Sunday December 11, 2016
Latest Updates

ജിഷയുടെ കൊലപാതകം:അച്ഛനും അമ്മയും പോലീസിന് നിര്‍ണായകവിവരങ്ങള്‍ കൈമാറിയെന്ന് സൂചനകള്‍

ജിഷയുടെ കൊലപാതകം:അച്ഛനും അമ്മയും പോലീസിന് നിര്‍ണായകവിവരങ്ങള്‍ കൈമാറിയെന്ന് സൂചനകള്‍

തിരുവനന്തപുരം : ജിഷ വധക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ അന്വേഷക സംഘത്തിനു ലഭിച്ചതായി സൂചന. ഇതിന്റെ വെളിച്ചത്തിലാണ് ഉടന്‍ ഒരു വെളിപ്പെടുത്തലുണ്ടാകുമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം പറഞ്ഞതും.

ജിഷയുടെ അമ്മ രാജേശ്വരിയില്‍ നിന്നും അച്ഛന്‍ പാപ്പുവില്‍ നിന്നും പൊലീസിനു സുപ്രധാന വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. രാജേശ്വരിക്ക് ഇതുവരെ നടന്നത് മൊഴിയെടുപ്പായിരുന്നെങ്കില്‍ ഇന്നലെ ചോദ്യം ചെയ്യല്‍ തന്നെ നടത്തി. ഇതിലാണ് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയത്. ഇതിനിടെ, ജിഷയുടെ അമ്മ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ജോലിക്കു പോയിരുന്നുവെന്ന് ജിഷയുടെ അച്ഛന്‍ ഒരു ചാനലില്‍ പറയുകയും ചെയ്തതോടെ കുരുക്ക് മുറുകുകയുമാണ്.അന്വേഷണം വിലയിരുത്തുന്നതിനായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്നു പെരുമ്പാവൂരിലെത്തി. ഉച്ചയ്ക്കു മുന്പു കൊച്ചിയില്‍ എത്തുന്ന ഡിജിപി, അന്വേഷണത്തിനു നേതൃത്വം നല്കുന്ന എഡിജിപി ബി. സന്ധ്യ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ബെഹ്‌റയുടെ പ്രഥമ പരിഗണന ജിഷ കേസിനു തുമ്പുണ്ടാക്കി, ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിക്കുകയാണ്. കേസ് അന്വേഷണത്തിന് നേരിട്ട് നേതൃത്വം നല്കുമെന്നു ഡിജിപി പറഞ്ഞിട്ടുണ്ട്. കേസ് തെളിയിക്കാന് സിബിഐ അന്വേഷണ മാതൃക അവലംബിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതിനിടെ, ജിഷയുടെ അമ്മ രാജേശ്വരി കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ജോലിക്ക് പോയിട്ടുണ്ടെന്നു പാപ്പു ഒരു ചാനലിനോടു പറഞ്ഞു. എന്നാല്‍, ജിഷ ആ സമയത്ത് ചെറിയ കുട്ടിയായിരുന്നുവെന്നും പാപ്പു പറയുന്നു. കല്യാണത്തിനു മുന്പും രാജേശ്വരി അവിടെ ജോലിക്ക് പോയിട്ടുണ്ട്. ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ വന്‍ ശക്തികളാണെന്നും പാപ്പു പറഞ്ഞു.

പ്രത്യേക അന്വേഷണസംഘം ആലുവ പൊലീസ് ക്ലബ്ബില്‍ കൊണ്ടുപോയാണ് പാപ്പുവിന്റെ മൊഴിയെടുത്തത്. ഡിവൈ എസ് പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുത്തത്. രാജേശ്വരി തന്റെ വീട്ടില് ജോലി ചെയ്തിട്ടില്ലെന്ന പെരുമ്പാവൂരിലെ കോണ്‍ഗ്രസ് നേതാവിന്റെ വിശദീകരണം തെറ്റാണെന്നു പാപ്പു പറഞ്ഞു.

ഇതേസമയം, ജിഷയുടെ അമ്മയില്‍നിന്നു നേരത്തെ ലഭിക്കാത്ത പല വിവരങ്ങളും ഇപ്പോള്‍ ലഭിച്ചുവെന്നാണ് അറിയുന്നത്. ഇവരില്‍നിന്നു ലഭിച്ച വിവരങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പൊലീസ് ഇക്കാര്യം വെളിപ്പെടുത്തുന്നില്ല.

Scroll To Top