ താങ്കള്‍ ‘ചാന്നാനിക്കാട് കുറുപ്പിന്റെ ഒക്കെ അടുത്താണോ, ഞാന്‍ അവിടെ പലതവണ വന്നിട്ടുണ്ട്, ആനകളെ കണ്ടിട്ടുണ്ട്’ എന്നൊക്കെ പറയും.

ഞാനപ്പോള്‍ ഒരു മേനിക്ക് ‘കുറുപ്പ് എന്റെ അമ്മാവന്‍ ആണെന്നും അമ്മാവന്റെ ആന പ്രേമം പ്രസിദ്ധം ആണല്ലോ’ എന്നും പറഞ്ഞേക്കാം.എന്നെ ഒന്ന് കൊച്ചാക്കാന്‍ വേണ്ടി താങ്കളപ്പോള്‍ ‘പക്ഷെ കുറുപ്പിന്റെ ആനകള്‍ക്കൊന്നും ഒരു തലയെടുപ്പില്ല….അതൊക്കെ ‘പാമ്പാടിരാജന്‍’ കഴിഞ്ഞിട്ടേ ആനയുള്ളൂ’ എന്നൊക്കെ പറഞ്ഞ് എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കും….എനിക്കു ദേഷ്യം വന്നാല്‍ പിന്നെ പിടിച്ചാല്‍ കിട്ടത്തില്ല……..വായീന്ന് വരുന്നത് എന്താണെന്ന് പറയാന്‍ ഒക്കത്തില്ല….പിന്നെ ചെയ്യുന്നത് എന്താണെന്ന് എനിക്കു തന്നെ അറിയത്തില്ല………അത്രക്കും കലിപ്പാ……

hhiപെട്ടന്ന് എഴുന്നേറ്റ് ബെര്‍ത്തില്‍ വച്ചിരുന്ന തോള്‍ സഞ്ചി എടുത്തു തുറന്നു ആഴ്ചപ്പതിപ്പുകള്‍ പുറത്തെടുത്തു സീറ്റില്‍ ഇരിക്കുമ്പോള്‍, ദാണ്ടേ സഹയാത്രികനെ കാണാനില്ല.

ജോണ്‍ വര്‍ഗീസ്

Scroll To Top