Wednesday December 07, 2016
Latest Updates

ഐറിഷ് വാട്ടര്‍:തത്കാലം പണം അടയ്ക്കരുത്, അടച്ച പണം തിരികെക്കൊടുക്കാന്‍ ആലോചന

ഐറിഷ് വാട്ടര്‍:തത്കാലം പണം അടയ്ക്കരുത്, അടച്ച പണം തിരികെക്കൊടുക്കാന്‍ ആലോചന

ഡബ്ലിന്‍: വാട്ടര്‍ ചാര്‍ജ്ജ് നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുപക്ഷം, ജനങ്ങള്‍ ഇതുവരെ ചാര്‍ജ്ജായി അടച്ച 140 മില്ല്യണ്‍ യൂറോയിലധികം വരുന്ന തുക തിരികെ കൊടുക്കേണ്ടി വരും. ഈ തുക പക്ഷേ വാട്ടര്‍ ചാര്‍ജ്ജായി യഥാര്‍ത്ഥത്തില്‍ ലഭിക്കേണ്ട തുകയുടെ പകുതിയില്‍ നിന്നും അല്‍പ്പം മാത്രം അധികമാണ്. കഴിഞ്ഞ വര്‍ഷം ആദ്യമാണ് രാജ്യത്ത് വാട്ടര്‍ ചാര്‍ജ്ജ് ഏര്‍പ്പെടുത്തിയത്.

ജനങ്ങളില്‍ നിന്നും ലഭിച്ച ഈ പണം ഐറിഷ് വാട്ടര്‍ ഉപയോഗിച്ചു തീര്‍ത്ത സ്ഥിതിക്ക്, ഇത് തിരിച്ചുകൊടുക്കണമെങ്കില്‍ മറ്റു വഴി തേടേണ്ടിവരും. 61%ഓളം ഉപഭോക്താക്കള്‍ കൃത്യമായി പണമടയ്ക്കുന്നുണ്ടെന്നാണ് ഈ വര്‍ഷമാദ്യം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. അതായത് 928,000 പേര്‍ ബില്ലുകള്‍ കൃത്യമായി അടച്ചിട്ടുണ്ട് എന്നര്‍ത്ഥം. പ്രോപ്പര്‍ട്ടി വില്‍ക്കുന്നവര്‍ വാട്ടര്‍ ചാര്‍ജ്ജ് പൂര്‍ണ്ണമായും അടച്ചിരിക്കണമെന്നാണ് 2015ല്‍ പ്രാബല്യത്തില്‍ വന്ന നിയമം അനുശാസിക്കുന്നത്. ചാര്‍ജ്ജ് അടയ്ക്കാത്തവരില്‍ നിന്നും ഈ തുക ശമ്പളത്തില്‍ നിന്നോ, ക്ഷേമപദ്ധതികളില്‍ നിന്നും ലഭിക്കുന്ന തുകയില്‍ നിന്നോ കുറവ് ചെയ്യാമെന്നും നിയമമുണ്ട്.

ഒരു മുതിര്‍ന്ന ആള്‍ മാത്രമാണ് വീട്ടിലുള്ളതെങ്കില്‍ 160 യൂറോയാണ് വാട്ടര്‍ ചാര്‍ജ്ജായി നല്‍കേണ്ടത്. വീട്ടില്‍ രണ്ടോ അതിലധികമോ മുതിര്‍വര്‍ ഉണ്ടെങ്കില്‍ 260 യൂറോ നല്‍കണം. രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് വാട്ടര്‍ കസര്‍വേഷന്‍ ഗ്രാന്റായി സാമൂഹ്യക്ഷേ വകുപ്പ് വര്‍ഷത്തില്‍ 100 യൂറോ നല്‍കുന്നുണ്ട്. ഇതുവരെ 889,925 രജിസ്റ്റേഡ് ഉപഭോക്താക്കള്‍ക്കായി ഇത്തരത്തില്‍ 88.9 മില്ല്യ യൂറോ ഗ്രാന്റായി നല്‍കിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിലും വാട്ടര്‍ ചാര്‍ജ് എത്രയും വേഗം അടയ്ക്കണം എന്നാവശ്യപ്പെട്ട് നിരവധി ഉപഭോക്താക്കളെ ഐറിഷ് വാട്ടര്‍ അധികൃതര്‍ ഫോണില്‍ വിളിയ്ക്കുന്നുണ്ട്.അതേസമയം ഇനി ആരും വാട്ടര്‍ ചാര്‍ജ്ജ് അടയ്‌ക്കേണ്ടതില്ല എന്ന വാദം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. പണമടച്ചവര്‍ക്ക് അത് തിരികെ നല്‍കണമെന്ന് ഫിനഗേലിന്റെ റിച്ചാര്‍ഡ് ബട്ടണും വ്യക്തമാക്കി.

Scroll To Top