Saturday October 20, 2018
Latest Updates

ഫ്ലോറ ടെക്ക് ഹരിതഗൃഹം അവാര്‍ഡ്:രഹേനിയിലെ സോജന്‍ ആന്റണിയും,ഫിംഗ്ലസിലെ അനീഷ് ജോണും,കാവനിലെ അലക്സ് ജോണും വിജയികള്‍:ഡെന്‍സില്‍ ജോസഫിന് ഹരിത വൃക്ഷ അവാര്‍ഡ്,ഷാങ്കിലിലെ മിനി വര്‍ഗീസ് ഹരിതസ്‌നേഹ അവാര്‍ഡ് നേടി,സാന്‍ട്രിയിലെ അഞ്ചംഗ ടാക്‌സെക്കിന് ഹരിത സംഘ അവാര്‍ഡ് 

ഫ്ലോറ ടെക്ക് ഹരിതഗൃഹം അവാര്‍ഡ്:രഹേനിയിലെ സോജന്‍ ആന്റണിയും,ഫിംഗ്ലസിലെ അനീഷ് ജോണും,കാവനിലെ അലക്സ് ജോണും വിജയികള്‍:ഡെന്‍സില്‍ ജോസഫിന് ഹരിത വൃക്ഷ അവാര്‍ഡ്,ഷാങ്കിലിലെ മിനി വര്‍ഗീസ് ഹരിതസ്‌നേഹ അവാര്‍ഡ് നേടി,സാന്‍ട്രിയിലെ അഞ്ചംഗ ടാക്‌സെക്കിന് ഹരിത സംഘ അവാര്‍ഡ് 

ഡബ്ലിന്‍: പ്രവാസഭൂമിയിലും കൃഷിയുടെ നാട്ടുപെരുമ തെളിയിച്ച മലയാളി കര്‍ഷകര്‍ക്ക് ആദരമൊരുക്കാനും,അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന്റെ കാര്‍ഷികാഭിമുഖ്യത്തെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഐറിഷ് മലയാളിയും,അയര്‍ലണ്ടിലെ പ്രമുഖ ഭക്ഷ്യോത്പന്നനിര്‍മ്മാണ വിതരണ ഗ്രൂപ്പായ ഫ്ലോറ ടെക്ക് ട്രേഡിംഗ് ലിമിറ്റഡും ചേര്‍ന്ന് സംഘടിപ്പിച്ച ഹരിതമിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

ഏത് നാട്ടിലെത്തിയാലും മണ്ണിനെ മറക്കാത്ത ശീലമുള്ള മലയാളി അയര്‍ലണ്ടിലെ വളക്കൂറുള്ള മണ്ണില്‍ വിത്തെറിഞ്ഞു കനകം വിളയിക്കുന്ന ആവേശകരമായ കാഴ്ചയാണ് മികച്ച പച്ചക്കറിതോട്ടവും,കൃഷി വൈദഗ്ധ്യവും കണ്ടെത്താന്‍ സംഘടിപ്പിച്ച മത്സരം വഴി കണ്ടെത്താനായത്. നൂറുകണക്കിന് പേരാണ് കൃഷിയിലേയ്ക്കും, ഭക്ഷ്യോത്പാദനത്തിലേയ്ക്കും ആദ്യ ചുവട് വെച്ചിരിക്കുന്നതെന്ന യാഥാര്‍ഥ്യവും മത്സരം വഴി തിരിച്ചറിയാനായി.

വീട്ടിനകത്തും,വീട്ടുവളപ്പിലും,പാട്ടമെടുത്തും കൃഷിയുടെ ആദ്യ ചുവട് വെച്ച നിരവധി പേര്‍, വരും വര്‍ഷങ്ങളിലും കൂടുതല്‍ സന്നാഹത്തോടെ വിളയിറക്കാന്‍ സന്നദ്ധരായി കാത്തിരിക്കുന്നവരാണ്.

അപ്പാര്‍ട്ട്മെന്റുകളുടെയും വീടുകളുടെയും പരിമിതമായ അതിര്‍ത്തികള്‍ക്കുള്ളിലും,ഗ്രീന്‍ ഹൗസുകളിലും നൂറു മേനി വിളവ് എടുക്കുന്നവരും ഏറെയാണ്.

