Sunday December 04, 2016
Latest Updates

ഐറിഷ് കത്തോലിക്കാ സഭ നഷ്ട്ടപരിഹാരം നല്‍കേണ്ടത് 742 മില്ല്യന്‍ യൂറോ ,44 വസ്തുവകകള്‍ സര്‍ക്കാരിന് വിട്ടു കൊടുത്തു 

ഐറിഷ് കത്തോലിക്കാ സഭ നഷ്ട്ടപരിഹാരം നല്‍കേണ്ടത് 742 മില്ല്യന്‍ യൂറോ ,44 വസ്തുവകകള്‍ സര്‍ക്കാരിന് വിട്ടു കൊടുത്തു 

ഡബ്ലിന്‍ :കോണ്‍വെന്റുകളുടെയും പള്ളികളുടെയും അധീനതയിലുള്ള സംരക്ഷണകേന്ദ്രങ്ങളില്‍ താമസിക്കവേ മാനസികവും ശാരീരികവുമായ പീഡയും അപമാനവും സഹിക്കേണ്ടി വന്നവര്‍ക്ക് നഷ്ട്ടപരിഹാരം നല്‍കുന്നതിനായി കത്തോലിക്കാ സഭയുടെ വിലപിടിപ്പുള്ള 44 വസ്തുവകകള്‍ സര്‍ക്കാരിന് വിട്ടു കൊടുത്തതായി വെളിപ്പെടുത്തല്‍.സ്‌കൂള്‍ കെട്ടിടങ്ങള്‍,കോണ്‍വെന്റുകള്‍,പള്ളിയോട് അനുബന്ധിച്ച കെട്ടിടങ്ങള്‍,മൈതാനങ്ങള്‍ തുടങ്ങി അയര്‍ലണ്ടില്‍ എമ്പാടുമുള്ള നിരവധി വസ്തുവകകളാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഇതേ വരെ വിട്ടു കൊടുത്തിരിക്കുന്ന സ്ഥലങ്ങളുടെ മൂല്യം വെറും 42 മില്ല്യന്‍ യൂറോ മാത്രമേ വരികയുള്ളു.സര്‍ക്കാരുമായി അയര്‍ലണ്ടിലെ 18 കത്തോലിക്കാ സന്ന്യാസവിഭാഗങ്ങള്‍ 2002 ല്‍ ഉണ്ടാക്കിയ നഷ്ട്ടപരിഹാര ഉടമ്പടി അനുസരിച്ച് 700 മില്യന്‍ യൂറോ കത്തോലിക്കാ സഭ നഷ്ട്ടപരിഹാരമായി നല്‌കേണ്ടതുണ്ട്.

2002 ന് മുമ്പേയുണ്ടായ പീഡനദുരുപയോഗ കേസുകളില്‍ കോടതി ചിലവായും നഷ്ട്ടപരിഹാരമായും നല്‍കേണ്ട 1.4 ബില്യന്‍ യൂറോ സര്‍ക്കാരും കത്തോലിക്കാ സഭയും തുല്യമായി വീതിച്ചു നല്‍കാം എന്നാതായിരുന്നു 2002 ലെ നഷ്ട്ടപരിഹാര ഉടമ്പടി.ആകെ നല്‍കേണ്ട 700 മില്യന്‍ യൂറോ നല്‍കണമെങ്കില്‍ കത്തോലിക്കാ സഭയുടെ ഒട്ടേറെ വസ്തു വകകള്‍ കൂടി സര്‍ക്കാരിന് വിട്ടു കൊടുക്കേണ്ടി വരും.സര്‍ക്കാരിന്റെ ധാരണയോടു ആദ്യം വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും നഷ്ട്ട പരിഹാരം നല്‍കാന്‍ സഭ പിന്നീട് സമ്മതിക്കുകകയായിരുന്നു.

ഇങ്ങനെ വിട്ടുകൊടുക്കേണ്ട വസ്തുവകകളുടെ ഒരു ലിസ്റ്റ് സഭയും സര്‍ക്കാരും ചേര്‍ന്ന് തയാറാക്കിയിട്ടുണ്ട്.ഇത് പ്രകാരം 61 സ്ഥലങ്ങളാണ് സഭ ഇതേ വരെ സര്‍ക്കാരിന് വിട്ടു കൊടുക്കാമെന്നു ധാരണയായിട്ടുള്ളത്. 

മെറിയോണിലെ 8.9 മില്യന്‍ യൂറോ വിലയുള്ള ഗ്രൗണ്ട് അടക്കം വിട്ടു കൊടുക്കാമെന്നു ധാരണയായിട്ടുള്ള എട്ട് വസ്തുക്കള്‍ ഒരു മില്യന്‍ യൂറോയില്‍ കൂടുതല്‍ വില മതിക്കുന്നതാണ്.റ്റെന്യൂറിലെ 4.5 മില്യന്‍ വിലയുള്ള സെക്കണ്ടറി സ്‌കൂള്‍,3.1 മില്യന്‍ വിലമതിയ്ക്കുന്ന ബ്ലാക്ക് റോക്കിലെ ടെമ്പിള്‍ ഹില്‍ സെന്റ് തെരേസാസ് കോണ്‍വെന്റ്,സഭയുടെ അധീനതയിലുള്ള ബ്ലാക്ക് റോക്കിലെ ട്രാവല്‍ സൈറ്റ് (3.1 മില്യന്‍),ഗോള്‍വേ ടുവാമിലെ രണ്ടു സ്ഥലങ്ങള്‍ (2.6 മില്യന്‍)കില്ലാര്‍ണിയിലെ ഹോളി ക്രോസ് ഗാര്‍ഡന്‍ (1.26 മില്യന്‍)എന്നിവയൊക്കെ വിട്ടു കൊടുക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

കത്തോലിക്കാ സഭയുടെ കീഴിലുള്ള വിവിധ കോണ്‍വെന്റുകളും സന്ന്യാസ സഭകളും നടത്തിയിരുന്ന ബാലസദനങ്ങള്‍,ദുര്‍ഗുണ പരിഹാര പാഠശാലകള്‍ ,ഇന്ഡസ്ട്രിയല്‍ സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ പീഡിപ്പിക്കപ്പെടുകയും മാനസികവും ശാരീരികവുമായി ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്തവര്‍ക്ക് നഷ്ട്ടപരിഹാരവും പുനരധിവാസവും നല്‍കാനായി സര്‍ക്കാര്‍ രൂപം കൊടുത്ത റസിഡന്‍ഷ്യല്‍ ഇന്‍സ്റ്റിട്യൂഷന്‍ നഷ്ട്ടപരിഹാരബോര്‍ഡാണ് സഭയുടെ സ്വത്തുക്കള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ നീക്കുന്നത്. 

വിവിധ സന്യാസ സഭകളുടെ 6700 വസ്തുവകകള്‍ കൂടാതെ 10700 വസ്തുക്കളുടെ ഉടമസ്ഥാവകാശം സ്വന്തമായി ഉണ്ടായിരുന്ന കത്തോലിക്കാ സഭയ്ക്ക് വര്‍ഷം തോറും ആസ്തി കുറഞ്ഞുകൊണ്ടിരിക്കുന്നതായാണ് കണക്കുകള്‍.

Scroll To Top