Friday December 09, 2016
Latest Updates

ഐറിഷ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു:അടുത്ത മാസങ്ങളില്‍ തിരക്ക് ഇരട്ടിയായേക്കും

ഐറിഷ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു:അടുത്ത മാസങ്ങളില്‍ തിരക്ക് ഇരട്ടിയായേക്കും

ഡബ്ലിന്‍:: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കേ ബ്രിട്ടണില്‍ താമസിക്കുന്നവരില്‍ നിന്നും ഐറിഷ് പാസ്‌പോര്‍ട്ടിനായി അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് എന്ന്പഠനങ്ങള്‍.അടുത്ത മാസങ്ങളില്‍ ഐറിഷ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് സൂചനകള്‍.നിലവില്‍ ബ്രിട്ടിഷ് പാസ്‌പോര്‍ട്ടുള്ള ആറു ലക്ഷത്തോളം പേര്‍ ഐറിഷ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ സാധ്യതയുണ്ടെന്ന് ബ്രിട്ടിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യൂറോപ്യന്‍ യൂണിയനില്‍ തുടരാനുള്ള ആഗ്രഹമാണ് ഇംഗ്‌ളണ്ടിന്റെയും അയര്‍ലണ്ടിന്റെയും ഇരട്ട പൗരത്വമുള്ളവരെപ്പോലും ഐറിഷ് പാസ്‌പോര്‍ട്ട് നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുന്നത്. ഇംഗ്ലണ്ടിലെ ഇംഗ്ലീഷുകാരനെന്നറിയപ്പെടാന്‍ ആഗ്രഹിച്ചവര്‍ പോലും ഇക്കൂട്ടത്തില്‍ പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഐറിഷ് പാസ്‌പോര്‍ട്ട് കാലഹരണപ്പെട്ടിരുന്നവര്‍ പോലും ബ്രിട്ടന്റെ പിന്‍മാറ്റ വാര്‍ത്ത കേട്ടതിനുപിന്നാലെ പാസ്‌പോര്‍ട്ട് പുതുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍.യൂറോപ്യന്‍ യൂണിയന്റെ ഭാഗമായി ജീവിക്കാനും തടസമില്ലാതെ യാത്ര ചെയ്യാനും രാജ്യങ്ങള്‍ കാണാനും ജോലി ചെയ്യാനും സ്വാതന്ത്ര്യത്തോടെ ജീവിക്കാനും ആഗ്രഹമുള്ളവരാണ് ഇവരില്‍ ഭൂരിപക്ഷവും . യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തായാല്‍ ഇത്തരക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടമാകും.
അയര്‍ലണ്ടില്‍ നിന്നും ആയിരക്കണക്കിന് പേരാണ് ഇപ്പോള്‍ ബ്രിട്ടണില്‍ എത്തി സ്ഥിരതാമസമാക്കിയിരിക്കുന്നത്.വംശപരമ്പര അയര്‍ലണ്ടിലുള്ള ബ്രിട്ടനില്‍ പിറന്ന ആളുകള്‍ ഐറിഷ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിന്റെ എണ്ണത്തില്‍ 33 ശതമാനം വര്‍ധനവാണ് ഉള്ളതെന്ന് അവിടുത്തെ ഐറിഷ് വിദേശകാര്യ വകുപ്പും പറയുന്നു.
മാതാപിതാക്കളില്‍ ഒരാള്‍ക്കെങ്കിലും ഐറിഷ് പൗരത്വമുണ്ടായിരുന്നെങ്കില്‍ അപേക്ഷിക്കുന്നയാള്‍ എവിടെ ജനിച്ചു എന്ന പ്രശ്‌നമില്ലാതെ പാസ്‌പോര്‍ട്ട് നല്‍കുന്നുണ്ട്. കുട്ടികള്‍ക്കും ചെറുമക്കള്‍ക്കും വരെ ഇങ്ങനെ പൗരത്വം ലഭിക്കും. അയര്‍ലണ്ടിലെ വിദേശ ജനന രജിസ്റ്ററില്‍ പേരു രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാവര്‍ക്കും പാസ്‌പോര്‍ട്ടു ലഭിക്കും. അങ്ങനെവരുമ്പോള്‍ ഏതാണ്ട് ആറു ലക്ഷത്തോളം ബ്രിട്ടീഷ് പൗരന്‍മാര്‍ ഐറിഷ് പാസ്‌പോര്‍ട്ട് കരസ്ഥമാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നോര്‍ത്തേണ്‍ അയര്‍ലണ്ടിലും സ്ഥിതി വിഭിന്നമല്ല. ഇവിടെ അപേക്ഷകരുടെ എണ്ണം 14 ശതമാനം വര്‍ധിച്ചു.
അതേ സമയം പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ക്ക് പുതിയ തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള പരിഷ്‌കാരങ്ങള്‍ക്ക് അയര്‍ലണ്ടിനെ പ്രേരിപ്പിച്ചത് പുതിയ തിരക്ക് മുമ്പില്‍ കണ്ടു കൊണ്ടാണ് എന്ന് കരുതപ്പെടുന്നു.പാസ്‌പോര്‍ട്ട് അപേക്ഷകള്‍ക്ക് പബ്ലിക് സര്‍വീസ് കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി വേണമെന്ന് പുതിയ നിര്‍ദേശമുണ്ട്.ഇപ്പോള്‍ സൌജന്യമായി ലഭിക്കുന്ന പബ്ലിക് സര്‍വീസ് കാര്‍ഡ് സൌജന്യമായി തന്നെ തുടരുമെന്ന് ഉറപ്പൊന്നും ഇല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ സൂചിപ്പിച്ചിരുന്നു.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ പ്രോട്ടക്ഷനാണ് പബ്ലിക് സര്‍വീസ് കാര്‍ഡ് ഇഷ്യൂ ചെയ്യുന്നത്.അയര്‍ലണ്ടിലെ ഏതു പബ്ലിക് സര്‍വീസ് സേവനങ്ങള്‍ക്കും മുഖ്യ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്നതും ഇതേ രേഖയാണ്.2012 ലാണ് ഈ കാര്‍ഡ് ആദ്യമായി ഏര്‍പ്പെടുത്തിയത് എന്നതിനാല്‍ ഒട്ടേറെ പേര്‍ക്ക് ഇനിയും ഇത്തരമൊരു തിരിച്ചറിയല്‍ രേഖ ലഭ്യമായിട്ടില്ല.പുതിയ പബ്ലിക് സര്‍വീസ് കാര്‍ഡിന് അപേക്ഷിക്കാന്‍ സന്ദര്‍ശിക്കുക :https://www.mywelfare.ie/Account/Login

Scroll To Top