ഇവരെയെല്ലാം പങ്കെടുപ്പിച്ച് കൊണ്ട് അയര്‍ലണ്ടില്‍ കൃഷിയിലും,ഭക്ഷ്യോത്പാദന മേഖലയിലും പ്രവര്‍ത്തിക്കുന്ന മലയാളികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘ഐറിഷ് മലയാളി’യും അയര്‍ലണ്ടിലെ പ്രമുഖ ഭക്ഷ്യോത്പന്നനിര്‍മ്മാണ വിതരണ ഗ്രൂപ്പായ ഫ്ലോറ ടെക്ക് ട്രേഡിംഗ് ലിമിറ്റഡും ചേര്‍ന്ന് ഒരുക്കിയ മത്സരത്തില്‍ ആകെ 52 എന്‍ട്രികളാണ് ലഭിച്ചത്.കൃഷി മേഖലയില്‍ അനുഭവജ്ഞാനവും,വൈദഗ്ധ്യവുമുള്ളവരടങ്ങിയ മൂന്നംഗ ജഡ്ജിംഗ് പാനല്‍ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത ഇരുപതോളം എന്‍ട്രികളില്‍ നിന്നാണ് വിവിധ വിഭാഗങ്ങളിലുള്ള വിജയികളെ തിരഞ്ഞെടുത്തത്.

അഞ്ചു വിഭാഗങ്ങളിലായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നത്. വീടുമായി ചേര്‍ന്നോ അല്ലാതെയോ ഫാമിലോ/അഥവാ വീടിനോടു ചേര്‍ന്നോ പക്ഷികളെയോ,മൃഗങ്ങളെയോ/തേനീച്ച അടക്കമുള്ള ജീവികളെയോ പരിപാലിക്കുന്നവര്‍ക്കുള്ള ഹരിതജീവന്‍ ഐറിഷ് മലയാളി-ഫ്ലോറ ടെക്ക് ട്രേഡിംഗ് ലിമിറ്റഡ് ഗ്രീന്‍ അവാര്‍ഡിന് അര്‍ഹതയുള്ള എന്‍ട്രികള്‍ സമര്‍പ്പിക്കപ്പെട്ടില്ലെന്ന് ജഡ്ജിംഗ് പാനല്‍ നിരീക്ഷിച്ചതിനാല്‍ ആ ഇനത്തില്‍ അവാര്‍ഡ് നല്കപ്പെടുകയില്ല.
മറ്റ് അവാര്‍ഡുകള്‍ക്ക് അര്‍ഹരായവര്‍:
1.ഹരിതഗൃഹം അവാര്‍ഡ് 
വീട്ടു വളപ്പിലോ / വീടിനുള്ളിലോ കൃഷി നടത്തിയിരിക്കുന്നവര്‍ക്കായുള്ള ഹരിതഗൃഹം ഐറിഷ് മലയാളി-ഫ്ലോറ ടെക്ക് ട്രേഡിംഗ് ലിമിറ്റഡ് ഗ്രീന്‍ അവാര്‍ഡ്

