Wednesday January 24, 2018
Latest Updates

ജെ എന്‍ യു സംഭവം :ഡല്‍ഹിയില്‍ സംഘര്‍ഷം പടരുന്നു

ജെ എന്‍ യു സംഭവം :ഡല്‍ഹിയില്‍ സംഘര്‍ഷം പടരുന്നു

ന്യൂഡല്‍ഹി: ഇന്ത്യാവിരുദ്ധ മുദ്രാവാക്യം ഉയര്‍ന്ന ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുമായി (ജെഎന്‍യു) ബന്ധപ്പെട്ട വിവാദം കത്തിപ്പടരുന്നു. സംഭവം രാഷ്ട്രീയ ഏറ്റുമുട്ടലിലേ ക്കു കടന്നു. സര്‍ക്കാരും ബിജെപിയും ഒരു വശത്തും കോണ്‍ഗ്രസ്, ഇടതുപക്ഷം അടക്കമുള്ളവര്‍ മറുവശത്തുമായി കടുത്ത വാഗ്വാദം തുടരുന്നതിനിടെ സംഭവം രാജ്യവ്യാപകമായി പുകയുകയാണ്. തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരു, മഖ്ബൂല്‍ ഭട്ട് എന്നീ ഭീകരരെ അനുസ്മരിക്കാന്‍ ചിലര്‍ സംഘടിപ്പിച്ച പരിപാടിക്കു പിന്തുണ നല്‍കിയതിനു പൊലീസ് അറസ്റ്റ് ചെയ്ത യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ കസ്റ്റഡി പട്യാല ഹൗസ് കോടതി രണ്ടുദിവസത്തേക്കു കൂടി നീട്ടി.
കനയ്യയെ ഹാജരാക്കിയപ്പോള്‍ കോടതിയിലുണ്ടായ സംഘര്‍ഷത്തില്‍ സിപിഐ നേതാക്കള്‍ക്കും ജെഎന്‍യു അധ്യാപകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. വന്ദേമാതരം മുഴക്കിയ ഒരു സംഘം അഭിഭാഷകരാണു സംഘര്‍ഷം സൃഷ്ടിച്ചത്. കോടതി മുറിയില്‍ നിന്നും അധ്യാപകരും കനയ്യയുടെ ആളുകളും പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു അവരുടെ പ്രതിഷേധം. സംഘര്‍ഷത്തെ തുടര്‍ന്നു കോടതി നടപടികള്‍ ഏറെ നേരം തടസപ്പെട്ടു.
ബിജെപി എംഎല്‍എ ഒ.പി. ശര്‍മയുടെ നേതൃത്വത്തിലെത്തിയവരാണ് ആക്രമണം നടത്തിയതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. സിപിഐ നേതാക്കളായ ബിനോയ് വിശ്വം, അമീഖ് ജമൈ എംഎല്‍എ, കൈരളി റിപ്പോര്‍ട്ടര്‍ മനു ശങ്കര്‍ എന്നിവര്‍ മര്‍ദനമേറ്റവരില്‍ ഉള്‍പ്പെടുന്നു. കനയ്യയെ കാണാനെത്തിയ അധ്യാപകരെയും നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും അന്‍പതോളം പേരടങ്ങുന്ന സംഘം പാക്കിസ്ഥാന്‍ അനുകൂലികളെന്ന് ആരോപിച്ച് ആക്രമിക്കുകയായിരുന്നു.
അതിനിടെ, ജെഎന്‍യുവില്‍ നടക്കുന്ന ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജിയെത്തി. രഞ്ജന അഗ്‌നിഹോത്രി എന്ന വ്യക്തിയുടെ ഹര്‍ജി ജസ്റ്റിസുമാരായ ബി.ഡി. അഹമ്മദ്, ആര്‍.കെ. ഗൗബ എന്നിവരുടെ ബെഞ്ച് ഇന്നു പരിഗണിക്കും.
ജെഎന്‍യുവിലെ ഇടതുപക്ഷ അനുഭാവികളായ അധ്യാപകരും ഇടതു വിദ്യാര്‍ഥിസംഘട നകളും ഇന്നലെ അനിശ്ചിതകാല സമരമാരംഭിച്ചു. കനയ്യ കുമാറിനെ വിട്ടയയ്ക്കുക, ക്യാംപസില്‍ നിന്നു പൊലീസിനെ പിന്‍വലിക്കുക, വിദ്യാര്‍ഥികള്‍ക്കെതിരേയുള്ള കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. രാജ്യദ്രോഹപ്രവര്‍ത്തനം നടന്നതായി വ്യക്തമായ തെളിവുകളുണ്ടെന്നും യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ഇതിന് ഒത്താശ ചെയ്യുകയും ഒപ്പം നില്‍ക്കുകയും ചെയ്തതായി വ്യക്തമായിട്ടുണ്ടെന്നും ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബി.എസ്. ബസി.
പാര്‍ലമെന്റാക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിനെ ആദരിക്കുന്നവര്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ ജെഎന്‍യുവിനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുമെന്നു പാര്‍ലമെന്റ് ആക്രമണത്തിനിടെ വീരമൃത്യു വരിച്ചവരുടെ കുടുംബാംഗങ്ങള്‍ അറിയിച്ചു. ഓള്‍ ഇന്ത്യ ആന്റി ടെററിസ്റ്റ് ഫ്രണ്ട് ചെയര്‍മാന്‍ മനീന്ദര്‍ സിങ് ബിട്ടയാണ് ഈ പ്രതിഷേധത്തിനു ചുക്കാന്‍ പിടിക്കുന്നത്.
അതിനിടെ ജെഎന്‍യു വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നു കോണ്‍ഗ്രസ് അറിയിച്ചു. ഇടതുകക്ഷികളുടെ നിലപാടിനൊപ്പം നില്‍ക്കുന്നുവെന്നും വ്യക്തമാക്കി. എന്നാല്‍, ജെഎന്‍യുവിലെ ദേശവിരുദ്ധരുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി സഖ്യം രൂപീകരിച്ചുവെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആരോപിച്ചു.

Scroll To Top