Sunday December 04, 2016
Latest Updates

ജയലളിതയുടെ രോഗസ്ഥിതി ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍ 

ജയലളിതയുടെ രോഗസ്ഥിതി ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍ 

ചെന്നൈ: കരള്‍ രോഗം കലശലായതിനെ തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ സിംഗപ്പൂരിലോ അമേരിക്കയിലോ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി പോകുമെന്ന് അഭ്യൂഹം പരക്കുന്നു.

ഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധി കഴിഞ്ഞ ദിവസം വെടിപൊട്ടിച്ചതോടെയാണ് തലൈവിയുടെ ആരോഗ്യനിലയെക്കുറിച്ച് അഭ്യുഹങ്ങള്‍ പരന്നിരിക്കുന്നത്. ഇതിനു മുന്‍പു തന്നെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഈ വിഷയം ചര്‍ച്ചയായിരുന്നു.നക്കീരന്‍ വാരിക കഴിഞ്ഞ ആഴ്ച്ച തന്നെ ഒരു പ്രത്യേക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചീരുന്നെങ്കിലും ജയയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വാര്‍ത്ത നിഷേധിച്ചില്ല.
കരള്‍ മാറ്റ ശസ്ത്രക്രിയ അത്യാവശ്യമാണെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്. ചെന്നൈയില്‍ ചൊവ്വാഴ്ച ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് കലൈഞ്ജര്‍ ബോംബു പൊട്ടിച്ചത്.

മുഖ്യമന്ത്രി ഇല്ലാത്ത ഏക സംസ്ഥാനം തമിഴ്‌നാടാണ്. അസുഖബാധിതയായതിനാല്‍ ജയലളിതയ്ക്ക് ജോലി ചെയ്യാനാവുന്നില്ല. ജനാധിപത്യത്തില്‍, ഒരു മുഖ്യമന്ത്രിയുടെ അസുഖവിവരം മറച്ചു വയ്ക്കുന്നത് ഭൂഷണമല്ല. മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ ബുള്ളറ്റിന്‍ ഇറക്കണം എന്നായിരുന്നു കരുണാനിധിയുടെ ആവശ്യം.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റവിമുക്തയായ ശേഷം മേയ് 23ന് ജയലളിത വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ചടങ്ങ് ആകെ 25 മിനിട്ടാണ് നീണ്ടത്.

സത്യപ്രതിജ്ഞാചടങ്ങില്‍ ജയാ ടി.വിയും സര്‍ക്കാര്‍ മാദ്ധ്യമങ്ങളും മാത്രമാണ് അനുവദിക്കപ്പെട്ടത്. 28 മന്ത്രിമാരും 14 പേര്‍ വീതമുള്ള രണ്ട് ബാച്ചുകളായി ‘കൂട്ടസത്യപ്രതിജ്ഞ’യാണ് ചെയ്തത്. ഇതും ജയയുടെ അനാരോഗ്യം കാരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂലായ് ആദ്യം നടന്ന ഇഫ്താര്‍ പരിപാടിയിലും ജയലളിത പങ്കെടുത്തിരുന്നില്ല. പകരം ധനമന്ത്രിയും തന്റെ വിശ്വസ്തനുമായ പനീര്‍ശെല്‍വത്തെയാണ് ജയ അയച്ചത്. ആരോഗ്യ കാരണങ്ങളാല്‍ ഇഫ്താറില്‍ പങ്കെടുക്കുന്നില്ല എന്നായിരുന്നു ജയയുടെ വിശദീകരണം.

മുഖ്യമന്ത്രിയായി തിരിച്ചെത്തിയ ശേഷം ചെന്നൈ മെട്രോയുടെ ഉദ്ഘാടന ചടങ്ങും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയായിരുന്നു ജയ നിര്‍വഹിച്ചത്. ആ ചടങ്ങിലും അണ്ണാ ഡി.എം.കെയുടെ ഉടമസ്ഥതയിലുള്ള ജയ ടി.വിക്കും സര്‍ക്കാര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും മാത്രമാണ് പ്രവേശനം അനുവദിച്ചത്. ഇതോടെയാണ് ജയയ്ക്ക് സാരമായ എന്തോ പ്രശ്‌നമുണ്ടെന്ന് പരക്കെ ശ്രുതി പരന്നത്.

Scroll To Top