Tuesday December 06, 2016
Latest Updates

ജെ എന്‍ യു:കനയ്യ കുമാറിനെ ആക്രമിച്ച സംഭവം കെട്ടിച്ചമച്ചതെന്ന് മനുഷ്യാവകാശ കമ്മിഷന്‍

ജെ എന്‍ യു:കനയ്യ കുമാറിനെ ആക്രമിച്ച സംഭവം കെട്ടിച്ചമച്ചതെന്ന് മനുഷ്യാവകാശ കമ്മിഷന്‍

ന്യൂഡല്‍ഹി : രാജ്യദ്രോഹം ചുമത്തി അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനു നേരെ പാട്യാല ഹൗസ് കോടതിയിലുണ്ടായ ആക്രമണം ആസൂത്രിതവും സംഘടിതവുമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. സംഭവത്തില്‍ ഡല്‍ഹി പൊലീസിനെ മനുഷ്യാവകാശ കമ്മിഷന്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. കനയ്യ കുമാറിന് സംരക്ഷണം ഏര്‍പ്പെടുത്തുന്നതില്‍ ഡല്‍ഹി പൊലീസിന് വീഴ്ചപറ്റിയതായി മനുഷ്യാവകാശ കമ്മിഷന്‍.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ അന്വേഷിക്കുകയായിരുന്നു. കൂടാതെ കനയ്യ കുമാറിന്റേതെന്ന പേരില്‍ പുറത്തു വന്ന പ്രസ്താവന മാനസികമായി സമ്മര്‍ദം ചെലുത്തി പൊലീസ് എഴുതിപ്പിച്ചതാണെന്നും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ വ്യക്തമാക്കി. കനയ്യ കുമാറിനെ ജയിലില്‍ സന്ദര്‍ശിച്ച ശേഷമാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കോടതി വളപ്പില്‍ തന്നെ മര്‍ദിച്ച ആള്‍ക്കൂട്ടത്തില്‍ നിന്ന് പൊലീസ് സംരക്ഷിക്കുകയായിരുന്നു. പൊലീസിനെതിരെ പരാതിയില്ല. ഭരണഘടനയിലും നീതിന്യായ വ്യവസ്ഥയിലും പൂര്‍ണ വിശ്വാസം ഉണ്ട്. രാജ്യദ്രോഹിയാണെന്ന് തെളിഞ്ഞാല്‍ ശിക്ഷിക്കണം എന്നാണ് കോടതി മുമ്പാകെ കനയ്യ കുമാര്‍ നല്‍കിയ മൊഴി.
ഈ പ്രസ്താവന കനയ്യ സ്വമേധയാ നല്‍കിയതല്ലെന്നാണ് കമ്മിഷന്‍ പറയുന്നത്. വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, ജെഎന്‍യു അധികൃതര്‍, ഡല്‍ഹി പൊലീസ് കമ്മിഷ്ണര്‍ എന്നിവര്‍ക്ക് കമ്മിഷന്‍ നോട്ടീസ് അയച്ചു.

Scroll To Top