Sunday October 21, 2018
Latest Updates

വിവാദ കൊടുങ്കാറ്റകന്നിട്ടും അലയൊലികളില്‍ ആടിയുലഞ്ഞ് അയര്‍ലണ്ട് രാഷ്ട്രീയം 

വിവാദ കൊടുങ്കാറ്റകന്നിട്ടും അലയൊലികളില്‍ ആടിയുലഞ്ഞ് അയര്‍ലണ്ട് രാഷ്ട്രീയം 

ഡബ്ലിന്‍ :ഇ മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ആരോപണ കൊടുങ്കാറ്റിനൊടുവില്‍ ഉപ പ്രധാനമന്ത്രി ഫ്രാന്‍സിസ് ഫിറ്റ്സ് ജെറാള്‍ഡ് പുറത്തുപോയെങ്കിലും അയര്‍ലണ്ട് സര്‍ക്കാരിനും ഫിനഗേല്‍ രാഷ്ട്രീയത്തിനും അതേല്‍പ്പിച്ച ആഘാതം എളുപ്പമൊന്നും പരിഹരിക്കാനാവുമെനന് കരുതാനാവില്ലെന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍ . കൊടുങ്കാറ്റില്‍ തകര്‍ന്നടിയാതെ 32ാമത് ഡെയില്‍ പിടിച്ചുനിന്നെങ്കിലും അതിന്റെ ഭരണ കാലാവധി തികയ്ക്കുന്നതിന് അമരക്കാരനായ പ്രധാനമന്ത്രി ലിയോ വരദ്കര്‍ക്ക് വിയര്‍ക്കേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുനിന്നത്.പ്രശ്നം കൈകാര്യം ചെയ്തതില്‍ ലിയോ വരദ്കര്‍ക്കു സംഭവിച്ച പിഴവ് തന്നെയാണ് ഇത്തരമൊരു നിരീക്ഷണത്തിന് അടിസ്ഥാനമാകുന്നത്.

രാജിവെച്ചൊഴിഞ്ഞെങ്കിലും പൊതുതിരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിന്റെ പേരിലാണ് തന്റെ സ്ഥാനത്യാഗമെന്നു വരുത്താനാണ് അവസാന നിമിഷം രാജി പ്രഖ്യാപനത്തില്‍പ്പോലും ഫിറ്റ്സ്ജെറാള്‍ഡ് തുനിഞ്ഞത്.എന്നാല്‍ പുറത്തുവന്ന തെളിവുകളും വെളിപ്പെടുത്തലുകളും ഇതില്‍ വസ്തുതയില്ലെന്നു ബോധ്യപ്പെടുത്തുന്നതായിരുന്നു.

മൗറീസ് മക്കെബെയെന്ന വിവാദ പുസ്തകത്തിന്റെ അവസാന അധ്യായം ഫിറ്റ് ജെറാള്‍ഡിനൊപ്പം പ്രധാനമന്ത്രി ലിയോ വരദ്കര്‍, ഇപ്പോഴത്തെ ജസ്റ്റിസ് മന്ത്രി എന്നിവരുടെ വിശ്വാസ്യതയെയും കടപുഴക്കുന്നതായിരുന്നു.മാത്രമല്ല ഫിനഗേല്‍-ഫിനാ ബന്ധത്തിലും ഉലച്ചിലുണ്ടാക്കി.

ഫിട്സ് ജെറാള്‍ഡിന്റെ വിഷയം കൈകാര്യം ചെയ്ത രീതിയില്‍ പാര്‍ട്ടിയിലെ അപ്രമാദിയായ ലിയോ വരദ്കര്‍ക്കു സംഭവിച്ച വീഴ്ച അദ്ദേഹത്തിന്റെ ഇമേജിലും വിള്ളല്‍ വീഴ്ത്തി. എതിരാളികള്‍ക്ക് അടിക്കാന്‍ വടിവെട്ടി നല്‍കുകയായിരുന്നു കുറ്റക്കാരിയായ ഒരു സഹപപ്രവര്‍ത്തകയെ അകാരണമായി സംരക്ഷിച്ചതിലൂടെയെന്നു വരദ്കറുടെ അനുകൂലികള്‍ പോലും സമ്മതിക്കുന്നു.അതിന്റെ പേരില്‍ പൊതു തിരഞ്ഞെടുപ്പിനെപ്പോലും നേരിടാന്‍പോലും തയ്യാറാണെന്ന് വിവാദത്തിന്റെ ഒരു ഘട്ടത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ കാലത്തും രാജി അനിവാര്യമാവുകയും, അത് പ്രധാനമന്ത്രിമാര്‍ സ്വീകരിക്കാതിരിക്കുകയും ചെയ്ത സംഭവങ്ങളുണ്ട്.വീഴ്ച പറ്റിയെന്നു കണ്ടെത്തിയിട്ടും അവസാന നിമിഷം വരെ സംരക്ഷിക്കുകയും ഗത്യന്തരമില്ലാതെ വന്നപ്പോള്‍ ആരോപണ വിധേയയായാള്‍ സ്വയം ഒഴിഞ്ഞു പോവുകയുമായിരുന്നു ഇവിടെ. പ്രധാനമന്ത്രിക്ക് ഇവിടെ ഒരു കാഴ്ചക്കാരന്റെ റോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നു കരുതുന്ന ഒട്ടേറെപ്പേരുണ്ട്.

