Sunday January 21, 2018
Latest Updates

പട്ടിണികാലത്ത് ആയിരക്കണക്കിന് ഐറിഷ്‌കാര്‍ ഇന്ത്യയിലേയ്ക്ക് കുടിയേറിയിരുന്നു ? പഴയ നോവുകളും വിപ്ലവവും ഓര്‍മപ്പെടുത്തി പുതിയ ഡോക്കുമെന്ററി

പട്ടിണികാലത്ത് ആയിരക്കണക്കിന് ഐറിഷ്‌കാര്‍ ഇന്ത്യയിലേയ്ക്ക് കുടിയേറിയിരുന്നു ? പഴയ നോവുകളും വിപ്ലവവും ഓര്‍മപ്പെടുത്തി പുതിയ ഡോക്കുമെന്ററി

ഡബ്ലിന്‍ :ഇന്ത്യക്കാര്‍ അയര്‍ലണ്ടിലേക്ക് വ്യാപകമായി കുടിയേറി തുടങ്ങിയത് രണ്ടായിരാമാണ്ടോടു കൂടിയാണ്.എന്നാല്‍ ഇപ്പോള്‍ നമുക്ക് അഭയം തരുന്ന രാജ്യത്തെ ഒരു കാലത്ത് ഇന്ത്യ പോറ്റി വളര്‍ത്തിയിരുന്നോ?

ഐറിഷുകാര്‍ അത്രയ്ക്ക് പുറത്തു പറയാനാഗ്രഹിക്കാത്ത ഒരു വിശേഷവുമായാണ് ദൂബൈയിലെ സെയ്ദ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഇയാന്‍ മൈക്കിളിന്റെ വരവ്.അയര്‍ലണ്ടിലെ കൊടിയ ദാരിദ്ര്യത്തിന്റെ കാലത്ത് ,അതായത് 1840-50 കാലഘട്ടത്തില്‍,അയര്‍ലണ്ടില്‍ ഭക്ഷ്യധാന്യങ്ങള്‍ ഇല്ലാതെ വറുതി മുട്ടിയ കാലത്ത് ഐറിഷുകാര്‍ സംഘം ചേര്‍ന്ന് ഇന്ത്യയിലേയ്ക്ക് ചേക്കേറി എന്നാണ് പ്രൊഫസര്‍ ഇവാന്റെ പഠനം.വെറുതേ പഠനമൊന്നുമല്ല.ഇക്കൂട്ടത്തില്‍ ഇവാന്റെ പൂര്‍വപിതാക്കളും ഉണ്ടായിരുന്നത്രേ…അമേരിക്കന്‍ കുടിയേറ്റത്തെ പറ്റി മേനി പറയുന്ന ഐറിഷ്‌കാര്‍ പക്ഷെ ഈ ഇന്ത്യന്‍ കുടിയേറ്റത്തെ കാര്യമായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല…

കുടിയേറ്റത്തിന്റെ വ്യാകുലതകളും ജീവിതവും വരച്ചുകാട്ടി ‘ബോയ്സ് ഫ്രം വേപ്രി ‘ എന്നൊരു ഡോക്കുഫിക്ഷന്‍ തന്നെ തയ്യാറാക്കുന്ന തിരക്കിലാണ് ഇവാനിപ്പോള്‍.ദൂബായിലെ ജൂണിയര്‍ പ്രൊഫസറായ ഫോകിയ അക്തറും കൂടെയുണ്ട്.

1840-50 കാലത്തെ മഹാ ദാരിദ്യക്കാലത്ത് ജീവിതം തേടി ഇന്ത്യയിലെത്തിയ അയര്‍ലണ്ടുകാരുടെ ചിത്രണമാണ് ഫോകിയ അക്തറുടെ ഈ ഡോക്കുഫിക്ഷന്‍.2018ല്‍ റിലീസ് ആകുമെന്നു കരുതുന്ന ഈ ലഘുചിത്രം ഇപ്പോള്‍ത്തന്നെ ചര്‍ച്ചയായിട്ടുണ്ട്.

