Monday March 19, 2018
Latest Updates

അയര്‍ലണ്ടിലെ ഡിജിറ്റല്‍ മേഖലയിലുള്ള ജോലി സാധ്യതകളെക്കുറിച്ച് ഡബ്ലിന്‍ മലയാളിയായ ഇട്ടീര ജോസഫ് പറയുന്നത് ….

അയര്‍ലണ്ടിലെ ഡിജിറ്റല്‍ മേഖലയിലുള്ള ജോലി സാധ്യതകളെക്കുറിച്ച് ഡബ്ലിന്‍ മലയാളിയായ ഇട്ടീര ജോസഫ് പറയുന്നത് ….

ബ്ലിനിലെ ലിങ്ക്ഡ് ഇന്‍ യൂറോപ്യന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ അസിസ്റ്റന്റ് അക്കൗണ്ടിങ് മാനേജരാണ് 25കാരനായ ഇട്ടീര ജോസഫ്. മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് കോളജില്‍ നിന്നും ബിരുദമെടുത്ത ശേഷമാണ് ഇട്ടി എന്ന് സുഹൃത്തുക്കള്‍ വിളിക്കുന്ന ഈ തൃശൂര്‍ക്കാരന്‍ അയര്‍ലണ്ടിലെത്തിയത്.2015ല്‍ ഡബ്ലിനില്‍ എത്തിയ ഇട്ടിക്ക് ഒരൊറ്റ വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ ആഗോളരംഗത്തെ പ്രശസ്തമായ കമ്പനിയില്‍ നിന്നും ജോലിയ്ക്ക് ക്ഷണമെത്തി.

ഇതാണ് അയര്‍ലണ്ടിന്റെ ഒരു മേന്മ. യൂറോപ്പിലെ പ്രധാന കമ്പനികള്‍ക്കൊക്കെ അയര്‍ലണ്ടില്‍ കേന്ദ്രങ്ങള്‍ ഉണ്ടെന്നതിനാല്‍ അയര്‍ലണ്ടില്‍ ഒരു കോഴ്‌സ് ചെയ്യുന്നവര്‍ക്ക് ഡിജിറ്റല്‍ മേഖലയില്‍ വമ്പന്‍ ജോലി സാധ്യതയാണുള്ളതെന്നാണ് ഡബ്ലിന്‍ സ്റ്റില്ലോര്‍ഗനിലെ താമസക്കാരനായ തൃശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ ഇട്ടീര ജോസഫ് വട്ടക്കുഴിയുടെ അഭിപ്രായം

മുംബൈയിലെ പഠന ശേഷം ഇട്ടീര ചെയ്തത് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ ഒരു മാസ്റ്റേഴ്‌സ് ഡിഗ്രി എടുക്കുകയാണ്. യൂണിവേഴ്‌സിറ്റി കോളജ് ഡബ്ലിന് കീഴിലുള്ള ബ്‌ളാക്ക് റോക്കിലെ സ്മര്‍ഫിറ്റ് സ്‌കൂള്‍ ഓഫ് ബിസിനസ് ആയിരുന്നു ഈ അപൂര്‍വ്വ കോഴ്‌സിന് സൗകര്യമൊരുക്കിയിരുന്നത്.യുഎസിലും ഈ കോഴ്‌സുണ്ട്. എന്നാല്‍ അയര്‍ലണ്ടിലുള്ളതിനെക്കാള്‍ അഞ്ചിരട്ടി അധികമാണ് ഫീസ്.അത് കൊണ്ട് തന്നെ അയര്‍ലണ്ട് തിരഞ്ഞെടുത്തു.ലോകത്തെ ഏറ്റവും മികച്ച ടെക്ക് കമ്പനികളില്‍ പലതിന്റെയും ഹെഡ്ക്വാര്‍ട്ട്‌ഴ്‌സ് തന്നെ ഡബ്ലിനിലാണ്. അതിനാല്‍ത്തന്നെ മികച്ച ടെക്ക് ജോലികള്‍ ആഗ്രഹിക്കുന്നവരെ മാടി വിളിക്കുകയാണ് അയര്‍ലണ്ട്. ഇയുവിന് പുറത്തുള്ളവര്‍ക്ക് യുകെയിലെക്കാള്‍ ജോലി സാധ്യതകളുള്ളതും അയര്‍ലണ്ടിലാണ്.

ടെക്ക് കമ്പനികള്‍ ശരാശരി 35,000 മുതല്‍ 50,000 യൂറോ വരെയാണ് ഇവിടെ ശമ്പളം നല്‍കുന്നത്. എക്‌സ്പീരിയന്‍സ് അനുസരിച്ച് ഇത് 100,000 യൂറോ വരെ ഉയരാം.

ജീവിക്കാനും ഏറെ സുഖകരമാണ് അയര്‍ലണ്ട് എന്നാണ് ഇട്ടീര ജോസഫിന്റെ പക്ഷം.നല്ല സൗഹൃദവും,സുഖശീതളമായ കാലാവസ്ഥയും സഞ്ചാരികള്‍ക്ക് ആവോളം അനുഭവിക്കാനാവും അയര്‍ലണ്ടില്‍.

അയര്‍ലണ്ടിലെ പഠനം താന്‍ ആസ്വാദ്യകരമാക്കുകയായിരുന്നു എന്നാണ് ഇട്ടിയുടെ പക്ഷം.

