Thursday June 21, 2018
Latest Updates

അയര്‍ലണ്ടിലെ മലയാളി ശാസ്ത്രജ്ഞന്‍ സുരേഷ് സി പിള്ളയുടെ കണ്ടുപിടുത്തത്തിന് ആഗോള അംഗീകാരം

അയര്‍ലണ്ടിലെ മലയാളി ശാസ്ത്രജ്ഞന്‍ സുരേഷ് സി പിള്ളയുടെ കണ്ടുപിടുത്തത്തിന് ആഗോള അംഗീകാരം

സ്ലൈഗോ:അയര്‍ലണ്ടിലെ മലയാളികള്‍ക്ക് അഭിമാനമായി സ്ലൈഗോയിലെ ശാസ്ത്രഞ്ജന്‍ സുരേഷ് സി പിള്ളയുടെ പുതിയ കണ്ടുപിടുത്തം ആഗോളശ്രദ്ധ നേടുന്നു.സൂപ്പര്‍ബഗുകള്‍ എന്നറിയപ്പെടുന്നതും 2050ഓട് കൂടി ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ആള്‍ക്കാരെ കൊന്നൊടുക്കുവാന്‍ പ്രാപ്തിയുള്ളതുമായ വിനാശകാരികളായ ബാക്ടീരിയകളെ മുളയിലേ നുള്ളുവാനുള്ള കണ്ടുപിടിത്തവുമായാണ് പ്രൊഫസര്‍ സുരേഷ് സി പിള്ള ചരിത്രത്തില്‍ ഇടം നേടുന്നത്.

സ്ലൈഗോ ഇന്‍സ്ടിട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ നാനോ ടെക്‌നോളജി വിഭാഗം ലീഡ് സയന്റിസ്റ്റ് ആയ ഇദ്ദേഹം വര്‍ഷങ്ങളായി അയര്‍ലണ്ടില്‍ സേവനം അനുഷ്ടിച്ചു വരികയാണ്.സ്ലൈഗോയിലെ മലയാളി സമൂഹത്തിനിടയില്‍ സജീവ സാന്നിധ്യമായ പ്രൊഫ.സുരേഷ് സി പിള്ള ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെയും നേതൃതലത്തില്‍ ഉണ്ടായിരുന്നു.കോട്ടയം ചമ്പക്കര സ്വദേശിയായ സുരേഷ് പിള്ള 1999 മുതല്‍ അയര്‍ലണ്ടില്‍ സേവനം അനുഷ്ട്ടിക്കുന്നു.ഭാര്യ സരിതാ സുരേഷ്,രണ്ടു മക്കളാണ് ഇവര്‍ക്ക്,ആറാം ക്ലാസ് വിദ്യാര്‍ഥി ശ്രീ ശേഖര്‍, ഒന്നാം ക്ലാസുകാരന്‍ ശ്രീഹരി .

ഉപദ്രവകാരികളും നിലവിലുള്ള മരുന്നുകള്‍ക്ക് കാര്യമായ യാതൊരു പ്രവര്‍ത്തന ശേഷിയില്ലാത്തതുമായ ബാക്ടീരിയകള്‍ക്ക് മേല്‍ 99.9% നാശശക്തിയുള്ള ഒരു എജന്റിനെയാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിന്റെ ഫലമായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണുകള്‍, വാതില്‍ പിടികള്‍ മുതലായ നിത്യോപയോഗ സാധനങ്ങളുമായുള്ള സമ്പര്‍ക്കം വഴി എളുപ്പത്തില്‍ പടര്‍ന്നു പിടിക്കാവുന്ന എംആര്‍എസ്എ, ഇകോളി മുതലായ പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു രാസവസ്തുവാണ് ഗവേഷണത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞു വന്നത്.

സൂപര്‍ബഗുകള്‍ മൂലം പടര്‍ന്നു പിടിച്ചേക്കാമായിരുന്ന വലിയ ഒരു വിപത്താണ് ഇത് മൂലം ഒഴിവായിക്കിട്ടുന്നത്. ഒരു വലിയ മാറ്റത്തിന്റെ തുടക്കമാണ് ഇതെന്ന് പ്രൊഫസര്‍ സുരേഷ് പിള്ള പറഞ്ഞു.ഇത്തരം ബാക്ടീരിയകള്‍ക്കുള്ള പ്രതിമരുന്നിന് വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു ശാസ്ത്രലോകം.

