Monday December 05, 2016
Latest Updates

ഐറിഷ് വാട്ടര്‍ ബില്‍ ഇനി അടയ്ക്കുന്നില്ലെന്ന് ആയിരക്കണക്കിന് പേര്‍!മലയാളികള്‍ക്കും തീരുമാനമെടുക്കേണ്ട സമയമായി

ഐറിഷ് വാട്ടര്‍ ബില്‍ ഇനി അടയ്ക്കുന്നില്ലെന്ന് ആയിരക്കണക്കിന് പേര്‍!മലയാളികള്‍ക്കും തീരുമാനമെടുക്കേണ്ട സമയമായി

ഡബ്ലിന്‍:അയര്‍ലണ്ടില്‍ എമ്പാടുമായി ആയിരക്കണക്കിന് പേര്‍ വാട്ടര്‍ ബില്‍ തുടര്‍ന്ന് അടയ്‌ക്കേണ്ടതില്ലെന്നു തീരുമാനമെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍.വാട്ടര്‍ ചാര്‍ജ് പിന്‍വലിച്ചേക്കുമെന്നും അടച്ച പണം തിരികെ ലഭിക്കില്ലെന്നും ഉറപ്പായ സാഹചര്യത്തിലാണ് ജനങ്ങള്‍ ഐറിഷ് വാട്ടറിനുള്ള ഡയറക്റ്റ് ഡബിറ്റ് ക്യാന്‍സല്‍ ചെയ്യാനായി തിരക്ക് കൂട്ടുന്നത് എന്ന് ബാങ്കുകളെയും ഐറിഷ് വാട്ടറിനെയും ഉദ്ധരിച്ചു കൊണ്ട് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദ്യ ഘട്ടത്തില്‍ ബില്ലടയ്ക്കാതെ മടിച്ചു നിന്ന ഉപഭോക്താക്കള്‍ സര്‍ക്കാര്‍ ലഭ്യമാക്കിയ 100 യൂറോയുടെ കാഷ് ക്രഡിറ്റ് ഇന്‍സന്റീവ് വാഗ്ദാനത്തോടെ ബില്ലടയ്ക്കുകയായിരുന്നു.വെറും 27% പേരില്‍ നിന്നും ബില്ലടച്ചവരുടെ സംഖ്യ 63 % വരെ ഉയര്‍ന്നിരുന്നു.928,000 ഉപഭോക്താക്കള്‍ ബില്ലടച്ചിരുന്നു.ഏതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും നിലവിലുള്ള അവസ്ഥയില്‍ വെള്ളത്തിന്റെ ചാര്‍ജ് പിന്‍വലിച്ചേക്കും എന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഐറിഷ് വാട്ടറിന്റെ മരണമണി മുഴങ്ങുന്നത്.

ബില്‍ അടയ്‌ക്കേണ്ടത് എല്ലാ പൌരന്മാരുടെയും കടമയാണ് എന്ന് തിരഞ്ഞെടുപ്പിന് ശേഷവും ഏന്‍ഡ കെന്നി പറഞ്ഞെങ്കിലും കൃഷി മന്ത്രി സൈമണ്‍ കോണ്‍വെ അടക്കമുള്ള നിരവധി ടി ഡി മാര്‍ വാട്ടര്‍ ചാര്‍ജ് പിന്‍വലിച്ചില്ലെങ്കില്‍ ഫിനഗേലിനു അധികാരത്തില്‍ തുടരാനാവശ്യമായ പിന്തുണ ലഭിക്കില്ലെന്ന് പരസ്യമായി ഓര്‍മ്മപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്.

65.34 യൂറോയുടെ ബില്ലാണ് 2 മുതിര്‍ന്നവരും 2 കുട്ടികളും ഉള്ള ഒരു കുടുംബം അടയ്‌ക്കേണ്ടത്.മാര്‍ച്ച് 8 നാണ് അടുത്ത ബില്ലിംഗ് ഡേറ്റ്.അതിനു മുമ്പേ സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ ക്യാന്‍സലാക്കാനുള്ള തിരക്കിലാണ് ഇടപാടുകാര്‍.അതേ സമയം സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പേ പണം അടയ്ക്കുന്നത് നിര്‍ത്തേണ്ടത്തില്ലെന്ന് കരുതുന്ന ഒരു ന്യൂപക്ഷവുമുണ്ട്.

എന്നാല്‍ ഐറിഷ് വാട്ടര്‍ നിര്‍ത്തലാക്കുന്നതോ വാട്ടര്‍ ബില്‍ വിവാദങ്ങളോ പുതിയ ഒരു സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ ബാധിക്കില്ലെന്നാണ് ഫിയാന ഫാള്‍ നേതാക്കള്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.അത് കൊണ്ട് തന്നെ ഐറിഷ് വാട്ടറിനെ സംബന്ധിച്ച അനിശ്ചിതത്വവും തുടരുകയാണ്.

Scroll To Top