Wednesday September 20, 2017
Latest Updates

28 കിലോ സ്വര്‍ണ്ണം,800 കിലോ വെള്ളി,10500 സാരികള്‍ ….ജയലളിതയ്‌ക്കെതിരെ പരാതി പര്‍വ്വം ,മുഖ്യമന്ത്രി സ്ഥാനം പോയി,ഇനി ജയിലിലേയ്ക്ക്

28 കിലോ സ്വര്‍ണ്ണം,800 കിലോ വെള്ളി,10500 സാരികള്‍ ….ജയലളിതയ്‌ക്കെതിരെ പരാതി പര്‍വ്വം ,മുഖ്യമന്ത്രി സ്ഥാനം പോയി,ഇനി ജയിലിലേയ്ക്ക്

ബംഗളൂര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് നാലുവര്‍ഷം തടവ്ശിക്ഷ. കൂടാതെ ജയലളിതയുള്‍പ്പെടെ നാലു പ്രതികള്‍ 100 കോടി രൂപ പിഴയടയ്ക്കണമെന്നും ബംഗളൂരുവിലെ പ്രത്യേക കോടതി വിധിച്ചു. കേസില്‍ ജയലളിത, അടുത്ത അനുയായി ശശികല, ശശികലയുടെ ബന്ധു ഇളവരശി, വളര്‍ത്തു പുത്രന്‍ സുധാകരന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

ജയലളിതയ്ക്ക് ഉടന്‍ ജാമ്യം ലഭിക്കില്ല. കോടതിയില്‍ നിന്നും തന്നെ അവരെ ജയിലിലേയ്ക്ക് മാറ്റിക്കഴിഞ്ഞു..

അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ നാലു വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ തത്കാലം ബാംഗ്‌ളൂരിലെ പരപ്പന അഗ്രഹാര ജയിലില്‍ അടയ്ക്കും. എന്നാല്‍, ശിക്ഷ കേട്ടുടന്‍ രാഷ്ട്രീയക്കാരുടെ പതിവു ശൈലിയില്‍ നെഞ്ചുവേദനയും ക്ഷീണവും അനുഭവപ്പെട്ട ജയലളിതയെ ജയില്‍ വളപ്പിലെ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി ഉള്‍പ്പെടെയുള്ള പ്രതികള്‍ കഴിയുന്ന ജയിലാണ് പരപ്പന അഗ്രഹാരയിലേത്. മഅദനിയെ പുറത്തുവിടുന്നതിനെ ഏറ്റവുമധികം എതിര്‍ത്തിരുന്നു വ്യക്തികളില്‍ ഒരാളായ ജയലളിതയും ഒടുവില്‍ അവിടെ അടയ്ക്കപ്പെട്ടു എന്നത് വൈരുദ്ധ്യമാകാം.

ഈ ജയില്‍ വളപ്പില്‍ തന്നെയാണ് ജയയുടെ കേസ് പരിഗണിച്ച പ്രത്യേക കോടതി പ്രവര്‍ത്തിക്കുന്നത്.

മുഖ്യമന്ത്രിസ്ഥാനവും എം.എല്‍.എസ്ഥാനവും രാജിവെക്കണം. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് അയോഗ്യരാക്കപ്പെടുന്ന ആദ്യ മുഖ്യമന്ത്രിയാണ് ജയലളിത. രാഷ്ട്രീയപ്രേരിതമായ കേസ്സാണെന്നായിരുന്നു കോടതിയില്‍ ഇതിനോ്ട് ജയലളിതയുടെ പ്രതികരണം.

അപ്പീല്‍ പോയി ഹൈക്കോടതിയോ, സുപ്രീംകോടതിയോ കുറ്റവിമുക്തയാക്കുന്നതു വരെ അധികാരത്തിനു പുറത്തിരിക്കേണ്ടി വരും. ആറു വര്‍ഷത്തേക്കു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനും വിലക്കുണ്ടാകും എന്നതാണു മറ്റൊരു തിരിച്ചടി.

ജയലളിത തന്റെ രാഷ്ട്രീയ ഗ്രാഫിന്റെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് അഴിമതിക്കേസിലെ വിധി വരുന്നത്. അവര്‍ ഇന്ന് തമിഴ്‌നാട്ടിലെ ഏറ്റവും ശക്തയായ നേതാവാണ്. എതിരാളികള്‍ ഏറ്റവും ദുര്‍ബലരും. കരുണാനിധിക്കും ഡിഎംകെക്കും ജയക്കെതിരെ അനങ്ങാന്‍ പോലും ത്രാണിയില്ലാത്ത അവസ്ഥ.