ആധുനിക യുഗത്തില്‍ ഏറ്റവുമധികം ഉപയോഗിക്കപെടുന്നതും, വ്യക്തികള്‍ തമ്മില്‍ കൈമാറ്റം ചെയ്യപ്പെടുന്നതുമായ സ്മാര്‍ട്ട് ഫോണുകള്‍ പോലെയുള്ള നിത്യോപയോഗ സാധനങ്ങളുടെ നിര്‍മാണ ഘട്ടത്തില്‍ തന്നെ പുതിയതായി കണ്ടെത്തിയ കെമിക്കല്‍ ഏജന്റിനെ ഉള്‍പ്പെടുത്തുക വഴിയായി ആവും ശാസ്ത്രലോകം ഈ സൂപര്‍ബഗുകള്‍ക്ക് എതിരെയുള്ള പോരാട്ടത്തില്‍ പങ്കു ചേരുക എന്നാണ് മനസ്സിലാക്കുന്നത്. ഇത്തരം ബാക്ടീരിയകളെ കൊല്ലുകയോ അവയുടെ വളര്‍ച്ച തടയുകയോ ചെയ്യുവാനുള്ള കഴിവുള്ളവയാണ് ഈ പുതിയ കണ്ടു പിടിത്തം. സ്മാര്‍ട്ട് ഫോണുകള്‍ കൂടാതെ ഗ്ലാസുകള്‍, ലോഹങ്ങള്‍, സെറാമിക്‌സ്, എന്നിവയാല്‍ നിര്‍മിതമായ കമ്പ്യൂട്ടറുകള്‍, ടാബ്ലെടുകള്‍, എറ്റിഎം മഷീനുകള്‍, വാതില്‍പ്പിടികള്‍, കൈവരികള്‍, ലിഫ്റ്റ്, മൂത്രപ്പുര, ടോയ്‌ലറ്റ് സീറ്റുകള്‍, ഫ്രിഡ്ജ്, മൈക്രോവേവ്, സെറാമിക്‌സ് ഫ്‌ലോര്‍, ചുവരുകള്‍ മുതലായ എല്ലാ നിത്യോപയോഗ സാധനങ്ങളിലും ഇത്തരം രാസവസ്തുക്കള്‍ നിര്‍മാണ വേളയില്‍ തന്നെ ഉള്‍പ്പെടുത്തുവാനായി പുതിയ കണ്ടുപിടുത്തം ഉപയോഗപ്പെടുത്താനാവും

ആശുപത്രികളിലും മറ്റ് ആരോഗ്യസ്ഥാപനങ്ങളിലും ഈ പുതിയ കണ്ടു പിടിത്തം വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്ന് പ്രൊഫസര്‍ സുരേഷ് പറഞ്ഞു.നമ്മുടെ കൈപ്പത്തി മുതല്‍ നിത്യോപയോഗത്തിലുള്ള മിക്ക പദാര്‍ഥങ്ങളും ഇത്തരം ബാക്ടീരിയകളുടെ ഏറ്റവും വലിയ വാഹകരാണ്.

മൊബൈല്‍ ഫോണുകളുടെ പ്രതലത്തില്‍ ഇവയ്ക്ക് വളരുവാനും അഞ്ചു മാസത്തോളം ജീവിച്ചിരിക്കുവാനും കഴിയും. ഉമിനീരില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളാല്‍ സമ്പുഷ്ടമായ സ്മാര്‍ട്ട് ഫോണ്‍ പ്രതലങ്ങള്‍ ബാക്ടീരിയകള്‍ക്ക് വളരാന്‍ അനുകൂലമായ സാഹചര്യമൊരുക്കുന്നു. ഒരു ടോയ്‌ലറ്റ് സീറ്റിനെക്കാള്‍ മുപ്പത് മടങ്ങ് അധികമാണ് സ്മാര്‍ട്ട് ഫോണുകളിലുള്ള ബാക്ടീരിയകളുടെ അളവ്.’അദ്ദേഹം പറഞ്ഞു.

സ്ലൈഗോയിലെ കാസ്ടസ് ടെക്‌നോളജീസിന്റെ സഹായത്തോടെ ദോഷ സ്വഭാവങ്ങളോ പാര്‍ശ്വഫലങ്ങളോ ഇല്ലാത്ത ഈ ഉല്പന്നം വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാനുള്ള ഉദ്ദേശത്തിലാണ് സുരേഷ് പിള്ള ഇപ്പോള്‍.

കൂടാതെ പ്ലാസ്ടിക്കുകളിലും പെയിന്റുകളിലും ഈ ഘടകം ഉള്‍പ്പെടുത്തുവാനുള്ള ഗവേഷണങ്ങളും നടക്കുന്നു.സയന്റിഫിക് റിപ്പോര്‍ട്ട്‌സ് എന്ന ഇന്റര്‍നാഷണല്‍ ജേണലിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ ഇതേക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ലഭ്യമാണ്.ഇന്ന് വൈകിട്ട് ആര്‍ ടി ഇ പ്രൊഫ.സുരേഷ് സി പിള്ളയുടെ കണ്ടുപിടുത്തത്തെ സംബന്ധിച്ച പ്രത്യേക പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നു.അയര്‍ലണ്ടിലെ എല്ലാ മാധ്യമങ്ങളും വന്‍പ്രാധാന്യത്തോടെയാണ് ഈ മലയാളിയുടെ നേട്ടം ലോകത്തെ അറിയിച്ചിരിക്കുന്നത്.

Scroll To Top