ഐടി ജോലി: അമേരിക്കയും യുകെയും വേണ്ട; ഇന്ത്യക്കാര്‍ക്ക് പ്രിയം അയര്‍ലണ്ട്!

ബാംഗ്ളൂര്‍:ഇന്ത്യയിലെ ഐ ടി വിദഗ്ദര്‍ക്ക് ഇപ്പോള്‍ ഏറ്റവും പ്രിയങ്കരമായ രാജ്യം ഏതാണ്? ഏവരും ഒരൊറ്റ സ്വരത്തില്‍ പറയുന്ന ഉത്തരമേയുള്ളൂ. അയര്‍ലണ്ട് തന്നെ.
അയര്‍ലണ്ടില്‍ ഒരു ജോലി കിട്ടുക എന്നതാണ് ഇന്ത്യന്‍ വിദഗ്ധരുടെ സ്വപ്നമെന്നാണ് ഇന്ത്യയിലെ ഐ ടി റിക്രൂട്ട്മെന്റ് കമ്പനികളും,സൈറ്റുകളും ഒരേപോലെ വ്യക്തമാക്കുന്നത്.
മികച്ച ശമ്പളത്തിന് പുറമെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ലഭിക്കുന്ന പ്രോത്സാഹനവും,ലളിതമായ കുടിയേറ്റ നിയമ സംവിധാനങ്ങളും,സംരംഭകര്‍ക്ക് ഫോറിന് ഇന്‍വെസ്റ്റ്മെന്റ് നടത്തുമ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങളും അയര്‍ലണ്ടിനെ ഐ ടി ക്കാര്‍ക്കിടയില്‍ പ്രിയങ്കരമാക്കുന്നു.ഇംഗ്ലീഷ് ഭാഷയുടെ ആനുകൂല്യമാണ് മറ്റൊരു ആനുകൂല്യം.യൂറോപ്യന്‍ യൂണിയനില്‍ നിന്നും യൂ കെ പുറത്തിറങ്ങുന്നതോടെ യൂറോപ്പില്‍ ഇംഗ്ലീഷ് മാതൃഭാഷയായുള്ള പ്രധാന രാജ്യമെന്ന പദവി അയര്‍ലണ്ടിന് കൈവരും.ചുരുക്കത്തില്‍ യൂറോപ്പിനെ ലോകവുമായി കണക്ട് ചെയ്യിക്കുന്ന പ്രധാനയിടമായി അയര്‍ലണ്ട് മാറുകയാണ്.
വിദേശത്തു തൊഴില്‍ തേടുന്ന ഇന്ത്യന്‍ ഐടി വിദഗ്ധര്‍ക്ക് ഏറെ പ്രിയങ്കരമായിരുന്ന യുഎസും യുകെയും ഇന്ന് അവരെ അത്രയധികം ആകര്‍ഷിക്കുന്നില്ല. യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതും ബ്രക്സിറ്റുമാണ് ഇന്ത്യന്‍ ഐടി വിദഗ്ധരെ ഈ പ്രമുഖ ഐടി വിപണികളില്‍നിന്ന് അകറ്റിയത്.
ഇന്ത്യയിലെ പ്രമുഖ ജോബ് പോര്‍ട്ടല്‍- ഇന്‍ഡീഡ് തയാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ വര്‍ഷം യുഎസില്‍ തൊഴില്‍ തേടിയ ഐടി വിദഗ്ധരുടെ എണ്ണത്തില്‍ 38 ശതമാനവും യുകെയില്‍ തൊഴില്‍ തേടിയവരുടെ എണ്ണത്തില്‍ 42 ശതമാനവും കുറവുണ്ടായി.എങ്കിലും കഴിഞ്ഞ വര്‍ഷവും ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ ഐ ടി വിദഗ്ദര്‍ ചെന്നെത്തിയ രാജ്യം അമേരിക്ക തന്നെയാണ്.
ബ്രക്സിറ്റ് പ്രഖ്യാപനം യുകെയില്‍നിന്ന് തൊഴില്‍ അന്വേഷകരെ അകറ്റി. അതേസമയം അയര്‍ലണ്ടിലേയ്ക്കും ജര്മനിയിലേയ്ക്കുമുള്ള തൊഴില്‍ അന്വേഷകരുടെ എണ്ണം വര്‍ധിച്ചു. അയര്‍ലണ്ടിലേയ്ക്ക് 20 ശതമാനവും ജര്‍മനിയിലേയ്ക്ക് 10 ശതമാനവും വര്‍ധനയുണ്ടായി. അതേ സമയം ഗള്‍ഫില്‍ തൊഴില്‍ തേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 21 ശതമാനം കുറവുണ്ടായി.
മൊത്തത്തില്‍ ഇന്ത്യയില്‍നിന്ന് വിദേശത്തു തൊഴില്‍ തേടുന്നവരുടെ എണ്ണത്തില്‍ അഞ്ചു ശതമാനം കുറവുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം യുകെയില്‍നിന്ന് ഇന്ത്യയിലേക്കു തൊഴില്‍തേടിയെത്തുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 25 ശതമാനം ഉയര്‍ന്നു. ഏഷ്യ- പസഫിക് മേഖലയില്‍നിന്ന് ഇന്ത്യയിലേയ്ക്കുള്ള തൊഴില്‍ അന്വേഷകരുടെ എണ്ണം 170 ശതമാനം കണ്ട് വര്‍ധിച്ചു.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ സുസ്ഥിര വളര്‍ച്ച കൈവരിക്കുന്നതും മറ്റു പ്രമുഖ തൊഴില്‍ വിപണികളിലെ രാഷ്ട്രീയ അനിശ്ചിതത്വവുമാണ് ഈ മാറ്റത്തിനു കാരണമെന്ന് ഇന്‍ഡീഡ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ശശി കുമാര്‍ ചൂണ്ടിക്കാട്ടുന്നു.
അടുത്ത വര്‍ഷങ്ങളില്‍ യൂറോപ്പിലേക്കുള്ള ഇന്ത്യന്‍ വിദഗ്ധരുടെ കുടിയേറ്റം വര്‍ദ്ധിക്കുമെന്നതില്‍ റിക്രൂട്ട്മെന്റ് മേഖലകളില്‍ ഉള്ളവര്‍ക്ക് സംശയങ്ങളേയില്ല.മികച്ച അടിസ്ഥാന സൗകര്യങ്ങളും,ആനുകൂല്യങ്ങളും പ്രഖ്യാപിക്കുകയും,കമ്പനി രൂപീകരണത്തിന് വരെ വ്യക്തിഗത സഹായം സര്‍ക്കാര്‍ തലത്തില്‍ ലഭിക്കുകയും ചെയ്യുന്ന രാജ്യമെന്ന നിലയില്‍ അയര്‍ലണ്ടിനോട് ഇപ്പോള്‍ ഐ ടി ജീവനക്കാര്‍ കാട്ടുന്ന താത്പര്യം തുടര്‍ന്നാല്‍ അയര്‍ലണ്ടിലെ ഇന്ത്യക്കാരുടെ എണ്ണത്തില്‍ കുതിച്ചു ചാട്ടം ഉണ്ടാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.