ദൂബൈയിലെ സെയ്ദ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഇയാന്‍ മൈക്കിളിന് തന്റെ ബാല്യകാലത്ത് മുത്തശ്ശി ആഗ്‌നസ് ഫൂട്മാന്‍ പറഞ്ഞു കൊടുത്ത പഴയകഥകള്‍ ഇപ്പോഴും നന്നായി ഓര്‍മയുണ്ട്.ഹൈദ്രാബാദിലെ സരോജിനി റോഡില്‍ പഴയ ബ്രിട്ടീഷ് മാതൃകയിലുള്ള വീട്ടിലിരുന്നുകൊണ്ട് മദ്യം മുത്തിക്കുടിക്കുന്നതിനിടയിലാണ് മുത്തശ്ശി പൂര്‍വികരായ പോരാളികളുടെ പോരാട്ടങ്ങളും വിപ്ലവകഥകളുമൊക്ക വിളമ്പിയിരുന്നത്.

കൊടിയ പട്ടിണിയുടെ 1840-50കളിലാണ് കുടിയേറ്റം നടന്നത്.ഐറീഷ് വംശത്തിന്റെ വീര്യവും സാമര്‍ഥ്യവും മണിക്കൂറുകളോളം അവര്‍ പറയുമായിരുന്നു.അപൂര്‍വമായ ഇന്ത്യന്‍-ഐറീഷ് മിശ്രണമായിരുന്നു ഇയാന്റെ കുട്ടിക്കാലം.

40 വര്‍ഷങ്ങള്‍ക്കു ശേഷമാണ് തന്റെ ജൂനിയര്‍ പ്രൊഫസറായ ഫോകിയ അക്തറോട് ഇയാന്‍ മൈക്കിള്‍ ഈ സംഭവം വിവരിച്ചു. ഇതിനുള്ളില്‍ വലിയൊരു ഡോക്യുമെന്ററിയുടെ സാധ്യത അക്തര്‍ കണ്ടെത്തുകയായിരുന്നു.ഇതിനായി പല ചര്‍ച്ചകളും കൂട്ടിരിപ്പുകളും നടന്നു.ബോയ്സ് ഫ്രം വേപ്രിയുടെ സ്‌ക്രിപ്ട് തയ്യാറായി.2018ല്‍ റിലീസ് ചെയ്യാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്.

ഇയാന്റെ മുതുമുത്തച്ഛന്‍ ജോണ്‍ ഫൂട്മാന്‍ ആണ് ഇതിലെ മുഖ്യകഥാപാത്രം. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ എണ്ണപ്പെട്ട വിമര്‍ശകരിലൊരാളായിരുന്ന ഇദ്ദേഹം കപ്പല്‍ വഴി അയര്‍ലണ്ടില്‍ നിന്നും 1847ല്‍ ചെന്നൈയിലെ വേപ്രിയിലെത്തി.പിന്നീട് ഫുട്മാന്‍ ബ്രിട്ടീഷ് ആര്‍മി അംഗമായി.

ഇന്ത്യയില്‍ എത്തിച്ചേര്‍ന്ന ഐറിഷുകാരില്‍ ആര്‍ക്കും ഒരു ജോലി ലഭിക്കുക പ്രശ്നമുള്ള കാര്യമായിരുന്നില്ല.മിലട്ടറിയിലോ റെയില്‍വേയിലോ അഥവാ തോട്ടം മേഖലയിലോ അവരെ,അക്കാലത്തെ ഉയര്‍ന്ന ശമ്പളത്തോടെ നിയമിക്കാന്‍ ബ്രിട്ടിഷുകാര്‍ തയ്യാറായി.ആയിരക്കണക്കിന് ഐറിഷ് കാരാണ് അക്കാലത്ത് ഇന്ത്യയില്‍ എത്തിയത്.ഇയാന്‍ വെളിപ്പെടുത്തുന്നു.

