Thursday October 18, 2018
Latest Updates

സൈപ്രസില്‍ മരിച്ച ജെറില്‍ ജോയിയുടെ മൃതദേഹം ഡബ്ലിനില്‍ എത്തിയ്ക്കും,മാതാപിതാക്കള്‍ സൈപ്രസിലെത്തി 

സൈപ്രസില്‍ മരിച്ച ജെറില്‍ ജോയിയുടെ മൃതദേഹം ഡബ്ലിനില്‍ എത്തിയ്ക്കും,മാതാപിതാക്കള്‍ സൈപ്രസിലെത്തി 

ഡബ്ലിന്‍:നോര്‍ത്തേണ്‍ സൈപ്രസിലെ നിക്കോഷ്യയില്‍ കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും വീണു മരിച്ച ഡബ്ലിന്‍ റഹെനിയിലെ ജോയി തോമസിന്റെ മകള്‍ ജെറില്‍ ജോയിയുടെ മൃതദേഹം ഡബ്ലിനിലേയ്ക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

ജെറില്‍ ജോയിയുടെ മരണകാരണം ഇതേ വരെ ഔദ്യോഗികമായി പോലീസ് സ്ഥിരീകരിച്ചിട്ടില്ല.കെട്ടിടത്തിന് മുകളില്‍ നിന്നും ആരെങ്കിലും തള്ളിയിട്ടിരിയ്ക്കാനുള്ള സാധ്യതയും പോലീസ് അന്വേഷിക്കുന്നുണ്ട്.

ജെറില്‍ ജോയിയുടെ മരണവിവരം തിങ്കളാഴ്ച്ച രാത്രി തന്നെ മാതാപിതാക്കളെ അറിയിച്ചിരുന്നു.ജെറില്‍ പഠിക്കുന്ന യൂണിവേഴ്സിറ്റിയില്‍ മലയാളികളായ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നില്ല.നോര്‍ത്തിന്ത്യക്കാരായ സുഹൃത്തുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ഗാര്‍ഡയുമായി ബന്ധപ്പെട്ട് മരണവിവരം സ്ഥിരീകരിച്ചത്.

സംസ്‌കാരം ഡബ്ലിന്‍ രഹേനിയില്‍ നടത്താനാണ് ഇപ്പോഴുള്ള തീരുമാനം.മൃതദേഹം എന്ന് എത്തിയ്ക്കുമെന്നതിനെ കുറിച്ച് ഇപ്പോള്‍ വിവരങ്ങള്‍ ലഭ്യമല്ല.

ജെറിലിന്റെ മരണവിവരമറിഞ്ഞു നിരവധി കുടുംബസുഹൃത്തുക്കള്‍ രഹേനിയിലെ ഇവരുടെ ഭവനത്തില്‍ എത്തിയിരുന്നു.തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ഭവനത്തില്‍ നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ ചാപ്ല്യന്‍മാരായ ഫാ.ജോസ് ഭരണികുളങ്ങര,ഫാ.ക്ലമന്റ് പാടത്തിപറമ്പില്‍,ഫാ.രാജേഷ് ജോസഫ് മേച്ചിറാകത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

ജോയി തോമസും,ഭാര്യ ബൂമോണ്ട് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായ എത്സമ്മയും ഇന്നലെ രാത്രി വൈകി സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.നിക്കോഷ്യയിലെത്തിയ ഇവരെ സൈപ്രസിലെ ഐറിഷ് അംബാസിഡറുടെ ഓഫിസില്‍ നിന്നുമാണ് ഒരു മണിക്കൂറോളം അകലെയുള്ള നോര്‍ത്ത് ഈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ എത്തിച്ചത്.നോര്‍ത്തേണ്‍ സൈപ്രസും,സൈപ്രസും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം മൂലം ഇരു പ്രദേശങ്ങളിലും നയതന്ത്ര പ്രതിനിധികളുടെ സഹായമില്ലാതെയുള്ള യാത്ര അസാധ്യമാണ്.

നോര്‍തേണ്‍ സൈപ്രസ് (അല്ലെങ്കില്‍ നോര്‍ത്ത് സൈപ്രസ്) ഒരു സ്വയം പ്രഖ്യാപിത പരമാധികാര രാഷ്ട്രമാണ്.സൈപ്രസുമായി തര്‍ക്കം നിലനില്‍ക്കുന്ന ടര്‍ക്കിഷ് റിപ്പബ്ലിക് ഓഫ് നോര്‍തേണ്‍ സൈപ്രസിലായിരുന്നു ജെറില്‍ പഠിച്ചിരുന്ന യൂണിവേഴ്‌സിറ്റി.

സൈപ്രസ് ദ്വീപിന്റെ വടക്കുകിഴക്കന്‍ ഭാഗമാണ് ഈ രാജ്യത്തിന്റെ കീഴിലുള്ള പ്രദേശം. ടര്‍ക്കി മാത്രമാണ് ഈ രാജ്യത്തെ അംഗീകരിച്ചിട്ടുള്ളത്. റിപ്പബ്ലിക് ഓഫ് സൈപ്രസിന്റെ ഭാഗമായതും തുര്‍ക്കിയുടെ സൈനിക അധിനിവേശത്തിലിരിക്കുന്നതുമായ പ്രദേശമാണിതെന്നാണ് അന്താരാഷ്ട്രസമൂഹത്തില്‍ ഈ പ്രദേശം അറിയപ്പെടുന്നത്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top