Thursday March 22, 2018
Latest Updates

സത്യാഗ്രഹം ചെയ്ത് നീതി ലഭ്യമാക്കുമെന്ന് മഹിജയും അവിഷ്ണയും, പിണറായി സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനാവും വിധം സമരം കൊഴുക്കുന്നു

സത്യാഗ്രഹം ചെയ്ത് നീതി ലഭ്യമാക്കുമെന്ന് മഹിജയും അവിഷ്ണയും, പിണറായി സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനാവും വിധം സമരം കൊഴുക്കുന്നു

തിരുവനന്തപുരം: പൊലീസ് തൊട്ടതെല്ലാം പിഴയ്ക്കുന്നുവെന്നായതോടെ സേനാ തലത്തിലും ഭരണതലത്തിലും അഴിച്ചുപണിക്ക് സര്‍ക്കാര്‍ നിര്‍ബന്ധിതമാവുന്നു.

മകന്റെ ദാരുണ അന്ത്യത്തിന് കാരണക്കാരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യാനെത്തിയ അമ്മയെ പൊലീസ് നടുറോഡില്‍ തല്ലിച്ചതയ്ക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തത് സര്‍ക്കാരിന് വലിയ കളങ്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജനം ഒന്നാകെ സര്‍ക്കാരിനെതിരേ തിരിയുന്ന സ്ഥിതിയാണ്.

ഇതുവരെ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് മുന്നേറിയ പിണറായിക്ക് പ്രതിരോധം തീര്‍ക്കാന്‍ പ്രതിപക്ഷത്തിന് കിട്ടിയ അവസരം മുതലെടുക്കാന്‍ പ്രതിപക്ഷത്തിന് ആവുന്നില്ലെങ്കിലും,ജനഹിതം പോലീസ് നടപടിയ്ക്ക് എതിരായ അപൂര്‍വം കാഴ്ചയാണ് കേരളത്തില്‍ ഇപ്പോഴുള്ളത്.നിസ്സാരമായി കൈകാര്യം ചെയ്യാമായിരുന്ന കാര്യം പോലും പൊലീസ് കലാപസമാനമായ സ്ഥിതിയില്‍ എത്തിച്ചു. കേവലം 16 പേരാണ് ജിഷ്ണുവിന്റെ കുടുംബത്തില്‍ നിന്ന് സമരത്തിനെത്തിയത്. 16 പേരെ സമാധാനപരമായി അറസ്റ്റു ചെയ്യാന്‍ പോലും പൊലീസിനു കഴിയുന്നില്ലെന്നതാണ് സേനയുടെ ദൗര്‍ബല്യം വ്യക്തമാക്കുന്നത്.

ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതില്‍ പിന്നെ ഏറ്റവും മോശം പ്രകടനം നടത്തുന്നത് പൊലീസ് സേനയാണ്. നാടാകെ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോഴും പൊലീസ് കൈയും കെട്ടിയിരിക്കുകയാണ്. കൊള്ളയും കൊലപാതകങ്ങളും മാനഭംഗങ്ങളും നിരന്തരം അരങ്ങേറുമ്പോഴും പൊലീസ് നോക്കുകുത്തിയാവുകയാണ്.

ജിഷ കൊലക്കേസ് ഉള്‍പ്പെടെ വിഷയങ്ങളില്‍ പൊലീസ് ചെയ്തതെല്ലാം അബദ്ധമായി മാറുകയായിരുന്നു. ജിഷ കേസില്‍ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തന്നെ തള്ളിപ്പോവുന്ന സ്ഥിതിയാണ്. അങ്ങനെ സംഭവിച്ചാല്‍ അതു സര്‍ക്കാരിനു കനത്ത ക്ഷീണവുമാകും.

ജിഷ്ണുവിന്റെ അമ്മയെ വേട്ടയാടിയതിനെതിരേ ഭരണ പരിഷ്‌കാര കമ്മിഷന്‍ തലവന്‍ വി എസ് അച്യുതാനന്ദന്‍ രംഗത്തുവന്നതും സര്‍ക്കാരിന് തലവേദനയായിട്ടുണ്ട്. പ്രതിപക്ഷം ചെയ്യേണ്ട കാര്യം വി എസ് ഏറ്റെടുക്കുകയായിരുന്നു . ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പം സമരരംഗത്തിറങ്ങാനും വി എസ് ആലോചിക്കുന്നുണ്ട്.