ഹരിതഗൃഹം അവാര്‍ഡിന് മൂന്ന് പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
സോജന്‍ ആന്റണി ഇടശ്ശേരി കൊറ്റം ,അങ്കമാലി :ഡബ്ലിന്‍ രഹേനിയിലെ സോജന്‍ ആന്റണിക്ക് കൃഷി ഒരു ജീവിത രീതി തന്നെയാണ്.അയര്‍ലണ്ടില്‍ വന്ന കാലം മുതല്‍ ഈ മണ്ണില്‍ എന്ത് വിളയുമെന്ന ജിജ്ഞാസ,പരീക്ഷണത്തിന് വഴിമാറിയപ്പോള്‍ വിളഞ്ഞത് നൂറുമേനിയാണ്.കാന്താരി മുതല്‍ പനികൂര്‍ക്ക വരെ ഐറിഷ് മണ്ണില്‍ ലോഭമില്ലാതെ വളരുമെന്ന് ഈ കൊറ്റംകാരന്‍ സാക്ഷ്യപ്പെടുത്തുന്നു.സ്വിറ്റ്സ്സര്‍ലാന്‍ഡില്‍ നിന്നും കൊണ്ടുവന്ന കാന്താരിയാണ് അയര്‍ലണ്ടിലെ മണ്ണില്‍ ചേരുകയെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കിലോക്കണക്കിനായി വിളവ്.
കപ്പയും,പാവലും,വഴുതനയും,മുതല്‍ മുന്തിരി വരെ വൈവിധ്യമാര്‍ന്ന ഇനങ്ങളാണ് സോജന്റെ കൃഷിയിടത്തെ സമ്പന്നമാക്കുന്നത്.
അനീഷ് ജോണ്‍:ഓമല്ലൂര്‍ പത്തനംതിട്ട 
ജോലി കഴിഞ്ഞാല്‍ അനീഷ് ജോണ്‍ കൃഷിയിടത്തിലാണ്.ബ്രോക്കോളിയും,കോളിഫ്‌ലവറുമടക്കം ഒട്ടേറെ പ്രാദേശിക വിളകളുടെ കൃഷിയ്ക്കാണ് അനീഷ് ജോണ്‍ പ്രാധാന്യം നല്‍കുന്നത്.കാബേജും,കാരറ്റും ബീറ്റ് റൂട്ടും,വെളുത്തുള്ളിയും,ചെറിയുള്ളിയും വിളയിച്ചെടുത്തത് ഗ്രീന്‍ ഹൗസിലാണ്.മുടക്കു മുതലായെങ്കിലും കൃഷിയും വിളയും തന്ന ആത്മവിശ്വാസവും സംതൃപ്തിയും വിലമതിയ്ക്കാനാവില്ലെന്നാണ് അനീഷിന്റെ അഭിപ്രായം.നൂറിലധികം സ്‌ട്രോബറി ചെടികളാണ് അനീഷിന്റെ കൃഷിയിടത്തിലുള്ളത്.

സ്വന്തമായുള്ള കമ്പോസ്റ്റും,മത്തിയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന ഫിഷ് അമ്‌നോ ആസിസും ഒഴികെ മറ്റൊന്നും വളമായി ഉപയോഗിക്കാറില്ലായിരുന്നു.വീട്ടിലെ ആവശ്യത്തിന് മാത്രമല്ല,ഒട്ടേറെ സുഹൃത്തുക്കള്‍ക്കും ഉല്‍പ്പന്നങ്ങള്‍ പങ്കുവെക്കാനായതിലാണ് ഈ ഐടി ക്കാരന്റെ സന്തോഷമേറെയും.

അലക്‌സ് ജോണ്‍ കുമ്മിണിച്ചിറ,പേരൂര്‍,കോട്ടയം 
ഹരിതഗൃഹം അവാര്‍ഡിന് അര്‍ഹനായ അലക്‌സ് ജോണ്‍ അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ പാവയ്ക്കാ വിളയിച്ച കര്‍ഷകന്‍ ആയിരിക്കും എന്നതില്‍ സംശയമില്ല.ഇരുപത് കിലോയോളം പാവയ്ക്കായാണ് കാവനിലെ ഈ കൊച്ചു കൃഷിയിടത്തില്‍ നിന്നും അലക്‌സ് വിളയിച്ചെടുത്തത്. കാവനിലെ മണ്ണ് കൃഷിയ്ക്ക് അനുകൂലമാണ്.പിന്നെ കഠിനാദ്ധ്വാനവും.ഓരോ തവണയും നാട്ടില്‍ നിന്നുംപോരുമ്പോള്‍ കൃഷി വിത്തുകളും,കൃഷി ഉപകരണങ്ങളുമാവും ലഗേജില്‍ അധികവും.മുല്ല മുതല്‍ ആപ്പിള്‍ മരം വരെ തഴച്ച് വളരുന്ന അലക്‌സിന്റെ കൃഷിയിടത്തില്‍ സ്‌ട്രോബറിയും,റാസ് ബറിയും നല്ല ആദായം നല്‍കുന്നുണ്ട്.

