Wednesday February 22, 2017
Latest Updates

ഐറിഷ് പാസ്‌പോര്‍ട്ട് അപേക്ഷകള്‍ ഓണ്‍ലൈനില്‍ മാത്രം സ്വീകരിക്കാന്‍ നടപടി ഉടനെയെന്ന് മന്ത്രി

ഐറിഷ് പാസ്‌പോര്‍ട്ട് അപേക്ഷകള്‍ ഓണ്‍ലൈനില്‍ മാത്രം സ്വീകരിക്കാന്‍ നടപടി ഉടനെയെന്ന് മന്ത്രി

ഡബ്ലിന്‍:തട്ടിപ്പു നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഐറിഷ് പാസ്‌പോര്‍ട്ട് അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി മാത്രം സ്വീകരിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രി ചാര്‍ലി ഫല്‍നാഗന്‍. ഇപ്പോള്‍ പേപ്പര്‍ വഴിയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. കൂടാതെ അപേക്ഷകള്‍ക്ക് പെട്ടെന്ന് അനുമതി നല്‍കാന്‍ സാധിക്കുന്നതും ഓണ്‍ലൈന്‍ വഴിയാണെന്ന് വിദേശകാര്യ വകുപ്പ് വിലയിരുത്തി.

രാജ്യത്ത് വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്ന്, ഇവ പിടികൂടുന്നതിനായി ഓപ്പറേഷന്‍ റീഫ്രഷ് എന്ന പേരില്‍ പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വ്യാജ പാസ്‌പോര്‍ട്ടുകള്‍ പിടികൂടാനായി പ്രത്യേക വകുപ്പും രൂപീകരിച്ചിട്ടുണ്ട്. ധാരാളം പേര്‍ പാസ്‌പോര്‍ട്ട് തട്ടിപ്പിലൂടെ പണം സമ്പാദിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് വിദേശകാര്യവകുപ്പ് വ്യക്തമാക്കി. 2000 മുതല്‍ 2015 വരെയുള്ള കാലയളവില്‍ പാസ്‌പോര്‍ട്ട് നല്‍കപ്പെടുന്നവരുടെ എണ്ണം 338,000ല്‍ നിന്നും 670,000 ആയി ഉയര്‍ന്നതായും മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം ഇത് 730,000 വരെയായി ഉയരുമെന്നും കണക്കാക്കുന്നു.

വിവിധ സുരക്ഷാ സംവിധാനങ്ങളോടെ വകുപ്പ് കഴിഞ്ഞ മാസം പുറത്തിറക്കിയ ക്രെഡിറ്റ് കാര്‍ഡ് രൂപത്തിലുള്ള ഐറിഷ് പാസ്‌പോര്‍ട്ട് ലോകശ്രദ്ധ ആകര്‍ഷിക്കുകയും, ‘റീജനല്‍ ബെസ്റ്റ് ഐഡി ഡോക്യുമെന്റ് ഓഫ് ദി ഇയര്‍ 2016’ അവാര്‍ഡ് നേടുകയും ചെയ്തിരുന്നു. ഒപ്റ്റിക്കല്‍ സെക്യൂരിറ്റി, തട്ടിപ്പുകാരെ പിടികൂടാനുള്ള ചിപ്പ് എന്നിവ അടങ്ങിയതാണ് ഈ പാസ്‌പോര്‍ട്ട്.

Scroll To Top