Friday December 09, 2016
Latest Updates

ലൈംഗിക കുറ്റകൃത്യങ്ങള്‍: ഐറിഷ് ജയിലുകളില്‍ കഴിയുന്നവരുടെ എണ്ണം കൂടുന്നു

ലൈംഗിക കുറ്റകൃത്യങ്ങള്‍: ഐറിഷ് ജയിലുകളില്‍ കഴിയുന്നവരുടെ എണ്ണം കൂടുന്നു

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ജയിലില്‍ കഴിയുന്നവരില്‍ വലിയൊരു വിഭാഗവും ലൈംഗിക കുറ്റവാളികളാണെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരുടെ എണ്ണം 397 ആണെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍ ഫ്രാന്‍സസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് വ്യക്തമാക്കി. ഡോളില്‍ ഗ്രീന്‍ പാര്‍ട്ടി നേതാവ് ഈമണ്‍ റയാന്റെ ആവശ്യപ്രകാരമായിരുന്നു മന്ത്രി വിവരങ്ങള്‍ പരസ്യമാക്കിയത്.

കൊലപാതകക്കേസുകളില്‍ ജയിലില്‍ കഴിയുന്നവരുടെ എണ്ണം 448 ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കവര്‍ച്ചയ്ക്ക് പിടിക്കപ്പെട്ടവരാണ് ജയിലിലെ ഭൂരിപക്ഷം ആളുകളും.792 പേരെയാണ് ഇത്തരത്തില്‍ ജയിലിലടച്ചിരിക്കുന്നത്. വധഭീഷണി മുഴക്കിയതിന്റെ പേരില്‍ 575 പേര്‍ ജയില്‍ ശിക്ഷയനുഭവിക്കുന്നുണ്ട്.

മയക്കുമരുന്ന് കേസുകളില്‍പ്പെട്ട ജയിലില്‍ കഴിയുന്നവരുടെ എണ്ണം 417 ആണ്. കൊള്ള നടത്തിയതിന് 374 പേര്‍ ശിക്ഷയനുഭവിക്കുന്നു. പിടിച്ചുപറി തുടങ്ങിയ കുറ്റങ്ങള്‍ക്കായി പിടിക്കപ്പെട്ട 126 പേരാണ് രാജ്യത്തെ ജയിലുകളിലുള്ളത്. ആയുധങ്ങളും സ്‌ഫോടന വസ്തുക്കളും കൈവശം വച്ചതിന് പിടിക്കപ്പെട്ട 138 പേരും ജയിലിലുണ്ട്.

ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട് 59 പേരാണ് ജയില്‍ശിക്ഷ അനുഭവിക്കുന്നത്. പൊതുസ്ഥലത്തെ മര്യാദയില്ലാത്ത പെരുമാറ്റത്തിന് 50 പേരും ശിക്ഷയനുഭവിക്കുന്നു.

ഓര്‍ഗനൈസ്ഡ് ക്രൈമിന്റെ പേരിലും, രാജ്യദ്രോഹക്കുറ്റത്തിന്റെ പേരിലും പിടിക്കപ്പെട്ട 68 പേര്‍ ജയില്‍ശിക്ഷയനുഭവിക്കുമ്പോള്‍, തട്ടിക്കൊണ്ടുപോകല്‍ പോലെയുള്ള കുറ്റങ്ങള്‍ക്ക് ശിക്ഷയനുഭവിക്കുന്നവര്‍ 43 പേരാണ്.

തട്ടിപ്പു നടത്തി പിടിക്കപ്പെട്ട 65 പേരാണ് ജയില്‍ശിക്ഷ അനുഭവിക്കുന്നത്. വസ്തുവകകള്‍ നശിപ്പിച്ചതിന് പിടികൂടിയ 80 പേരെ ജയിലിലടച്ചിട്ടുണ്ട്. ഇതിനു പുറമെ ചെറിയ കുറ്റകൃത്യങ്ങള്‍ക്കായി ശിക്ഷിക്കപ്പെട്ട് 100 പേരും ലോക്കപ്പില്‍ കഴിയുന്നു.

ലൈംഗിക കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടവരില്‍ പീഡനം, ലൈംഗികാതിക്രമം, ചൈല്‍ഡ് പോണോഗ്രഫി പ്രചരിപ്പിക്കുക എന്നീ കുറ്റങ്ങള്‍ ചെയ്തവരും ഉള്‍പ്പെടും. ഈ വര്‍ഷം ഇവരില്‍ 104 പേര്‍ ജയില്‍മോചിതരാകും. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെട്ടവരെ പരിപാലിക്കാനായി മാത്രം വര്‍ഷം 96,000 യൂറോയാണ് ചെലവ്. ആകെ 3,762 കുറ്റവാളികളാണ് വിവിധ കേസുകളിലായി ശിക്ഷയനുഭവിക്കുന്നത്.

Scroll To Top