കമ്പോസ്റ്റ് വളം മാത്രം ഉപയോഗിച്ച് ഓര്‍ഗാനിക്ക് രീതിയിലാണ് അലക്‌സിന്റെ കൃഷി.പോളിറ്റണലിനുള്ളിലാണ് കൂടുതല്‍ ഇനങ്ങളും കൃഷി ചെയ്യുന്നത്.അടുത്തവര്‍ഷവും കൂടുതല്‍ ഇനങ്ങള്‍ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് അലക്സും കുടുംബവും.
2.ഹരിതസംഘ 
സംഘം ചേര്‍ന്ന്/ സ്വകാര്യഭൂമിയില്‍ അഥവാ ലീസ് ഭൂമിയില്‍ കൃഷി നടത്തുന്നവര്‍ക്കുള്ള ഹരിതസംഘ ഐറിഷ് മലയാളി-ഫ്ലോറ ടെക്ക് ട്രേഡിംഗ് ലിമിറ്റഡ് ഗ്രീന്‍ അവാര്‍ഡ്:

സാന്‍ട്രിയിലെ മലയാളികളായ ജോണ്‍ ചാക്കോ (പൂങ്കാവ്)അനീഷ് കുര്യാക്കോസ് (കോട്ടയം) ഷീന്‍ കുര്യന്‍ (പുതുപള്ളി)തോമസ് വയലില്‍ അമയന്നൂര്‍, പ്രിന്‍സ് പുന്നശ്ശേരി ഉഴവൂര്‍ എന്നിവര്‍ ചേര്‍ന്ന് ടാക്‌സെക് എന്ന പേരില്‍ മാലഹൈഡില്‍ ഭൂമി ലീസിനെടുത്ത് നടത്തിയ കൃഷിയ്ക്കാണ് ഇതാദ്യമായി ‘ഹരിത സംഘ’അവാര്‍ഡ് ലഭിച്ചത്.

ഐടി മേഖലയിലും,ടാക്‌സി സര്‍വീസിലുമൊക്കെയായി ജോലി ചെയ്യുന്നവര്‍ വിശ്രമസമയങ്ങള്‍ വെട്ടിച്ചുരുക്കിയാണ് കൃഷിയ്ക്കായി സമയം കണ്ടെത്തിയത്.

അയര്‍ലണ്ട് എപ്പിലെപ്‌സി ഫൗണ്‍ഡേഷന്റെ ഭൂമിയില്‍ ഒരു വര്‍ഷം മൂന്നൂറോളം യൂറോ പ്രതിഫലം നല്‍കിയാണ് ഇവര്‍ കൃഷിയിറക്കിയത്. ആയിരത്തോളം യൂറോ ചിലവില്‍ പോളിടണല്‍ നിര്‍മ്മിച്ചാണ് പാവല്‍, പടവലം, ചേമ്പ് , വാഴ , കോവല്‍ , ബീറ്റ്‌റൂട്ട് , തക്കാളി തുടങ്ങി വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ വിളയിച്ചെടുത്തത്.

‘ഒരു പരീക്ഷണമായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളിലെ കൃഷി,നല്ല വിളവ് കിട്ടിയതോടെ ഇവയൊക്കെ ഇവിടെ വിളയുമോ എന്ന സംശയിച്ചിരുന്നവര്‍ക്ക് കൂടുതല്‍ ധൈര്യം നല്‍കുന്നുണ്ട്.അടുത്ത വര്‍ഷങ്ങളിലേക്കുള്ള പ്രചോദനമാകും അതെന്ന് ഉറപ്പുണ്ട്.സംഘാംഗമായ  ജോണ്‍ ചാക്കോ പറയുന്നു
3.ഹരിതവൃക്ഷ
പ്രത്യേക മരം അഥവാ ചെടി സംരക്ഷിക്കുന്നവര്‍ക്കുള്ള ഹരിത വൃക്ഷ ഐറിഷ് മലയാളി-ഫ്ലോറ ടെക്ക് ട്രേഡിംഗ് ലിമിറ്റഡ് ഗ്രീന്‍ അവാര്‍ഡ്:

