Monday December 05, 2016
Latest Updates

ജയിലില്‍ കഴിയുന്ന മുസ്ലീം യുവാവിനു പകരമായി തന്നെ ജയിലില്‍ അടയ്ക്കണമെന്ന് ഐറിഷ് പുരോഹിതന്‍ 

ജയിലില്‍ കഴിയുന്ന മുസ്ലീം യുവാവിനു പകരമായി തന്നെ ജയിലില്‍ അടയ്ക്കണമെന്ന് ഐറിഷ് പുരോഹിതന്‍ 

ഡബ്ലിന്‍ :മുസ്ലിം ബ്രദര്‍ഹുഡിനു വേണ്ടി പ്രവര്‍ത്തിച്ചു എന്ന കുറ്റത്തിന് ഈജിപ്തില്‍ ജയിലില്‍ കഴിയുന്ന ഇബ്രാഹിം ഹലാവയെന്ന ഡബ്ലിനിലെ യുവാവിനു പകരം ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്ന് ഐറിഷ് പുരോഹിതന്‍. ഹോളി ഗോസ്റ്റ് ഫാദേഴ്‌സ് പുരോഹിതന്‍ 82 കാരനായ ഫാ സീമസ് ഫ്‌ലെമിങ്ങാണ് യുവാവിനായ് തന്റെ ജീവിതം ത്യാഗം ചെയ്യാമെന്ന വാഗ്ദാനവുമായി മുന്നോട്ടു വന്നത്. ഡബ്ലിനിലെ താല സ്വദേശിയാണ് കൗമാരക്കാരനായ ഹലാവ.

ഈജിപ്തില്‍ അല്‍ഫത പള്ളിയില്‍ നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ഹലാവ ജയിലില്‍ കഴിയുന്നത്. നഗരത്തിന്റെ മറ്റൊരു ഭാഗത്തു നിന്നും പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നതിനായി യാത്ര ചെയ്തു, പള്ളിയില്‍ നിന്നും പുറത്തു പോവാന്‍ ആവശ്യപ്പെട്ടിട്ടും നിരസിച്ചു, പള്ളി അകത്തു നിന്നും പൂട്ടാന്‍ പ്രക്ഷോഭകരെ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഹലാവക്കെതിരെ ചുമത്തപ്പെട്ടത്. മൂന്നു
വര്‍ഷമായി ജയിലില്‍ കഴിയുന്ന ഹലാവ നാളെ കേസില്‍ വിചാരണ നേരിടും.

ഹലാവ തന്റെ ജീവിതം തുടങ്ങുന്നേയുള്ളൂവെന്നും, പക്വതയില്ലാത്ത പ്രായത്തില്‍ പറ്റിയ തെറ്റായിരിക്കാമെന്നുമാണ് ഫാ.ഫ്‌ലെമിങ്ങ് പറയുന്നത്. വൃദ്ധനായ താന്‍ കൗമാരക്കാരനായ ഹലാവക്ക് വേണ്ടി ത്യാഗം ചെയ്യാന്‍ തയ്യാറാണ്. അയര്‍ലണ്ടിലെ ഈജിപ്ഷ്യന്‍ എംബസ്സിയുമായി ഫ്‌ലെമിങ്ങ് ഇതിനോടകം തന്നെ കൂടികാഴ്ച്ചകള്‍ നടത്തി കഴിഞ്ഞു. ഇവര്‍ വച്ചുമാറ്റത്തിന്റെ സാധ്യത തേടി ഈജിപ്റ്റിലെ ഐറിഷ് എംബസിയുമായി ചര്‍ച്ചകള്‍ നടത്തിവരുന്നു.

താനൊരു മുസ്ലിമായതു കാരണം കേസില്‍ സര്‍ക്കാര്‍ വേണ്ടത്ത ശ്രദ്ധ കാണിക്കുന്നില്ലെന്ന് ഹലാവ ഫെബ്രുവരിയില്‍ തന്റെ കുടുംബത്തിനെഴുതിയ കത്തില്‍ ആരോപിച്ചിരുന്നു. എന്നാല്‍ മറ്റേതൊരു കേസിനേക്കാളും ശ്രദ്ധ ഹലാവയുടെ കേസിന് ലഭിക്കുന്നതായി പ്രധാനമന്ത്രി എന്‍ഡ കെന്നി വ്യക്തമാക്കി.

ഹലാവയുടെ പിതാവ് ഡോണിബ്രൂക്ക് ക്ലോണ്‍സ്‌കീ പള്ളിയില്‍ ഇമാമായ ഹുസൈന്‍ ഹലാവ മുസ്ലിം ബ്രദര്‍ ഹുഡ് പ്രവര്‍ത്തകനാണെന്ന് 2011ല്‍ വിക്കി ലീക്‌സ് പുറത്തുവിട്ട രേഖകളിലുണ്ടായിരുന്നു. കെയ്‌റോയില്‍ സംഘടനയുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ കുടുംബം സംസാരിക്കുന്ന വീഡിയോയും പുറത്തു വന്നിരുന്നു.

Scroll To Top