ഡിജിപിയെ നേരിട്ടു ഫോണില്‍ വിളിച്ച മുന്‍ മുഖ്യമന്ത്രി അദ്ദേഹത്തെ ശകാരം കൊണ്ടു പൊതിയുകയായിരുന്നു. ന്യായീകരിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ തുനിഞ്ഞപ്പോള്‍ വിഎസ് രോഷത്തോടെ ഫോണ്‍ കട്ടുചെയ്യുകയായിരുന്നു. പ്രതിപക്ഷത്തിനു വേണ്ടിയാണോ നിങ്ങള്‍ ജോലി ചെയ്യുന്നതെന്ന് ബഹ്റയോട് വിഎസ് ചോദിക്കുകയും ചെയ്തു.

പ്രതിപക്ഷം ഒന്നാകെ പൊലീസിനും സര്‍ക്കാരിനുമെതിരേ തിരിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പു കൈയാളുന്ന മന്ത്രിയെന്ന നിലയില്‍ പൊലീസിനെ ന്യായീകരിച്ചു രംഗത്തുവന്നിട്ടുണ്ട്. പൊലീസ് കൃത്യനിര്‍വഹണം നടത്തുകയായിരുന്നുവെന്നും തോക്കു സ്വാമി ഉള്‍പ്പെടെ പുറത്തുനിന്നുള്ളവര്‍ ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം കടന്നുകയറി പ്രശ്നമുണ്ടാക്കാന്‍ നോക്കിയപ്പള്‍ അവരെയാണ് പൊലീസ് നിയന്ത്രിക്കാന്‍ ശ്രമിച്ചതെന്നും പിണറായി പറഞ്ഞു.

ജിഷ്ണുവിന്റെ അമ്മ മഹിജയെ കാണാന്‍ പോകില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. പരിക്കേറ്റ മഹിജയെ പേരൂര്‍ക്കട ആശുപത്രിയില്‍ നിന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കു മാറ്റിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച മഹിജയെ ഡോക്ടര്‍മാര്‍ പരിശോധിച്ചുവരികയാണ്.

ഇതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രിയുടേതില്‍ നിന്നു വ്യത്യസ്ത സ്വരത്തിലാണ് സംസാരിച്ചത്. ജിഷ്ണുവിന്റെ കുടുംബത്തിനു പ്രതിഷേധിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അതിനെ ആരും തടയേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു.

ഫലത്തില്‍ വരും ദിവസങ്ങളില്‍ സര്‍ക്കാരിനെതിരേ പാര്‍ട്ടിയില്‍ ശക്തമായ പ്രതിഷേധസ്വരമുയരുമെന്ന് ഉറപ്പായിരിക്കുകയാണ്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അവധിയില്‍ പോയ വഴി തന്നെ ഡിജിപിക്കും സ്വീകരിക്കേണ്ടി വരുമോ എന്നു കണ്ടറിയണം.

പിണറായി തന്നെ പ്രതിഷേധ ചൂടില്‍ മാറേണ്ടിവരുമോ എന്ന് ശങ്കിക്കുന്നവരും കുറവല്ല. മഹിജയും മകള്‍ അവിഷ്ണവയും സത്യാഗ്രഹം വഴി ഉയര്‍ത്തുന്ന വെല്ലുവിളിയെ അതിജീവിക്കാന്‍ പിണറായിക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നും ഉറപ്പാണ്.

തന്നെ നിര്‍ബന്ധിച്ച് ആശുപത്രിയിലേക്കു മാറ്റരുതെന്നും ജിഷ്ണു കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതു വരെ നിരാഹാരം തുടരുമെന്നും വീട്ടില്‍ അവിഷ്ണയെ സന്ദര്‍ശിച്ച എസ്പിയോട് അവിഷ്ണ പറഞ്ഞു.

അതിനിടെ നിരാഹാര സമരം നടത്തുന്ന ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ ആരോഗ്യനില വഷളായിതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി. ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഐസിയുവിലേക്കുമാറ്റുകയായിരുന്നു.

മഹിജയും സഹോദരന്‍ ശ്രീജിത്തും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരാഹാര സമരത്തിലാണ്. ഇവര്‍ ജ്യൂസും ആഹാരവും കഴിക്കുന്നെന്നു ചില സര്‍ക്കാര്‍ പക്ഷ രാഷ്ട്രീയക്കാര്‍ പ്രചരിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇരുവരും ഡ്രിപ്പും മരുന്നുകളും സ്വീകരിക്കുന്നത് നിര്‍ത്തിയിരുന്നു.

സമാധാനപരമായി പ്രതിഷേധിക്കാന്‍ എത്തിയവരെ നേരിട്ട സര്‍ക്കാരും പോലീസും,പ്രശ്നപരിഹാരത്തിന് പെട്ടന്നൊന്നും തയാറായില്ലെങ്കില്‍ നഷ്ടം സംഭവിക്കുക പിണറായി വിജയന് മാത്രമായിരിക്കും എന്നാണ് തിരുവനന്തപുരത്തു നിന്നുള്ള വാര്‍ത്തകള്‍.

Scroll To Top