യൂ സി ഡിയിലെ ഒരു വര്‍ഷത്തെ പഠനത്തിനിടയില്‍ എട്ടുമാസത്തോളം ലോക്കല്‍ ഏരിയയിലെ സംരംഭങ്ങളോട് ചേര്‍ന്ന് ഇന്റേണ്‍ ഷിപ്പ് ചെയ്യാന്‍ കഴിഞ്ഞുവെന്നത് തുടര്‍ന്നും അയര്‍ലണ്ടില്‍ തന്നെ ഒരു ജോലി കണ്ടെത്താന്‍ സഹായകമായി.ഡബ്ലിനിലെ ഹൌസ് മൈ ഡോഗ് എന്ന കമ്പനിയില്‍ പ്ലേസ്‌മെന്റ് കണ്ടെത്തിയത്,പഠിച്ചത് ഉപയോഗിക്കാനാകുമോ എന്ന പരീക്ഷണത്തിനായിരുന്നു.ഏവരുടെയും പ്രശംസയര്‍ഹിക്കുന്ന വിധം ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് ജോലിയ്ക്ക് സഹായകമായി.കോളജില്‍ പഠിച്ചെടുത്ത തിയറികള്‍ പരീക്ഷിക്കാന്‍ പഠനത്തോടൊപ്പം സമയം കണ്ടെത്തിയെന്നത് ഇന്റര്‍വ്യൂകളില്‍ അധിക യോഗ്യതയായി.പരീക്ഷയിലെ മാര്‍ക്കുകളും ഗ്രേഡുകളും മാത്രം നോക്കുന്ന കാലമല്ല ഇത്.ഇട്ടി ജോസഫ് പറയുന്നു.

പഠനശേഷം ഒരു വര്‍ഷം സ്‌റേറ ബാക്ക് ലഭിക്കുന്നു എന്നതും,ഭാഷയുടെ ആനുകൂല്യവും അയര്‍ലണ്ടിലെ പഠനം പ്രയോജനപ്പെടുത്തുവാന്‍ വിദ്യാര്‍ഥികള്‍ക്ക് സഹായകമാകുന്നു.ഒരു വര്‍ഷത്തെ ജോലി ഭംഗിയായി നിര്‍വഹിച്ചാല്‍ തുടര്‍ന്നുള്ള ജോലിയ്ക്ക് സാധ്യത കൂടുമെന്നതില്‍ സംശയം വേണ്ട.

ആരും തുനിഞ്ഞിറങ്ങാത്ത ചില മേഖലകളില്‍ അയര്‍ലണ്ടില്‍ പരീക്ഷിക്കാനും ഇട്ടി മടിച്ചില്ല.ലക്ഷ്യമിട്ടിരുന്ന മികച്ച കമ്പനികളില്‍ ജോലി ചെയ്യുന്നവരെ തേടിപ്പിടിച്ച് എങ്ങനെ ജോലിയിലെത്തിയെന്നുള്ള അന്വേഷണങ്ങള്‍ നടത്താന്‍ ശ്രമിച്ചത് സാഹസികമായി ആയിരുന്നു.അവിടെയും നല്ലവരായ ‘ഐറിഷ് മനസുള്ളവരുടെ’പിന്തുണ കിട്ടി.

പരമ്പരാഗത ബയോഡാറ്റകളില്‍ നിന്നും വ്യത്യസ്തമായി സ്വന്തം സ്‌റ്റൈലില്‍ സി വി യുണ്ടാക്കിയെടുത്തതും ലക്ഷ്യത്തിലെത്തുക എന്ന സിമ്പിള്‍ ഉദ്ദേശത്തിലായിരുന്നു!

പഠിച്ച യൂണിവേഴ്സിറ്റി ഓരോ പഠിതാവിനെയും പ്രത്യേക കരുതലോടെ കണ്ടുവെന്നതും പ്രാധാന്യമര്‍ഹിക്കുന്നു. യൂസിഡിയിലെ പഠനത്തിന് അതിന്റെതായ ഒരു ഗുണനിലവാരമാണ് ഐറിഷ്‌കാരും,തൊഴിലുടമകളും നല്‍കുന്നത്(ഒന്നാം സ്ഥാനത്ത് ട്രിനിറ്റി കോളജ് തന്നെ !)തൊഴില്‍ മേഖല കണ്ടെത്തുന്നതിനും,ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ ചൂണ്ടി കാട്ടുന്നതിനും കോളജ് കരിയര്‍ വെബ്സൈറ്റ് ഏറെ സഹായിച്ചു.ഇട്ടി ഐറിഷ് മലയാളിയോട് പറഞ്ഞു.

അയര്‍ലണ്ടില്‍ പഠനത്തിനെത്തുമ്പോള്‍ നല്ല കോളജുകളും കോഴ്സുകളും തിരഞ്ഞെടുക്കുന്നവര്‍ക്ക് നിരാശരാവേണ്ടി വരില്ലെന്നാണ് ഇട്ടി പറയുന്നത്.നല്ലൊരു ജോലി തേടുന്നവര്‍ക്ക് സ്വപ്നഭൂമി തന്നെയാണ് അയര്‍ലണ്ട് എന്ന കാര്യത്തില്‍ അതുകൊണ്ട് തന്നെ ഇട്ടിയ്ക്ക് സംശയവുമില്ല.
റെജി സി ജേക്കബ്

Scroll To Top