അഹങ്കാരം,അല്ലെങ്കില്‍ അന്ധമായ വിശ്വാസം അല്ലെങ്കില്‍ ഇവ രണ്ടും ഒത്തുചേര്‍ന്ന നിലപാട് വ്യത്യസ്തമായിരിക്കുമെന്ന് ലിയോവരദ്കര്‍ക്ക് തോന്നിയിരിക്കാം എന്നാല്‍ ഫിട്സ് ജെറാള്‍ഡിന്റെ കാര്യത്തില്‍ വലിയ വീഴ്ചയാണ് സംഭവിച്ചതെന്നാണ് കാലം തെളിയിച്ചത്.

മൈക്കിള്‍ മാര്‍ട്ടിനെ ഞെട്ടിപ്പിക്കാമെന്ന് പ്രധാനമന്ത്രി ചിന്തിച്ചിരിക്കാം. അതിനായി അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു, വാക്പോരും ചൂതാട്ടവും നടത്തി ഒടുവില്‍ എല്ലാം നഷ്ടപ്പെടുത്തി.വിസില്‍ ബ്ലോവര്‍ വിവാദത്തെക്കുറിച്ചുള്ള എല്ലാ സംഭവങ്ങളും ഫിട്സ് ജെറാള്‍ഡിന്റെ വീഴ്ചകളും ട്രിബ്യൂണലിന്റെ അവസാന വെളിപ്പെടുത്തലോടെ പുറത്തുവരുമായിരുന്നു.എന്നാല്‍ അതിനുമുമ്പേ വിധി പ്രസ്താവം നടത്തി പ്രതിക്കൂട്ടിലെത്തുകയായിരുന്നു പ്രധാനമന്ത്രി.

മെനഞ്ഞെടുത്ത കള്ളകഥ പൊളിഞ്ഞിട്ടും സഹപ്രവര്‍ത്തകയെ സംരക്ഷിക്കാന്‍ കൂടെയുള്ളവര്‍ തുനിഞ്ഞത് വലിയ ദോഷമുണ്ടാക്കി.പുതിയ ഇമെയിലുകള്‍ സത്യം പുറത്തുകൊണ്ടുവന്നപ്പോള്‍പ്പോലും മുതിര്‍ന്ന മന്ത്രിമാരടക്കം ഇക്കാര്യത്തില്‍ നിന്നും പിന്നോട്ടുപോയില്ല.

അടുത്ത പൊതുതിരഞ്ഞെടുപ്പിനുശേഷവും സഖ്യകക്ഷിയുമായി ചേര്‍ന്ന് തുടരാമെന്നു വരദ്കര്‍ കരുതിയെന്നു വേണമെങ്കിലും ചിന്തിക്കാം. എന്നാല്‍ രാഷ്ട്രീയക്കാറ്റ് ഫിനാഫാളിനു അനുകൂലമാണെന്നു അദ്ദേഹം മനസ്സിലാക്കേണ്ടതുണ്ടായിരുന്നു.തീര്‍ച്ചയായും, ഒരുമാസം അല്ലെങ്കില്‍ രണ്ടര വര്‍ഷം കഴിഞ്ഞ്, കഥകള്‍ പൂര്‍ണമായും മറന്നുപോയേക്കാം. പക്ഷേ, വരദ്കറുടെ അധികാരം സംബന്ധിച്ച ചോദ്യം അപ്പോഴും ഉയര്‍ന്നേക്കാം.

ഫിനാ ഫാള്‍ വിവാദത്തിന് ഇന്ധനം നല്‍കിയില്ലെന്നതാണ് ഈ പ്രശ്നത്തില്‍ ആശ്വാസമേകിയത്.ചാര്‍ളി ഫ്ളാനാന്‍ഗന്‍ ഈ സാഹചര്യത്തെ കൈകാര്യം ചെയ്യുന്നത് തികച്ചും ബോധ്യപ്പെടുത്താന്‍ കഴിയാത്തതു കൊണ്ടാണിത്.മൂന്ന് ഇമെയിലുകള്‍ പ്രസക്തമാണെന്നിരിക്കിലും, ട്രിബ്യൂണലിനു പോലും അയച്ചുകൊടുക്കാത്തത് എന്തുകൊണ്ടായിരുന്നു എന്ന ചോദ്യവും പ്രശ്നമാണ്. ഇതിന്റെ പരിണിതി എന്താകുമെന്നും കണ്ടറിയണം.
ഇനിയെങ്ങനെയാണ് ബാക്കിയുള്ള ഭരണകാലം വിശ്വാസത്തോടെ ഫിനഗേലും ഫിനാഫാളും മുന്നോട്ടുപോകുന്നതെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.എന്നിരുന്നാലും ബ്രക്സിറ്റ് ഉയര്‍ത്തുന്ന വെല്ലുവിളികളും മറ്റു ദേശീയ താല്‍പ്പര്യങ്ങളും പരിഗണിക്കുമ്പോള്‍ ഈ ഇപ്പോഴത്തെ ഡെയ്ല്‍ നിലനില്‍ക്കണമെന്നു തന്നെയാണ് ആനുകാലിക രാഷ്ട്രീയം ആവശ്യപ്പെടുന്നത്

Scroll To Top