Thursday December 08, 2016
Latest Updates

ഇത്തവണ ഡിസംബര്‍ മഞ്ഞില്‍ പുതയും,’വൈറ്റ് ക്രിസ്മസ് പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷകര്‍ 

ഇത്തവണ ഡിസംബര്‍ മഞ്ഞില്‍ പുതയും,’വൈറ്റ് ക്രിസ്മസ് പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷകര്‍ 

ഡബ്ലിന്‍:ബ്രിട്ടനിലും അയര്‍ലണ്ടിലും ഇത്തവണത്തേത് മഞ്ഞില്‍ പൊതിഞ്ഞ ഒരു വൈറ്റ് ക്രിസ്തുമസ്സ് ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍.ഡബ്ലിന്‍, എഡിന്‍ബര്‍ഗ്,ഗ്ലാസ്‌ഗോ, ലണ്ടന്‍ എന്നിവിടങ്ങള്‍ മഞ്ഞു മൂടിയ ക്രിസ്തുമസ്സ് പുലരിയാവും കണി കണ്ട് ഉണരുക.എന്നാല്‍ ഗാള്‍വേയില്‍ അധികം മഞ്ഞ് ഉണ്ടാവാന്‍ ഇടയില്ലത്രേ.. 

വടക്കന്‍ അറ്റ്‌ലാന്റിക്കിലെ 1,500 മൈല്‍ വ്യാസത്തിലുള്ള സ്ഥലം തണുത്ത വെളളത്തില്‍ മൂടുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 1935 ന് ശേഷം ഏറ്റവും തണുത്ത് ഉറഞ്ഞ അവസ്ഥയിലാണ് ഇപ്പോള്‍ തന്നെ ഇവിടങ്ങളിലെ സമുദ്രപ്രദേശങ്ങള്‍.

ഓണ്‍ലൈന്‍ പന്തയക്കാരും ഇത്തവണത്തെ ആഘോഷം മഞ്ഞില്‍ പൊതിഞ്ഞതായിരിക്കും എന്നാണ് അവകാശപ്പെടുന്നത്.മഞ്ഞു മൂടിയ ക്രിസ്മസ് പ്രവചിച്ച് നൂറു കണക്കിന് പേരാണ് പന്തയക്കളത്തില്‍ കാശെറിയുന്നത്.

എന്തായാലും കഴിഞ്ഞ തവണ 6 അടി ഉയരത്തില്‍ വരെ മഞ്ഞു വീഴ്ച്ചയുണ്ടാകും എന്ന് പ്രവചിച്ചിരുന്നെങ്കിലും സ്ലൈഗോ,കാവന്‍ ഡോണഗല്‍,എന്നിവിടങ്ങളിലെ മലനിരകളില്‍ പോലും നാലരയടി ഉയരത്തില്‍ മാത്രമേ മഞ്ഞു വീണുള്ളൂ എന്നതിനാല്‍ പ്രവചനക്കാര്‍ പറയുന്നതൊന്നും അത്രക്കങ്ങു വിശ്വസിക്കാന്‍ ജനങ്ങള്‍ തയാറാവുന്നില്ല.കണ്ടറിയാം എന്ന നിലപാടില്‍ തന്നെയാണവര്‍. 

ശാസ്ത്ര കുതുകികളും,കാലാവസ്ഥ നിരീക്ഷകരും അതി ശൈത്യത്തിനും വൈറ്റ് ക്രിസ്മസിനും സാധ്യത പറയുന്നുണ്ടെങ്കിലും ഔദ്യോഗിക സര്‍ക്കാര്‍ ഏജന്‍സിയായ മെറ്റ് ഏറാന്‍ ഇതേ വരെ ഇത് സംബന്ധിച്ച് അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിട്ടില്ല.

അയര്‍ലണ്ടില്‍ അടുത്തിടെ നടന്ന മലയാളികളുടെ ഒരു ഗ്ലോബല്‍ ക്രൈസ്തവ മീറ്റില്‍ പ്രമുഖനായ ഒരു സുവിശേഷകനും അയര്‍ലണ്ട് ശക്തമായ ഹിമപാതത്തെ നേരിടാന്‍ പോകുന്നതായി പ്രവചിച്ചിരുന്നു.കൊടും ശൈത്യവും രോഗാവസ്ഥയും അയര്‍ലണ്ടിനെ കടുത്ത ദുരന്തകാലത്തിലേയ്ക്ക് നയിക്കും എന്നായിരുന്നു പ്രവചനം.

Scroll To Top