Tuesday June 27, 2017
Latest Updates

പിണറായി വിളിച്ചു ധാരണയാക്കി,ജിഷ്ണുവിന്റെ കുടുംബം നിരാഹാര സമരം അവസാനിപ്പിച്ചു

പിണറായി വിളിച്ചു ധാരണയാക്കി,ജിഷ്ണുവിന്റെ കുടുംബം നിരാഹാര സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബം അഞ്ച് ദിവസമായി നടത്തുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ജിഷ്ണു കേസിലെ പബ്‌ളിക് പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനുവിന്റെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചക്കൊടുവിലാണ് മാതാവ് മഹിജയും സഹോദരി അവിഷ്ണയും നിരഹാര സമരം അവസാനിപ്പിച്ചത്. ഉദയഭാനുവിന്റെയും സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന്റെയും നേതൃത്വത്തില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ജിഷ്ണുവിന്റെ അമ്മ മഹിജയുമായും മറ്റ് കുടുംബാംഗങ്ങളുമായും ചര്‍ച്ച നടത്തുകയായിരുന്നു. കേസില്‍ എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ കുടുംബം തയാറായത്.

പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മഹിജക്കെതിരായ പൊലീസ് അതിക്രമത്തില്‍ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മഹിജയെ അറിയിച്ചു. ജിഷ്ണു കേസില്‍ മുഖ്യപ്രതി പൊലീസ് അറസ്റ്റിലായതിനെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍പ്പിലേക്ക് നീങ്ങിയത്. അഞ്ച് മണിക്കൂറോളം നീണ്ട മാരത്തണ്‍ ചര്‍ച്ചക്കുശേഷം പത്ത് വ്യവസ്ഥകള്‍ അടങ്ങിയ കരാര്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി കുടുംബം ഒപ്പുവെച്ചു. ജിഷ്ണു കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു, സ്റ്റേറ്റ് അറ്റോണി എ.വി. സോഹന്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് എം.എസ്. ഷര്‍മദ്, മഹിജക്കുവേണ്ടി ബന്ധു ശോഭ, സഹോദരന്‍ ശ്രീജിത്ത്, സര്‍ക്കാറിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍, പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പെങ്കടുത്തു. വൈകീട്ട് 4.40ന് ആരംഭിച്ച ചര്‍ച്ച 9.25ഓടെയാണ് അവസാനിച്ചത്.

ജിഷ്ണു കേസില്‍ മൂന്നാം പ്രതിയായ നെഹ്‌റു കോളജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ പിടിയിലായിരുന്നു. കോയമ്പത്തൂരിലെ സുഹൃത്തിന്റെ ഫാം ഹൗസില്‍ നിന്നാണ് ശക്തിവേല്‍ അറസ്റ്റിലായത്. കേസിലെ മറ്റു രണ്ടു പ്രതികളായ പ്രവീണ്‍, വിപിന്‍ എന്നിവരും പൊലീസ് വലയിലായതായി സൂചനയുണ്ട്.

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തുമായി സംസാരിച്ചിരുന്നു. ജിഷ്ണുവിന് നീതികിട്ടുമെന്നാണ് പ്രതീക്ഷയെന്നും തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചയുടെ തീരുമാനമനുസരിച്ച് നിരാഹാര സമരം അവസാനിപ്പിക്കുമെന്നും ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ പറഞ്ഞു.

സി.പി.ഐ നേതൃത്വത്തിന്റെ ശ്രമഫലമായാണ് സമരം ഒത്തുതീര്‍പ്പിലെത്തുന്നത്. സമരം ഉടന്‍ ഉടന്‍ ഒത്തുതീരുമെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി മഹിജയെ സന്ദര്‍ശിച്ച ശേഷം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് കാനം പറഞ്ഞു. കോടിയേരിയുമായി സംസാരിച്ച ശേഷമാണ് കാനം മഹിജയെ സന്ദര്‍ശിച്ചത്. എം.വി ജയരാജനുമായും കാനം ടെലിഫോണില്‍ സംസാരിച്ചു.

Scroll To Top