Tuesday December 06, 2016
Latest Updates

ജിമ്മിലെ ഉപകരണങ്ങളില്‍ ടോയ്‌ലറ്റിലുള്ളതിനേക്കാള്‍ ബാക്ടീരിയകള്‍…

ജിമ്മിലെ ഉപകരണങ്ങളില്‍ ടോയ്‌ലറ്റിലുള്ളതിനേക്കാള്‍ ബാക്ടീരിയകള്‍…

ജിമ്മില്‍ പോകുന്നതും ഫിറ്റായി ആരോഗ്യത്തോടെയിരിക്കുന്നതുമെല്ലാം നല്ലതു തന്നെ. എന്നാല്‍ ജിമ്മില്‍ പോകുന്നത് ഉള്ള ആരോഗ്യം കൂടി കളയാനാണെങ്കിലോ? ഈയിടെ പുറത്തുവന്ന ഒരു പഠനം ജിമ്മില്‍ പോകുന്നത് മറ്റൊരു വിധത്തില്‍ ആരോഗ്യത്തെ ബാധിക്കുമെന്ന് ആശങ്ക പരത്തിയിരിക്കുകയാണ്.

ശരീരത്തിന് പല തരത്തില്‍ ദോഷം ചെയ്യുന്ന ബാക്ടീരിയകള്‍ ജിമ്മിലെ ഉപകരണങ്ങളില്‍ കണ്ടുവരുന്നു എന്നാണ് ഫിറ്റ്‌നസ് ബ്രാന്‍ഡായ ഫിറ്റ് റേറ്റഡ് നടത്തിയ റിസര്‍ച്ച് പറയുന്നത്. ഇവയില്‍ ത്വക്ക് രോഗത്തിനു കാരണമാകുന്ന സിനിസ്റ്റര്‍ ബാക്ടീരിയയായ ഗ്രാം പോസിറ്റിവ് കോക്‌സി, കണ്ണ്, ചെവി, ശ്വാസകോശം എന്നിവിടങ്ങളില്‍ ഇന്‍ഫെക്ഷനുണ്ടാക്കുന്ന ബാക്ടീരിയയായബാസിലസ് എന്നിവ ഉള്‍പ്പെടും. ഇവയ്ക്കു പുറമെ നമ്മള്‍ കഴിക്കുന്ന ആന്റിബയോട്ടിക്കുകളുടെ ഫലം ഇല്ലാതാക്കുന്ന ഗ്രാം നെഗറ്റിവ് റോഡ്‌സ് ബാക്ടീരിയകളെയും ജിമ്മിലെ വിവിധ ഉപകരണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

മൂന്നു തിരക്കേറിയ ജിമ്മുകളായിരുന്നു ഫിറ്റ് റേറ്റഡ് റിസര്‍ച്ച് നടത്താനായി തെരഞ്ഞെടുത്തത്. ഇവിടത്തെ ട്രെഡ്മില്‍, എക്‌സര്‍സൈസ് ബൈക്ക് എന്നിവയില്‍ ഒരു സ്‌ക്വയര്‍ ഇഞ്ചില്‍ 1 മില്ല്യണ്‍ അണുക്കളെ വരെ കണ്ടെത്തിയത്രേ!

ഫ്രീ വെയ്റ്റ്‌സ് ഉപകരണങ്ങളിലാണ് ഏറ്റവും കൂടുതല്‍ അണുക്കളെ കണ്ടെത്തിയത്. ഡംബ് ബെല്‍സ്, കെറ്റില്‍ ബോള്‍സ് തുടങ്ങിയ ഫ്രീ വെയ്റ്റ്‌സ് ഉപകരണങ്ങളില്‍ ഫാമിലി ടോയ്‌ലറ്റുകളില്‍ ഉണ്ടാകുന്നതിനെക്കാള്‍ 362 മടങ്ങ് അധികം അണുക്കളെയാണ് കണ്ടെത്തിയത്.

ട്രെഡ് മില്ലിന്റെ ബട്ടനില്‍ ബാത്ത്‌റൂം ടാപ്പില്‍ ഉള്ളതിന്റെ 74 മടങ്ങ് അധികം അണുക്കളെ കണ്ടെത്തിയപ്പോള്‍, ഒരു ഫാസ്റ്റ് ഫുഡ് റസ്റ്ററന്റിലെ ട്രേയിലുള്ളതിനെക്കാള്‍ 39 മടങ്ങ് അധികം ബാക്ടീരിയകളെ ജിമ്മിലെ എകസര്‍സൈസ് ബൈക്കില്‍ കണ്ടെത്തി.

ഇവയില്‍ പല ബാക്ടീരിയകളും അസുഖത്തിനു കാരണമാകുമെങ്കിലും താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ അസുഖം ബാധിക്കാതെ സൂക്ഷിക്കാമെന്നും പഠനം പറയുന്നു:

1. ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനു മുമ്പും ശേഷവും തുണി ഉപയോഗിച്ച് നന്നായി തുടയ്ക്കുക.

2. ചെരിപ്പ് ധരിക്കാതെ ജിമ്മിലെ നിലത്ത് നടക്കാതിരിക്കുക.

3. ജിമ്മില്‍ എക്‌സര്‍സൈസ് നടത്തിയ ശേഷം കൈ കഴുകാതെ മുഖത്ത് സ്പര്‍ശിക്കരുത്.

4. കൈ നന്നായി കഴുകുക.

5. വര്‍ക്കൗട്ടിനു ശേഷം എത്രയും പെട്ടെന്ന് ജിം വസ്ത്രം മാറുക.

Scroll To Top