Thursday December 08, 2016
Latest Updates

ജിഷയുടെ ഫോണിലുള്ള ഫോട്ടോയിലെ യുവാക്കളെ തിരിച്ചറിഞ്ഞു,അന്വേഷണം പുരോഗതിയിലേയ്‌ക്കെന്ന് പോലിസ്

ജിഷയുടെ ഫോണിലുള്ള ഫോട്ടോയിലെ യുവാക്കളെ തിരിച്ചറിഞ്ഞു,അന്വേഷണം പുരോഗതിയിലേയ്‌ക്കെന്ന് പോലിസ്

കൊച്ചി: കൊല നടന്ന ദിവസം ജിഷയോടൊപ്പം സഞ്ചരിച്ചിരുന്നവരെ തേടി അന്വേഷണ സംഘം. കൊല്ലപ്പെടുന്ന ഏപ്രില്‍ 28ന് പകല്‍ ജിഷ കോതമംഗലം റൂട്ടില്‍ ബസില്‍ സഞ്ചരിച്ചതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എന്തിനാണ് ജിഷ വീട്ടില്‍ നിന്നും പുറത്തിറങ്ങിയതെന്ന് വ്യക്തമല്ല. എറണാകുളം കോതമംഗലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന്റെ കണ്ടക്റ്ററെ അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തു. ജിഷ ഏത് സ്‌റ്റോപ്പിലാണ് ഇറങ്ങിയത്, ആരെങ്കിലും ഒപ്പം ഉണ്ടായിരുന്നോ എന്ന വിവരങ്ങള്‍ തേടിയായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍ ഇയാളില്‍ നിന്നും കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
ജിഷയുടെ ഫോണില്‍ കണ്ടെത്തിയ മൂന്നു യുവാക്കളുടെ ചിത്രങ്ങള്‍ പൊലീസ് തിരിച്ചറിഞ്ഞു. മുടക്കുഴയില്‍ ജോലിക്കെത്തിയ കെട്ടിട നിര്‍മാണ തൊഴിലാളികളാണ് ഇവരെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കൂലി സംബന്ധമായ തര്‍ക്കത്തേ തുടര്‍ന്ന് ഇവരുമായി വാക്കേറ്റം ഉണ്ടായതിനെ തുടര്‍ന്ന് ജിഷ തന്നെയാണ് ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. കൊലയാളിയുടേതെന്നു സംശയിക്കുന്ന രേഖാചിത്രങ്ങളിലെ രൂപങ്ങളുമായി ഫോണിലെ ചിത്രങ്ങള്‍ യോജിക്കുന്നില്ലെന്നും അന്വേഷണ സംഘം പറയുന്നു.
കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ അന്വേഷണ സംഘം പെരുമ്പാവൂരിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബോക്‌സില്‍ നിന്നും കാര്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. എന്നാല്‍ വരും ദിവസങ്ങളില്‍ ബോക്‌സില്‍ നിര്‍ണായ വിവരങ്ങള്‍ ലഭിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
കേസുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവിനെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. കൊലപാതകം നടന്ന ദിവസം പൊലീസ് തയ്യാറാക്കിയ രേഖാ ചിത്രവുമായി സാമ്യമുള്ളയാളെ ഇയാള്‍കൊപ്പം കുറുംപ്പംപടിയില്‍ കണ്ടെന്ന വിവരത്തേ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. എന്നാല്‍ ഇയാളില്‍ നിന്നും കാര്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.കോതമംഗലം റൂട്ടില്‍ പോയ ജിഷ തിരികെ എത്തിയതിനു ശേഷമാണ് കൊല നടന്നതെങ്കില്‍ ആ യാത്രയ്ക്ക് കൊലപാതകവുമായി എന്തോ ബന്ധമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. യാത്രയെ കുറിച്ചുള്ള വിവരങ്ങള്‍ തേടി അന്വേഷണ സംഘം പലരെയും ചോദ്യം ചെയ്യുന്നുണ്ട്. ജിഷയുടെ ഫോണ്‍ കോളുകളില്‍ ഈ യാത്രയെ സംബന്ധിച്ച് എന്തെങ്കിലും സൂചനയുണ്ടോ എന്നതും പരിശോധിക്കും.

ആരോപണവിധേയനായ രാഷ്ട്രീയ നേതാവിന്റെ വീടും ഈ വഴിയ്ക്ക് തന്നെയാണ്.ഇന്നലെ ഇദ്ദേഹത്തിന്റെ പി എ യെ ചോദ്യം ചെയ്തിരുന്നു.ഇതിന്റെ തുടര്‍ച്ചയായി പി പി തങ്കച്ചനെയും ചോദ്യം ചെയ്‌തേക്കും എന്ന് സൂചനകള്‍ ഉണ്ട്.

പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികളും അന്വേഷണ സംഘം വേഗത്തിലാക്കി. രണ്ടു ലക്ഷത്തോളം ഇതര സംസ്ഥാനതൊഴിലാളികള്‍ പെരുമ്പാവൂരില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. സ്ഥാപന ഉടമകളുടെയും തൊഴിലാളികളെ വിതരണം ചെയ്യുന്ന ഏജന്റുരുമാരുടെയും യോഗം പൊലീസ് ഇന്നലെ വിളിച്ചിരുന്നു. എന്നാല്‍ 1300 മരവ്യവസായ സ്ഥാപന ഉടമകളില്‍ ഇരുപത് പേര്‍ മാത്രമാണ് പങ്കെടുത്തത്. പ്ലൈവുഡ് കമ്പനി ഉടമകളില്‍ ഭൂരിഭാഗവും അന്വേഷണസംഘത്തോട് സഹകരിക്കാതിരുന്നത് തിരിച്ചടിയായി.

Scroll To Top