Wednesday December 07, 2016
Latest Updates

ജിഷ വധം:ഘാതകനെ തിരിച്ചറിഞ്ഞു,ആസാം സ്വദേശി പോലിസ് കസ്റ്റഡിയില്‍

ജിഷ വധം:ഘാതകനെ തിരിച്ചറിഞ്ഞു,ആസാം സ്വദേശി പോലിസ് കസ്റ്റഡിയില്‍

കൊച്ചി: കേരളം കാത്തിരുന്ന ഘാതകന്റെ പേര് തിരിച്ചറിഞ്ഞു, അസം സ്വദേശി അമിയൂര്‍ ഉള്‍ ഇസ്‌ലാം (23) ആണ് ഘാതകന്‍. ഇയാളുടെ ഡിഎന്‍എയും തിരിച്ചറിഞ്ഞതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പ്രതിയുടെ നാലു സുഹൃത്തുക്കളെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

പ്രതിയെ പിടികൂടിയ വിവരം സര്‍ക്കാര്‍ വൃത്തങ്ങള്‍ അനൗദ്യോഗികമായി സ്ഥിരീകരിച്ചു.

തൃശൂര്‍പാലക്കാട് അതിര്‍ത്തിയില്‍ നിന്നു മൂന്ന് ദിവസം മുന്‍പാണ് എസ്പി ഉണ്ണിരാജിന്റെ നേതൃത്വത്തിലെ അന്വേഷക സംഘം പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയായിരുന്നു.

ചോദ്യം ചെയ്യലില്‍ തന്നെ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു. എന്നാല്‍, കുറ്റസമ്മതം കോടതിയില്‍ ഇയാള്‍ മാറ്റാമെന്ന സംശയത്താല്‍ ശാസ്ത്രീയ തെളിവിനായി പൊലീസ് ഇയാളുടെ ഡിഎന്‍എയും രക്തവും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നു.

പരിശോധനാഫലം വന്നതോടെയാണ് പ്രതി ഇയാളാണെന്ന് ഉറപ്പിച്ചത്. പ്രതിയെ പിടികൂടി വിവരം വൈകുന്നേരത്തോടെ പോലീസ് ഔദ്യോഗികമായി സ്ഥിരീകരിക്കും.

പ്രതിയുടെ കറുത്ത റബര്‍ ചെരുപ്പു വാങ്ങിയ കടയുടമയുടെ മൊഴിയാണ് നിര്‍ണായകമായത്. ഇതര സംസ്ഥാനത്തൊഴിലാളിയായ ഒരാള്‍ തന്റെ കടയില്‍നിന്ന് ഇത്തരത്തിലുള്ള ചെരുപ്പ് വാങ്ങിയിരുന്നു എന്നായിരുന്നു കടയുടമയുടെ മൊഴി. പ്രതിയുടെ സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. ഇവര്‍ നല്‍കിയ സൂചനകളാണ് പ്രതിയെ കണ്ടെത്തുന്നതിന് സഹായിച്ചത്.

വീടുപണിക്ക് എത്തിയപ്പോഴാണ് ജിഷയുമായി പ്രതി സൗഹൃദത്തിലായത്. ജിഷയുടെ വീടിന് അടുത്ത് തന്നെയാണ് ഇയാളും താമസിച്ചിരുന്നത്. സംഭവ ദിവസം മദ്യലഹരിയില്‍ എത്തി പ്രതി കൊല നടത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം ഇയാള്‍ അപ്രത്യക്ഷനായി. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ പ്രതിയുടെ നമ്പര്‍ കുറച്ചുകാലം നിശ്ചലമായി. തുടര്‍ന്ന് ഇയാളുടെ സുഹൃത്തിനെ കണ്‌ടെത്തി ചോദ്യം ചെയ്തു. ഇതോടെയാണ് ഇയാള്‍ ജിഷയുടെ വീടിന് പരിസരത്ത് താമസിച്ച വിവരം ലഭിച്ചത്.

ഇടയ്ക്ക് അസമില്‍ പോയ പ്രതി പിന്നീട് കേരളത്തില്‍ തിരിച്ചെത്തിയെന്നും വിവരം ലഭിച്ചു. ജിഷയുടെ വീടിനു പരിസരത്തുനിന്ന് ലഭിച്ച ചെരുപ്പില്‍ ജിഷയുടെ രക്തക്കറയുണ്ടായിരുന്നു. ഇത് അന്യസംസ്ഥാനത്തൊഴിലാളികള്‍ ധരിക്കുന്ന തരത്തിലുള്ള ചെരുപ്പാണെന്നും കണ്ടെത്തിയിരുന്നു.

ഇതാണ് ചെരുപ്പിന്റെ ഉടമയെ കണ്ടെത്താനുള്ള അന്വേഷണത്തിലേക്കു നയിച്ചത്. ജിഷയുടെ വീടിന്റെ സമീപത്തുള്ള വളക്കടയിലെ സിസിടിവി കാമറയില്‍ പതിഞ്ഞത് പ്രതിയുടെ ദൃശ്യങ്ങള്‍ തന്നെയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുമ്പ് ജിഷ പെരുമ്പാവൂരിലെ ഒരു സ്റ്റുഡിയോയില്‍ എത്തി ഫോട്ടോ എടുത്തിരുന്നു. അന്നു ജിഷയെ ബൈക്കില്‍ സ്റ്റുഡിയോയില്‍ എത്തിച്ചത് പ്രതിയായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ തെറ്റിപ്പിരിഞ്ഞതാണ് കൊലപാതകത്തിലേക്കു നയിച്ചത്.

ഇവര്‍ തമ്മില്‍ എങ്ങനെ പരിചയത്തിലായി കൊലപാകത്തിലേക്കു നയിച്ചകാരണങ്ങള്‍ എന്നിവയില്‍ വ്യക്തത വന്നിട്ടില്ല. ആദ്യഘട്ടത്തില്‍ തന്നെ പ്രതി അന്യസംസ്ഥാനക്കാരനാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയിരുന്നു.

അന്യസംസ്ഥാനക്കാര്‍ പ്രതികളായ കേസുകളുടേതിനു സമാനമായ പരിക്കുകള്‍ ജിഷയുടെ ശരീരത്തില്‍ കണ്ടെത്തിയിരുന്നു. കൊലയാളിയെന്ന് ആദ്യഘട്ടത്തില്‍ സംശയിച്ച രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കണ്ടെത്താന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു പോയ പൊലീസ് സംഘങ്ങളെ കഴിഞ്ഞ ദിവസം തിരിച്ചു വിളിച്ചിരുന്നു.

പ്രതിയെ ജിഷയ്ക്ക് അടുത്തു പരിചയമുണ്ടായിരുന്നിട്ടും അമ്മ രാജേശ്വരിക്ക് അതു സംബന്ധിച്ച അറിവില്ലാതിരുന്നതും പൊലീസിനു സംശയം ജനിപ്പിച്ചിട്ടുണ്ട്.

Scroll To Top