Tuesday December 06, 2016
Latest Updates

കേന്ദ്ര സര്‍ക്കാറിനെതിരെ രാഷ്ട്രീയ ഐക്യം പ്രഖ്യാപിച്ച് ജനതാ പാര്‍ട്ടികള്‍ ലയിക്കുന്നു; കേരളത്തില്‍ അവ്യക്തത

കേന്ദ്ര സര്‍ക്കാറിനെതിരെ രാഷ്ട്രീയ ഐക്യം പ്രഖ്യാപിച്ച് ജനതാ പാര്‍ട്ടികള്‍ ലയിക്കുന്നു; കേരളത്തില്‍ അവ്യക്തത

നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ രാഷ്ട്രീയ ഐക്യം പ്രഖ്യാപിച്ച് ജനതാ പാരമ്പര്യമുള്ള ആറു പാര്‍ട്ടികള്‍ (ജനതാ പരിവാര്‍) ഒന്നാവുന്നു. നീക്കം ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചേക്കും. എന്നാല്‍ ലയന ശേഷം ഏതു മുന്നണിയില്‍ തുടരണമെന്ന കാര്യത്തില്‍ കേരളത്തില്‍ ധാരണയായില്ല.

മുലായം സിങ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി, നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ്, ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍, മുന്‍പ്രധാനമന്ത്രി എച്ച് ഡി ദേവെഗൗഡയുടെ ജനതാദള്‍ സെക്യുലര്‍, ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍, കമല്‍ മൊറാര്‍ക്കയുടെ സമാജ് വാദി ജനതാ പാര്‍ട്ടി എന്നീ പാര്‍ട്ടികളാണ് ലയന ശേഷം ഒരു കൊടിക്കീഴില്‍ വരിക. പാര്‍ട്ടി നേതാക്കള്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് ലയനത്തിന് അന്തിമ ധാരണയായത്. മുലായം സിംഗ് യാദവിനെ പാര്‍ട്ടിയുടെ നിയുക്ത ചെയര്‍മാനായും തിരഞ്ഞെടുത്തു.

മുലായത്തിന്റെ അധ്യക്ഷതയില്‍ ജനതാദള്‍ യുണൈറ്റഡ് നേതാവ് ശരദ് യാദവാണ് ലയനപ്രഖ്യാപനം നടത്തിയത്. ലോക്‌സഭയില്‍ മുലായം സിംഗ് യാദവും രാജ്യസഭയില്‍ ശരദ് യാദവവും പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളാവും. ലോക്‌സഭയില്‍ 15 അംഗങ്ങളും രാജ്യസഭയില്‍ 30 അംഗങ്ങളും ഈ പാര്‍ട്ടികള്‍ക്കുണ്ട്.

പുതിയ പാര്‍ട്ടിയുടെ പേരും ചിഹ്നവും സംബന്ധിച്ച് തീരുമാനമായിട്ടില്ല. സമാജ് വാദി ജനതാപാര്‍ട്ടി, സമാജ് വാദി ജനതാദള്‍ എന്നീ പേരുകള്‍ പരിഗണനയിലുണ്ട്. സമാജ് വാദി പാര്‍ട്ടിയുടെ സൈക്കിള്‍ ചിഹ്നമായിരിക്കും പുതിയ പാര്‍ട്ടിയുടെയും ചിഹ്നമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇക്കാര്യങ്ങള്‍ തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷം പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

ലയനം സംബന്ധിച്ച് കേരളത്തില്‍ ജനതാ പാര്‍ട്ടികള്‍ക്കിടയില്‍ അവ്യക്തത തുടരുകയാണ്. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡ് നിലവില്‍ യുഡിഎഫിലും മാത്യു ടി തോമസിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ സെക്യുലര്‍ എല്‍ഡിഎഫിലുമാണ്. ലയന ശേഷം ഏതുമുന്നണിയില്‍ തുടരണമെന്ന കാര്യത്തില്‍ ഇരുപാര്‍ട്ടികളും ധാരണയിലെത്തേണ്ടതുണ്ട്.

 

Scroll To Top