Monday December 05, 2016
Latest Updates

രാഹുല്‍ കേരളത്തിലെന്ന് അഭ്യൂഹം! 

രാഹുല്‍ കേരളത്തിലെന്ന് അഭ്യൂഹം! 

കൊച്ചി: കാണാതായ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലുണ്ടെന്ന് പുതിയ കഥ. മുളന്തുരുത്തി ആമ്പല്ലൂരിന് സമീപമുള്ള ആയുര്‍വേദ റിസോര്‍ട്ടിലാണ് രാഹുല്‍ ഉള്ളതെന്നാണ് കഥ പരക്കുന്നത്.

എറണാകുളത്തിന്റെ അതിര്‍ത്തി ഗ്രാമത്തിലെ ഒറ്റപ്പെട്ട സ്ഥലത്തെ കേന്ദ്രത്തില്‍ രാഹുല്‍ ആയുര്‍വേദ ചികിത്സയിലാണത്രേ. ജനവാസം ഇല്ലാത്ത ഇവിടെ കുന്നിന്‍ മുകളിലാണ് റിസോര്‍ട്ട്. ഇരുപത് ഏക്കറോളം വളച്ചുകെട്ടിയ സ്ഥലത്താണ് റിസോര്‍ട്ട്.

വിഐപികളുടെ ഒരു സ്ഥിരം താവളമാണിത്. പുറമേ നിന്നുള്ളവര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ട്. ആയുര്‍വേദം. യോഗ, ധ്യാനം തുടങ്ങിയവക്കുള്ള സൗകര്യവും ശാന്തമായ അന്തരീക്ഷവുമാണ്.

രാഹുല്‍ ഇവിടെയുള്ള വിവരം പുറത്തുവിടരുതെന്ന് ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം കിട്ടിയിട്ടുണ്ടെന്നാണ് കഥ പ്രചരിക്കുന്നത്. ചികിത്സ കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ രാഹുല്‍ മടങ്ങുമെന്നാണ് കേള്‍ക്കുന്നത്.

ഏപ്രില്‍ 19ന് ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ കോണ്‍ഗ്രസിന്റെ പ്രക്ഷോഭമുണ്ടെന്നും രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്നും പാര്‍ട്ടി നേതാവ് ദിഗ് വിജയ് സിങ് അറിയിച്ചിട്ടുണ്ട്.

ഇക്കാര്യത്തെക്കുറിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിവില്ല. രാഹുല്‍ കേരളത്തിലുണ്ടെന്നതിന് ഔദ്യോഗിക സ്ഥിരീകരണവുമില്ല.

രണ്ടു മാസമായി പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് പോയ രാഹുല്‍ഗാന്ധി എവിടെയാണന്ന് ഇതുവരെ പാര്‍ട്ടി വ്യക്തമാക്കിയിട്ടില്ല. ഉത്തരാഖണ്ഡിലുണ്ടെന്ന് ഒരു കഥവന്നപ്പോള്‍ മ്യാന്‍മറിലെ കാട്ടിലാണെന്നായിരുന്നു മറ്റൊരു കഥ. തായ്‌ലന്‍ഡിലേക്ക് പോയതെന്നായിരുന്നു ആദ്യം പ്രചരിച്ചത്.

Scroll To Top