കോടതി ബാംഗ്‌ളൂരിലാണ്. ജയലളിതയുടെ ഭരണത്തിന്‍ കീഴില്‍ ചെന്നൈയിലെ പ്രത്യേക കോടതിക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി ഡിഎംകെ സുപ്രീംകോടതിയില്‍ പോയി. സുപ്രീംകോടതി ഉത്തരവു പ്രകാരം കോടതിയുടെ പ്രവര്‍ത്തനം ബാംഗ്‌ളൂരിലേക്കു മാറ്റുകയായിരുന്നു.

ജയലളിത ആദ്യമായി മുഖ്യമന്ത്രിയായ 1991–96 കാലയളവില്‍ 66.65 കോടി രൂപയുടെ അനധികൃത സ്വത്തു സമ്പാദിച്ചുവെന്നാണു കേസ്. ഇതിനു തോഴി ശശികലയും ബന്ധുക്കളായ സുധാകരന്‍, ഇളവരശി എന്നവര്‍ കൂട്ടുനിന്നു. ഇവരും ഈ കേസില്‍ ശിക്ഷിക്കപ്പെട്ടു.

28 കിലോ സ്വര്‍ണം, തമിഴ്‌നാട്ടില്‍ പലയിടങ്ങളിലും ഭൂമി, നീലഗിരിയില്‍ തേയിലത്തോട്ടം, 800 കിലോ വെള്ളി, 10,500 സാരികള്‍, 750 ജോഡി ചെരുപ്പുകള്‍, 91 വാച്ചുകള്‍ എന്നിവ സമ്പാദിച്ചുവെന്നു കുറ്റപത്രത്തില്‍ പറയുന്നു.

വിധി എതിരായാല്‍ തന്നെ , മുമ്പൊരിക്കല്‍ ചെയ്തതു പോലെ മറ്റൊരാളെ മുഖ്യമന്ത്രിയാക്കി മുന്നില്‍ നിര്‍ത്തി സെന്റ് ജോര്‍ജ് കോട്ടയിലിരുത്തി പോയസ് ഗാര്‍ഡനിലിരുന്നു ജയ തുടര്‍ന്നും തമിഴകം ഭരിക്കുമെന്നു എതിരാളികര്‍ക്കും നന്നായറിയാം.

നേരത്തേ, പനീര്‍ശെല്‍വത്തെ തനിക്കു പകരം കസേരയില്‍ ഇരുത്തിയായിരുന്നു ജയലളിത ഭരണം നടത്തിയത്.

അഴിമതിക്കേസില്‍ മുഖ്യമന്ത്രി ജയലളിത കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയതോടെ തമിഴ്‌നാട്ടില്‍ വ്യാപക അക്രമം. പലയിടത്തും സ്ത്രീകളടക്കമുള്ള അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. വാഹനങ്ങള്‍ തടയുകയും കടകമ്പോളങ്ങള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയും ചെയ്തു.

ഡി.എം.കെ പ്രസിഡന്റ് എം.കരുണാനാധിയുടെ കോലവും പോസ്റ്ററുകളും കത്തിച്ചായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. കരുണാനിധിയുടെ വീടിന് മുന്നിലും പ്രതിഷേധം നടന്നു. ഡി.എം.കെ പ്രവര്‍ത്തകരും എ.ഡി.എം.കെ പ്രവര്‍ത്തകരുമായി ഏറ്റുമുട്ടലുണ്ടായി.

ചെന്നൈ അമ്പത്തൂരില്‍ തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസ് പ്രതിഷേധക്കാര്‍ കത്തിച്ചു. മധുരയില്‍ കാറും ബസും കത്തിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍, നാഗര്‍കോവില്‍ വഴിയുള്ള ബസ് സര്‍വീസ് കെ.എസ്.ആര്‍.ടി.സി നിറുത്തിവച്ചു. പ്രതിഷേധക്കാരെ നേരിടാന്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

എ.ഡി.എം.കെയുടെ ശക്തികേന്ദ്രങ്ങളില്‍ വൈദ്യുതി വിതരണവും ടെലിവിഷന്‍ കേബിള്‍ വഴിയുള്ള സംപ്രേഷണവും നിര്‍ത്തിവച്ചു. വിധിയുടെ വിശദാംശങ്ങള്‍ ടിവിയിലൂടെ ജനം അറിയാതിരിക്കാനാണ് വൈദ്യുതി വിച്‌ഛേദിച്ചത്.

Scroll To Top