Monday December 05, 2016
Latest Updates

ജനതാദള്‍ പട്ടിക ഇന്ന്:തെറ്റയിലിന് ഇപ്പോഴും സാധ്യതയെന്ന് പാര്‍ട്ടി

ജനതാദള്‍ പട്ടിക ഇന്ന്:തെറ്റയിലിന് ഇപ്പോഴും സാധ്യതയെന്ന് പാര്‍ട്ടി

അങ്കമാലി: ജനതാദള്‍(എസ്) മത്സരിക്കുന്ന അഞ്ചു നിയോജക മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ പാര്‍ട്ടിയില്‍ സര്‍വെ. ഇന്നു കോട്ടയത്ത് നടക്കുന്ന ജനതാദള്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.

എന്നാല്‍ നാളെ ഡല്‍ഹിയില്‍ ജനതാദള്‍ ദേശീയ യോഗത്തില്‍വും ഒദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയെന്നു പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.ജോസ് തെറ്റയില്‍ ഉള്‍പ്പെടെ നാലു സിറ്റിങ് എംഎല്‍എമാരും മത്സരിക്കാനാണ് സാധ്യതയെന്ന് ഏറ്റവും അവസാനം ലഭിച്ച വാര്‍ത്തകള്‍.

സിറ്റിങ് എംഎല്‍എമാരായ സംസ്ഥാന പ്രസിഡന്റ് മാത്യൂ ടി. തോമസ് തിരുവല്ലയിലും അഡ്വ. ജമീല പ്രകാശം കോവളത്തും സി.കെ. നാണു വടകരയിലും ജോസ് തെറ്റയില്‍ അങ്കമാലിയിലും വീണ്ടും മത്സരിക്കും. ഇത്തവണ മലപ്പുറം മണ്ഡലത്തിന് പകരം ലഭിച്ച ചിറ്റൂരില്‍ ജനതാദള്‍(എസ്) ദേശീയ നിര്‍വാഹക സമിതി അംഗം കെ. കൃഷ്ണന്‍കുട്ടി സ്ഥാനാര്‍ഥിയാകും.
മൂന്നു തവണ അങ്കമാലിയില്‍ നിന്നു ജയിച്ച ജോസ് തെറ്റയില്‍ ഇത്തവണയും മത്സരിച്ചാല്‍ മണ്ഡലം നിലനിര്‍ത്താനാകുമെന്നാണ് ദള്‍ വിലയിരുത്തല്‍. ലൈംഗികാരോപണ വിധേയനായ ജോസ് തെറ്റയില്‍ ഇത്തവണ മത്സരരംഗത്തു നിന്നു മാറി നില്‍ക്കുമെന്ന് അദ്ദേഹം തന്നെ പാര്‍ട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍, ആരോപണങ്ങളില്‍ കോടതി കുറ്റവിമുക്തനാക്കിയതും മണ്ഡലത്തിലെ വ്യക്തിബന്ധങ്ങളും അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് തെറ്റയിലിനെ വീണ്ടും അങ്കമാലിയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
സോഷ്യലിസ്റ്റുകളുടെ പോരാട്ടംകൊണ്ടു ശ്രദ്ധേയമാകുന്ന വടകരയില്‍ സംസ്ഥാനത്തു ജീവിച്ചിരിക്കുന്ന സോഷ്യലിസ്റ്റുകളില്‍ പ്രമുഖനായ സി.കെ. നാണുവിനെ തന്നെ കളത്തില്‍ ഇറക്കുന്നത് ഗുണം ചെയ്യുമെന്നു പാര്‍ട്ടി കരുതുന്നു. ജെഡിഎസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ദാമോദരന്‍ മാസ്റ്ററെ വടകരയില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വത്തിലെ ഭൂരിഭാഗവും ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചത്. പാര്‍ട്ടിവിട്ട് യുഡിഎഫിന് ഒപ്പം പോകുകയും പിന്നീട് തിരിച്ചുവരുകയും ചെയ്തവരില്‍പ്പെട്ടയാളാണ് ദാമോദരന്‍ മാസ്റ്റര്‍. പാര്‍ട്ടിവിടുകയും തിരിച്ചുവരുകയും ചെയ്ത കെ. കൃഷ്ണന്‍കുട്ടിക്ക് ചിറ്റൂരില്‍ സീറ്റ് നല്‍കുന്നുണ്ട്.
മറ്റൊരാള്‍ക്ക് കൂടി സീറ്റ് നല്‍കാനാകില്ലെന്നായിരുന്നു ഒരു വിഭാഗത്തിന്റെം വാദം. ചിറ്റൂരിലെ മുന്‍ എംഎല്‍എയായ കെ. കൃഷ്ണന്‍കുട്ടിയിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നാണ് ജെഡിഎസ് പ്രതീക്ഷ.
ജനതാദള്‍ മത്സരിക്കുന്ന അഞ്ചു മണ്ഡലങ്ങളിലെയും മണ്ഡലം, ജില്ലാ ഭാരവാഹികള്‍, മുതിര്‍ന്ന അംഗങ്ങള്‍ എന്നിവരില്‍ സര്‍വെ നടത്തിയാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയിരിക്കുന്നത്. അങ്കമാലിയില്‍ സംസ്ഥാന സെക്രട്ടറി പി.പി. ദിവാകരന്‍, കോവളത്ത് നിര്‍വാഹകസമിതി അംഗം അഡ്വ. നിസാര്‍ അഹമ്മദ്, ചിറ്റൂരില്‍ ട്രഷറര്‍ ആര്‍. മുഹമ്മദ് ഷാ, തിരുവല്ലയില്‍ വൈസ് പ്രസിഡന്റ് രാമചന്ദ്രകുറുപ്പ്, വടകരയില്‍ സെക്രട്ടറിമാരായ അഡ്വ. മുരുകദാസ്, എന്‍.എ. ജോണികുട്ടി എന്നിവരുമാണു സ്ഥാനാര്‍ഥി സര്‍വെയ്ക്ക് നേതൃത്വം നല്‍കിയത്.

Scroll To Top