Sunday December 04, 2016
Latest Updates

ജഡ്ജിമാരെ ശുംഭന്‍മാരെന്ന് വിളിച്ച എം വി ജയരാജന്‍ ജയിലിലേയ്ക്ക് 

ജഡ്ജിമാരെ ശുംഭന്‍മാരെന്ന് വിളിച്ച എം വി ജയരാജന്‍ ജയിലിലേയ്ക്ക് 

ന്യൂഡല്‍ഹി: ജഡ്ജിമാരെ ശുംഭന്മാരെന്ന് വിളിച്ച സി.പി.എം നേതാവ് എം.വി ജയരാജന് ആറു മാസത്തെ തടവുശിക്ഷ വിധിച്ച ഹൈക്കോടതി വിധി സുപ്രീം കോടതി നാലാഴ്ചയായി ചുരുക്കി. വിധി അംഗീകരിക്കുന്നുവെന്നു ജയരാജന്‍ പറഞ്ഞു. ഇതോടെ, ജയരാജന്‍ ജയിലില്‍ പോകുമെന്ന് ഉറപ്പായി.

ആറു മാസത്തെ ശിക്ഷാവിധി റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടാണ് ജയരാജന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കൂടാതെ 2,000 രൂപ പിഴയും ഹൈക്കോടതി ചുമത്തിയിരുന്നു.

പൊതുനിരത്തിലെ യോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി വിധിക്കെതിരേ പ്രതികരിക്കവേയാണ് ജഡ്ജിമാരെ ജയരാജന്‍ ശുംഭന്മാരെന്നു വിളിച്ചത്. ഇതിന്‍പ്രകാരം കോടതി സ്വമേധയാ കേസെടുത്ത് ജയരാജനെ ശിക്ഷിക്കുകയായിരുന്നു.

ജസ്റ്റീസ് സി എന്‍ രാമചന്ദ്രന്‍ നായരാണ് പൊതുനിരത്തിലെ യോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.ജയരാജന്റെ പരാമര്‍ശത്തിനെതിരെ ആദ്യ കേസ് എടുത്തതും അദ്ദേഹം തന്നെയായിരുന്നു.അന്നത്തെ സര്‍ക്കാര്‍ അതിനെതിരെ ജയരാജന് അനുകൂലമായ നീക്കം നടത്തിയിരുന്നു.

വിധി പുറപ്പെടുവിച്ച ജഡ്ജി തന്നെയാണ് നിയമാനുസൃതം റിവ്യൂ ഹര്‍ജി പരിഗണിക്കുന്ന ബഞ്ചില്‍ ഉണ്ടാവേണ്ടതെന്നും ഇത് മനസിലാക്കാതെ ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവരോട് ഒന്നും പറയാനില്ലെന്നും അന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. 

പൊതുനിരത്തില്‍ യോഗം പാടില്ലെന്ന വിധി പൊതുതാല്പര്യം അനുസരിച്ചാണെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. പൊതു താല്പര്യത്തിനെതിരെ എങ്ങനെ റിവ്യൂ ഹര്‍ജി നല്കാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. ന്യായാധിപന്മാര്‍ വിഡ്ഢികളാണെന്ന് സര്‍ക്കാര്‍ പറയുന്നുവെന്ന അവസ്ഥയുണ്ടാകരുതെന്നു ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ പറഞ്ഞതോടെ കേരളാ സര്‍ക്കാര്‍ പത്തിമടക്കുകയായിരുന്നു. 

ഇന്നലെ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതിയും ജയരാജനെ നിശിതമായി വിമര്‍ശിച്ചു. പറയരുതാത്ത പരാമര്‍ശമാണ് ജയരാജന്‍ നടത്തിയതെന്ന് കോടതി അഭിപ്രായപ്പെട്ടു. ജയരാജന്റെ പരാമര്‍ശങ്ങള്‍ ജുഡിഷ്യറിയെ അപമാനിക്കുന്നതാണ്.

പരാമര്‍ശങ്ങള്‍ പിന്‍വലിക്കാനോ, ക്ഷമാപണം നടത്താനോ ഒരിക്കലും ജയരാജന്‍ തയാറായില്ല. ഹൈക്കോടതി ഉത്തരവ് ലംഘിക്കാന്‍ പരസ്യ ആഹ്വാനം ചെയ്യുന്നതായിരുന്നു ജയരാജന്റെ പ്രവൃത്തി, ജസ്റ്റിസ് വിക്രംജിത് സെന്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

Scroll To Top