ഗോള്‍വേ കൗണ്ടിയിലെ ഗോര്‍ട്ടിനടുത്ത അര്‍ഡ്രഹനില്‍ നിന്നുള്ള കണ്ണൂര്‍ ചുങ്കക്കുന്ന് സ്വദേശി ഡെന്‍സില്‍ ജോസഫ് വെട്ടിക്കാപ്പള്ളിയാണ് ഹരിതവൃക്ഷ അവാര്‍ഡിന് അര്‍ഹനായത്.സ്വന്തമായി വാങ്ങിയ എഴുപത് സെന്റ് സ്ഥലത്ത് വീടിന് ചുറ്റുമായി വിവിധ ഇനം കൃഷികളാണ് ഡെന്‍സിലിന് ഉള്ളത്.കേരളത്തില്‍ നിന്നും കൊണ്ടുവന്ന പച്ചക്കറി ഇനങ്ങളും ,ഉരുളക്കിഴങ്ങ്,സബോള,എന്നിവയടക്കമുള്ള ഐറിഷ് ഇനങ്ങളും യഥേഷ്ടം വിളയുന്ന ഡെന്‍സിലിന് പക്ഷേ പൂ കൃഷിയോടാണ് ഏറെ താത്പര്യം.ഹരിത വൃക്ഷ അവാര്‍ഡിനായി പരിഗണിച്ചതും ഡെന്‍സിലിന്റെ പൂക്കൃഷി തന്നെയാണ്.
അയര്‍ലണ്ടില്‍ ഏറെ സാധ്യതയുള്ള ഇനമാണ് പൂകൃഷി എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍.

4 ഹരിതസ്നേഹ
അയര്‍ലണ്ടില്‍ വളരുമെന്ന് പ്രതീക്ഷിക്കാനാവാത്ത ഇനം ചെടികള്‍ / മരങ്ങള്‍ പരിപാലിക്കുന്നതിനായി പരീക്ഷണം നടത്തുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ഹരിതസ്നേഹ ഐറിഷ് മലയാളി-ഫ്ലോറ ടെക്ക് ട്രേഡിംഗ് ലിമിറ്റഡ് ഗ്രീന്‍ അവാര്‍ഡിന് അര്‍ഹയായത് ബ്രേയിലെ ഷാങ്കലില്‍ നിന്നുള്ള മിനി വര്‍ഗീസാണ്.സെന്റ് കൊളംസീസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ഈ തൊടുപുഴ മുട്ടം സ്വദേശിനിയ്‌ക്കൊപ്പം ഭര്‍ത്താവ് മുട്ടം  കൊച്ചുപറമ്പില്‍ കുടുംബാംഗം ജോയി ജോസഫ് കൃഷിയിലും തുണയായി.
കപ്പയും,ചേമ്പും,നെല്ലുമടക്കം അപ്പാര്‍ട്ട്‌മെന്റിന്റെ മൂന്നാം നിലയില്‍ ‘പരീക്ഷണം’ നടത്തിയാണ് മിനി വര്‍ഗീസ് കൃഷിയോടുള്ള ആഭിമുഖ്യം തെളിയിച്ചത്.

വിജയികള്‍ക്കുള്ള സമ്മാനദാനചടങ്ങുകളുടെ വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.വിജയികള്‍ക്ക് ട്രോഫിയും,കാഷ് അവാര്‍ഡും നല്‍കപ്പെടും.വിശ്വാസ് ഫുഡ്സ് ലിമിറ്റഡ്,ഡബ്ലിള്‍ ഹോഴ്സ് എന്നി പ്രമുഖ കമ്പനികളും ഐറിഷ് മലയാളിയോടൊപ്പം മത്സരത്തിന്റെ മുഖ്യ സ്പോണ്‍സര്‍മാരായിരിക്കും.മറ്റൊരു സ്‌പോണ്‍സറായ ഡിലൈറ്റ് ഫുഡ്‌സ് എന്ന ട്രേഡ് നേമില്‍ അറിയപ്പെടുന്ന ഫ്ലോറ ടെക്ക് ട്രേഡിംഗ് കമ്പനിയാണ് നവംബറില്‍ അയര്‍ലണ്ടിലെ വിവിധ കേന്ദ്രങ്ങളില്‍ നവംബര്‍ മാസത്തില്‍ നടത്തപ്പെടുന്ന തൈക്കൂടം ബ്രിഡ്ജിന്റെയും സംഘാടകര്‍.

മികച്ച കൃഷിക്കാരുടെ അനുഭവങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള വീഡിയോ പതിപ്പ് സമ്മാനദാനത്തോട് അനുബന്ധിച്ച് പ്രകാശനം ചെയ്യുന്നതാണ്.സമ്മാനദാന ചടങ്ങില്‍ അയര്‍ലണ്ടിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും,മറ്റ് പ്രമുഖരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top