Wednesday September 26, 2018
Latest Updates

അയര്‍ലണ്ടില്‍ ഇടക്കാല തിരഞ്ഞെടുപ്പിന് സാധ്യത, ഉപപ്രധാനമന്ത്രിയ്‌ക്കെതിരെ അവിശ്വാസ പ്രമേയം പാസായാല്‍ വരദ്കര്‍ക്ക് രാജിവെക്കേണ്ടി വരും 

അയര്‍ലണ്ടില്‍ ഇടക്കാല തിരഞ്ഞെടുപ്പിന് സാധ്യത, ഉപപ്രധാനമന്ത്രിയ്‌ക്കെതിരെ അവിശ്വാസ പ്രമേയം പാസായാല്‍ വരദ്കര്‍ക്ക് രാജിവെക്കേണ്ടി വരും 

ഡബ്ലിന്‍ : ഗുരുതരമായ ആരോപണങ്ങളെ തുടര്‍ന്ന് ഉപപ്രധാനമന്ത്രി ഫ്രാന്‍സിസ് ഫിറ്റ്സ് ജെറാള്‍ഡിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ഭരണകക്ഷിയെ പുറത്തുനിന്ന് താങ്ങി നിര്‍ത്തുന്ന ഫിനാഫാളിന്റെ തീരുമാനം.ഷീന്‍ ഫെയ്നും ഫിനാ ഫാളിനൊപ്പം ഉപപ്രധാനമന്ത്രിക്കെതിരെ അവിശ്വാസപ്രമേയത്തെ അനുകൂലിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

രാഷ്ട്രീയ പ്രതിസന്ധി മുറുകുന്നതിനിടെ ഡിസംബറില്‍ തന്നെ ഇടക്കാല ഇലക്ഷന്‍ വരുമോയെന്ന ചര്‍ച്ചകളും സജീവമായിട്ടുണ്ട്.

ആര്‍ടിഇയുടെ പ്രൈം ടൈമില്‍ സംസാരിക്കവെ ഫിനാ ഫാള്‍ ടിഡി തോമസ് ബ്രൈന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി അവിശ്വാസപ്രമേയം അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു.ഇന്ന് രാവിലെ അവിശ്വാസ നോട്ടീസ് നല്‍കുമെന്ന് കരുതുന്ന പ്രമേയത്തിന്മേല്‍ അടുത്ത ബുധനാഴ്ച ചര്‍ച്ച നടത്തും.അതേസമയം,ഉപപ്രധാനമന്ത്രിയെ പിന്തുണച്ച് പ്രധാനമന്തി ലിയോ വരദ്കറും മറ്റ് മുതിര്‍ന്ന മന്ത്രിമാരും രംഗത്തുവന്നു.ഇതിനിടെ,ഫിനഗേല്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് വരദ്കറും സഹപ്രവര്‍ത്തകരും ഫിറ്റ്സ് ജെറാള്‍ഡിന് പൂര്‍ണപിന്തുണയും പ്രഖ്യാപിച്ചു.ഇതു സംബന്ധിച്ച പ്രമേയവും ഇന്നലെ രാത്രി അവര്‍ ഒറ്റക്കെട്ടായി പാസാക്കി.

യോഗത്തിനു ശേഷം നടത്തിയ പ്രസ്താവനയില്‍, ഒരു പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് താല്പര്യമില്ലെന്ന് ഫിനഗേല്‍ പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാന്‍ മാര്‍ട്ടിന്‍ ഹൈഡന്‍ പറഞ്ഞു.ഷീന്‍ ഫെയ്ന്‍, ഫിനാ ഫാള്‍ എന്നിവ നടത്തുന്ന രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണ് ഇപ്പോഴത്തെ കോലാഹലങ്ങളെന്നും അദ്ദേഹം ആരോപിച്ചു.പ്രതിപക്ഷത്തിന്റെ ഭീഷണി അനുവദിക്കില്ല, ഹൈഡന്‍ പറഞ്ഞു.മന്ത്രിമാരായ സൈമണ്‍ കോവ്നെ, ഒവാന്‍ മര്‍ഫി, മൈക്കിള്‍ റിംഗ് എന്നിവരും ഇക്കാര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ചു.

മുന്‍ നീതി വകുപ്പ് മന്ത്രിയായിരുന്ന ഫ്രാന്‍സിസ് ഫിറ്റ്സ്ജെറാള്‍ഡിനെതിരെ ഗാര്‍ഡ വിസില്‍ ബ്ലോവറായിരുന്ന മോറിസ് മക്കെബെ ഇ മെയില്‍ സന്ദേശത്തിലൂടെ ഉന്നയിച്ച ആരോപണങ്ങളാണ് ഇപ്പോള്‍ സര്‍ക്കാരിനെ പിടിച്ചുലയ്ക്കുന്നത്. ന്യൂനപക്ഷമായ ലിയോവരദ്കര്‍ ഭരണകൂടത്തിന് പിന്തുണ നല്‍കുന്ന ഫിനാ ഫാള്‍ തന്നെ ഇത്തരമൊരു അവിശ്വാസ പ്രമേയം ഒരു രാഷ്ട്രീയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.പാര്‍ട്ടിയുടെ നീതികാര്യ വക്താവ് ജിം ഒ കല്ലിഗന്‍ കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് വ്യക്തമാക്കിയിരുന്നു

ഉപപ്രധാനമന്ത്രി പദം ഒഴിയണമെന്നും കല്ലിഗന്‍ ആവശ്യപ്പെട്ടിരുന്നു.ഫിനാ ഫെയ്ല്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിന്‍ ലിയോ വരദ്കറെ നേരില്‍ക്കണ്ട് ഉപപ്രധാനമന്ത്രിയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് സൂചിപ്പിച്ചിരുന്നു.

രാഷ്ട്രീയ പ്രതിസന്ധി മൂര്‍ഛിച്ച് ഇടക്കാല ഇലക്ഷനിലെത്തുമോയെന്ന ആശങ്കകകളും ഉയര്‍ന്നിട്ടുണ്ട്. ബ്രക്സിറ്റിന്റെ ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ ഗവണ്‍മെന്റിന് വളരെയേറെ കാര്യങ്ങള്‍ നിര്‍വഹിക്കാനുണ്ട്.ധനകാര്യ ബില്‍, എഫ്.ഇ.എം.ബി.ഐ ബില്‍, സോഷ്യല്‍ വെല്‍ഫെയര്‍ ബില്‍ എന്നിവയുള്‍പ്പടെ ഒട്ടനവധി ബില്ലുകള്‍ അവതരിപ്പിക്കേണ്ടതുണ്ട്.അടുത്ത മാസം ബ്രെക്സിറ്റ് ഉച്ചകോടിയും നടക്കുകയാണ്.ഇതിനിടെ രാജ്യം തിരഞ്ഞെടുപ്പിലേക്കു കൂടി പോകുന്നത് പൊതുവില്‍ ഗുണകരമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

Scroll To Top