എങ്കിലും ഇന്ത്യന്‍ സമൂഹവുമായി അധികമൊന്നും ഇടപഴകാന്‍ അവര്‍ ആഗ്രഹിച്ചില്ല.ഇന്ത്യയില്‍ ഉണ്ടായിരുന്ന ഐറിഷ്‌കാരും,ബ്രിട്ടിഷ്‌കാരും മാത്രമായിരുന്നു അവരുടെ സുഹൃത്തുക്കള്‍. ഭക്ഷണം പാചകം ചെയ്യാന്‍ പോലും അവര്‍ പ്രത്യേകം സംഘത്തെ നിയോഗിച്ചു.ഇന്ത്യന്‍ ഭക്ഷണം അവര്‍ ഉപയോഗിച്ചില്ല…വിശേഷാല്‍ അവസരങ്ങളില്‍ പോലും ഇന്ത്യന്‍ നിര്‍മ്മിത വസ്ത്രങ്ങള്‍ അവര്‍ ഉപയോഗിച്ചില്ല…ഇയാന്‍ മനസ് തുറക്കുന്നു.

മംഗോളിയനായ മാറ്റില്‍ഡയായിരുന്നു ഭാര്യ. ഇയാന്റെ അമ്മയുടെ അമ്മയും ഐറീഷാണ്.ഇവരുടെ മുത്തച്ഛന്‍ വില്ല്യം കുറാന്‍ പത്തുവയസ്സുള്ളപ്പോള്‍ പിതാവ് പാട്രികിനും മുന്നു സഹോദരിമാര്‍ക്കുമൊപ്പം അയര്‍ലണ്ടിലെ കോര്‍ക്കില്‍ നിന്നും ഇന്ത്യയിലെത്തിയിരുന്നു.ഐറിഷ് സ്വാതന്ത്ര്യ പോരാളിയായ രക്തസാക്ഷി, മൈക്കിള്‍ കോളിന്‍സടക്കമുള്ള ബന്ധുക്കളെ അടുത്തിടെ നടത്തിയ അന്വേഷണത്തില്‍ ഇയാന്‍ തിരിച്ചറിഞ്ഞു.ക്‌ളോണാകില്‍റ്റിയിലെ തന്റെ പൂര്‍വികരുടെ പഴയ ഗ്രാമ ഭവനം തേടിയാണ് ഇയാന്‍ കോര്‍ക്കില്‍ എത്തിയത്.

ഇന്ത്യന്‍ മിലിട്ടറിയില്‍ ഒരു ഐറിഷ് റജിമെന്റ് തന്നെ ഉണ്ടായിരുന്നു എന്നറിയുക.ഇവരില്‍ അധികവും നിര്‍ബന്ധിതമായി ബ്രിട്ടിഷുകാര്‍ സൈന്യത്തില്‍ ചേര്‍ത്ത് ഇന്ത്യയിലേയ്ക്ക് കൊണ്ടുപോയിരുന്നവരാണെന്നും പറയപ്പെടുന്നു.ഇന്ത്യയിലെ ബ്രിട്ടീഷ് പട്ടാളത്തില്‍ ജോലി ചെയ്യാന്‍ പോയവരെ തേടി ഇന്ത്യയില്‍ എത്തിയവരുടെ കഥകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.

ഇയാന്റെ വെളിപ്പെടുത്തല്‍ ഒരു തുടക്കം മാത്രമാണ്.ഒരോ ഐറിഷ് കുടുംബത്തിനും ഒരു ഇന്ത്യന്‍ ബന്ധം പറയാനുള്ള അപൂര്‍വം രാജ്യങ്ങളില്‍ ഒന്നാവും അയര്‍ലണ്ട്.പക്ഷെ അത് തുറന്ന് പറയാന്‍ അധികമാരും തയ്യാറാവുന്നുല്ലെന്ന് മാത്രം.

റെജി സി ജേക്കബ്

ഇയാന്റെ മാതാപിതാക്കള്‍ സെക്കന്തരാബാദില്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സ്

ഇയാന്റെ മാതാപിതാക്കള്‍ സെക്കന്തരാബാദില്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സ്

കോര്‍ക്കിലെ പഴയ തറവാട് വീട് തേടി എത്തിയ പ്രൊഫ:ഇയാന്‍

കോര്‍ക്കിലെ പഴയ തറവാട് വീട് തേടി എത്തിയ പ്രൊഫ:ഇയാന്‍

Scroll To Top