Saturday December 10, 2016
Latest Updates

ജിഷയുടെ അമ്മയെ അറിയില്ല,ജോമോന്‍ പുത്തന്‍പുര പറയുന്നത് കള്ളമെന്ന് പി പി തങ്കച്ചന്‍

ജിഷയുടെ അമ്മയെ അറിയില്ല,ജോമോന്‍ പുത്തന്‍പുര പറയുന്നത് കള്ളമെന്ന് പി പി തങ്കച്ചന്‍

പെരുമ്പാവൂര്‍ : കൊല്ലപ്പെട്ട ജിഷയെയും തന്നെയും ബന്ധപ്പെടുത്തി ഉയരുന്ന ആരോപണങ്ങള്‍ കള്ളമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍.

ജിഷയുടെ അമ്മയെ അറിയില്ല. കൊലപാതകത്തില്‍ എനിക്കോ കുടുംബത്തിനോ യാതൊരു ബന്ധവുമില്ല.

ജിഷയുടെ അമ്മ തന്റെ വീട്ടില്‍ 20 വര്‍ഷം ജോലിക്കു നിന്നെന്നു പറയുന്നത് കള്ളമാണ്. ഒരു ദിവസം പോലും അവര്‍ എന്റെ വീട്ടില്‍ ജോലിക്കു നിന്നിട്ടില്ല.

വ്യക്തിഹത്യയാണ് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ നടത്തുന്നത്. ഇതിനെതിരേ നിയമനടപടി സ്വീകരിക്കും. പെരുമ്പാവൂരില്‍ ഇടതുപക്ഷം തോറ്റതിന്റെ വിരോധം തന്നോടു തീര്‍ക്കുകയാണെന്നും തങ്കച്ചന്‍ പറഞ്ഞു.

ജിഷയുടെ കൊലപാതകത്തിനു പിന്നില്‍ പി.പി. തങ്കച്ചനാണെന്നും അന്വേഷണം പൊലീസ് അട്ടിമറിക്കുകയായിരുന്നെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി അയച്ചിരുന്നു.

തൊട്ടു പിന്നാലെ ജോമോന്‍ പരാതി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ ഇതു വന്‍ ചര്‍ച്ചയായി മാറി. തുടര്‍ന്നാണ് പി.പി. തങ്കച്ചന്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

ജിഷ വധം അന്വേഷിക്കാന്‍ പുതിയ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചതിനു പിന്നാലെയാണ് സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നത്.

കൊല്ലപ്പെടുന്നതിനു മുമ്പ് ജിഷ കഴിച്ച ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ന്നിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ആദ്യം പുറത്തുവന്നത്. .

ജിഷിയുടെ ആന്തരാവയവങ്ങളുടെ രാസ പരിശോധനയിലാണ് ഭക്ഷണത്തില്‍ അസ്വാഭാവിക വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. പക്ഷേ, ഘാതകരന്‍ തന്നെയാണോ ഇതു നല്കിയതെന്നും ഇപ്പോള്‍ സംശയം ബലപ്പെട്ടിട്ടുണ്ട്. കാരണം മരണത്തിനു തൊട്ടു മുന്‍പ് ജിഷ വെള്ളമെടുക്കാന്‍ പുറത്തു പോയതു കണ്ടവരുണ്ട്. അപ്പോള്‍ നേരത്തേ തന്നെ മയക്കുമരുന്ന് ജിഷയുടെ ഉള്ളില്‍ എത്തിയിരുന്നോ എന്നും സംശയമായി.

ഭക്ഷണത്തില്‍ കരുതിക്കൂട്ടി മയക്കുമരുന്ന് കലര്‍ത്തിയതാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതിനിടെയാണ് ഉന്നത രാഷ്ട്രീയ നേതാവിന്റെ മകളാണ് ജിഷയെന്ന ആരോപണം പുറത്തുവന്നിരിക്കുന്നത്.

പ്രമുഖ നേതാവിന്റെ മകളാണു ജിഷയെന്നും പിതൃത്വം അവകാശപ്പെട്ട് ജിഷ നേതാവിനെ കണ്ടിരുന്നുവെന്നും സ്വത്തു ചോദിച്ചുവെന്നും സമീപവാസികള്‍ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. ഇതു പക്ഷേ, പൊലീസ് കാര്യമായെടുത്തിരുന്നില്ല.

ജിഷയുടെ അമ്മ രാജേശ്വരി വര്‍ഷങ്ങളോളം ഉന്നത നേതാവിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നുവെന്നും അക്കാലത്ത് ഈ നേതാവിനു ജനിച്ച മകളാണ് ജിഷയെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയനു കൊടുത്ത പരാതിയില്‍ ജോമോന്‍ പറയുന്നത്.

അച്ഛനാരെന്നു തിരിച്ചറിഞ്ഞ ജിഷ നേതാവിന്റെ വീട്ടില്‍ ചെന്ന് സ്വത്തില്‍ അവകാശം ചോദിച്ചെന്നുംനിഷേധിക്കപ്പെട്ടതോടെ ഡി.എന്‍.എ. പരിശോധന നടത്തി പിതൃത്വം തെളിയിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനു പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

സ്വത്തുതകര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും പിതൃത്വം തെളിയിക്കപ്പെടാതിരിക്കാനായാണ് പൊലീസ് മൃതദേഹം ദഹിപ്പിക്കാന്‍ കൂട്ടുനിന്നതെന്നും പരാതിയില്‍ പറയുന്നു.

ഗുരുതരമായ ഈ ആരോപണങ്ങള്‍ ജോമോന്‍ പരസ്യമായി ഉയര്‍ത്തിയതോടെ പുതിയ അന്വേഷക സംഘത്തിന് ആ വഴിക്കു കൂടി അന്വേഷണം തിരിക്കാതെ വയ്യെന്നായിട്ടുണ്ട്.

ഉന്നത നേതാവ് ഇടപെട്ടു നിയമിച്ച കുറുപ്പംപടി എസ്.ഐയും സി.ഐയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പ്രാഥമിക അന്വേഷണഘട്ടത്തില്‍ തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നെന്നും ഇതിനെപ്പറ്റി അന്വേഷിച്ച് നടപടിയെടുക്കണമെന്നും പരാതിയിലുണ്ട്.

 

Scroll To Top