Wednesday December 07, 2016
Latest Updates

ഇത് ചരിത്രവിജയം ,ഇന്ത്യയും പുനരുപയോഗ സാദ്ധ്യമായ സ്‌പേസ് ഷട്ടിലുള്ള വന്‍ശക്തികളുടെ പട്ടികയിലേയ്ക്ക്

ഇത് ചരിത്രവിജയം ,ഇന്ത്യയും പുനരുപയോഗ സാദ്ധ്യമായ സ്‌പേസ് ഷട്ടിലുള്ള വന്‍ശക്തികളുടെ പട്ടികയിലേയ്ക്ക്

ശ്രീഹരിക്കോട്ട: ബഹിരാകാശ ദൗത്യ ചരിത്രത്തില്‍ പുതിയൊരദ്ധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സ്‌പേസ് ഷട്ടില്‍ (റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ ആര്‍എല്‍വി – ടിഡി) വിജയകരമായി വിക്ഷേപിച്ചു. പുനരുപയോഗ സാദ്ധ്യമായ സ്‌പേസ് ഷട്ടിലുള്ള വന്‍ശക്തികളുടെ പട്ടികയില്‍ ഇന്ത്യയെയും ഐഎസ്ആര്‍ഒ എത്തിച്ചിരിക്കുകയാണ്.

ഇന്നു രാവിലെ ഏഴു മണിക്കായിരുന്നു ഇന്ത്യന്‍ ബഹിരാകാശ ദൗത്യങ്ങളിലെ ഈ അപൂര്‍വ നേട്ടത്തിനു തുടക്കമായത്. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപണം.

അമേരിക്കയുടെ സ്‌പേസ് ഷട്ടിലിന്റെ അതേ മാതൃകയിലാണ് ഇന്ത്യന്‍ വാഹനവും ഒരുക്കിയിരിക്കുന്നത്. വിമാനത്തിന്റെ മാതൃകയിലുള്ള ഷട്ടിലിന് 6.5 മീറ്റര്‍ നീളമുണ്ട്, 1.55 ടണ്‍ ഭാരവും. യഥാര്‍ത്ഥ സ്‌പേസ് ഷട്ടിലിന് ഇതിനെക്കാള്‍ ആറു മടങ്ങ് വലുപ്പമുണ്ടാവും.

ഏഴ് മണിക്കൂര്‍ നീളുന്ന കൗണ്ട് ഡൗണ്‍ ശനിയാഴ്ച രാത്രി 12 ന് ആരംഭിച്ചിരുന്നു. ഖര ഇന്ധനം ഉപയോഗിക്കുന്ന ഒന്‍പത് ടണ്‍ ഭാരമുള്ള ബൂസ്റ്റര്‍ റോക്കറ്റിന്റെ അഗ്രത്ത് കുത്തനെയാണ് ഷട്ടില്‍ ഘടിപ്പിച്ചത്.

ബഹിരാകാശത്തേക്കുള്ള പ്രയാണത്തില്‍ 45 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയപ്പോള്‍ സ്‌പേസ് ഷട്ടില്‍ റോക്കറ്റില്‍ നിന്ന് വേര്‍പെട്ടു. തുടര്‍ന്ന് സ്വയം ജ്വലിച്ച ഷട്ടില്‍ 70 കിലോമീറ്റര്‍ ഉയരത്തില്‍ എത്തി പൊടുന്നനെ 180 ഡിഗ്രി പിന്നിലേക്ക് തിരിഞ്ഞ് ശബ്ദത്തിന്റെ അഞ്ച് മടങ്ങ് വേഗത്തില്‍ ഭൂമിയിലേക്ക് കുതിച്ച് ബംഗാള്‍ ഉള്‍ക്കടലിലെ വെര്‍ച്ച്വല്‍ റണ്‍വേയില്‍ സുരക്ഷിതമായി ഇറങ്ങുകയായിരുന്നു. ഇതിന് ഏകദേശം 20 മിനിറ്റ് സമയമെടുത്തു.

പരീക്ഷണം വിജയമാണെങ്കിലും ഇതൊരു ചെറിയ പടി മാത്രമാണ്. യഥാര്‍ത്ഥ സ്‌പേസ് ഷച്ചട്ടില്‍ സജ്ജമാവാന്‍ ഇനിയും പത്തു വര്‍ഷത്തിലധികം കാത്തിരിക്കണം. ഇപ്പോള്‍ കടലില്‍ ഇറക്കിയ ഷട്ടില്‍ അടുത്ത ഘട്ടത്തില്‍ ശ്രിഹരിക്കോട്ടയിലെ റണ്‍വേയില്‍ വിമാനം പോലെ ഇറക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കിരണ്‍കുമാര്‍ പറഞ്ഞു

Scroll To Top