Monday July 16, 2018
Latest Updates

ഫിനഗേല്‍ നേതൃത്വ മത്സരം അന്തിമ ഘട്ടത്തില്‍: ഇന്ത്യന്‍ വംശജന്‍ ലിയോ വരേദ്കര്‍ ഏറെ മുന്നില്‍

ഫിനഗേല്‍ നേതൃത്വ മത്സരം അന്തിമ ഘട്ടത്തില്‍: ഇന്ത്യന്‍ വംശജന്‍ ലിയോ വരേദ്കര്‍ ഏറെ മുന്നില്‍

ഡബ്ലിന്‍ : അയര്‍ലണ്ടിലെ   ഫിനഗേല്‍ പാര്‍ട്ടിയുടെ നേതൃത്വ മത്സരം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുന്നവേളയില്‍ ഇന്ത്യന്‍ വംശജന്‍ ലിയോ വരേദ്കര്‍ ഐറിഷ് പ്രധാനമന്ത്രിയാകുമെന്ന സൂചനകള്‍ ശക്തമാകുന്നു.എതിരാളികള്‍ വരേദ്കറിന്റെ നല്ല ഇമേജിനെയാണ് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് അതുകൊണ്ടു തന്നെ പ്രമുഖ എതിരാളി സൈമണ്‍ കോവേനിയുടെ അനുയായികളടക്കം വരേദ്കറിന്റെ വ്യക്തിഹത്യക്ക് കാരണം തേടി അലയുമ്പോഴും മത്സരക്കളത്തില്‍ ഏറെ മുമ്പിലാണ് ഇപ്പോഴും അദ്ദേഹം

ഓരോ സര്‍ക്കാര്‍ വകുപ്പിന്റെയും ഇടനാഴികളിലും അകത്തളങ്ങളിലും വരേദ്കറെ അടിക്കാനുള്ള വടി തേടുകയാണ് അവര്‍.വരേദകര്‍ക്ക് മാധ്യമങ്ങള്‍ നല്‍കിയിട്ടുള്ള ആകര്‍ഷകത്വത്തെ എങ്ങനെയും വികൃതമാക്കണം.അത് മാത്രമാണ് അവരുടെ ലക്ഷ്യം.ഇതിനായി കോവേനിയുടെ അനുയായികള്‍ ആയുധങ്ങള്‍ മൂര്‍ഛകൂട്ടുകയാണ്.എന്നാല്‍ അതൊന്നും നടക്കാന്‍ പോകുന്നില്ലെന്നാണ് പൊതുവില്‍ നിരീക്ഷിക്കപ്പെടുന്നത്.

സൈമണ്‍ കോവേനിക്ക് മത്സരിക്കാന്‍ അത്രകണ്ട് താല്‍പ്പര്യമില്ലെന്നും പറയുന്നവരുണ്ട്.
‘വ്യവസായ രാജകുമാരനായ, ഒരളവില്‍ ‘നിഷ്‌കളങ്കനുമായി സ്വയം വിശേഷിപ്പിക്കപ്പെടുന്ന കോവേനി മല്‍സരത്തിനൊടുവില്‍ ഫിനഗേല്‍ നേതൃത്വം തന്നെത്തേടിയെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ്.ചില അനുയായികള്‍ എന്തോ ചില ഗൂഢനീക്കങ്ങള്‍ വരേദ്കര്‍ക്കെതിരെ പടയൊരുക്കണമെന്നു പറയുന്നുണ്ട്.എന്നാല്‍ കോവേനിയുടെ ശൈലി അതല്ല,അദ്ദേഹം ഒരിക്കലും അങ്ങനെ ചെയ്യില്ല’കോവേനി ക്യാംപിലെ ഉന്നതന്‍ വെളിപ്പെടുത്തി.

‘അദ്ദേഹം സൃഷ്ടിച്ചെടുത്ത ആ വ്യക്തതിത്വം നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നത്.വെറും രാഷ്ട്രീയ എതിരാളിയെന്നതിലുപരി കര്‍മ്മോല്‍സുകനായ ഒരു മന്ത്രിയെന്ന സ്ഥാനമാണ് അദ്ദേഹം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുന്നത്.ഏത് സാഹചര്യത്തിലും ദുര്‍ബലമായ ഗവണ്‍മെന്റിനെ നിലനിര്‍ത്തുന്നതിനു കഴിയുന്ന ഒരാളായി അവതരിപ്പിക്കപ്പെടാനാണ് കോവേനി ഇഷ്ടപ്പെടുന്നത്,നെറികെട്ട രാഷ്ട്രീയത്തില്‍ കോവേനിക്ക് താല്‍പര്യമില്ല. നയപരമായി പാര്‍ടിയെ കീഴടക്കുകയെന്നതാണ് രീതി.പരസ്പരം ചെളി വാരിയെറിയുകയും കൈ കൊടുക്കുകയും ചെയ്യുന്ന വൃത്തികെട്ട രാഷ്ട്രീയം കോവേനി ആഗ്രഹിക്കുന്നില്ല’.ഇദ്ദേഹം തുടര്‍ന്നു.

‘ഫിനഗേല്‍ പാര്‍ട്ടിയുടെ നേതൃത്വ മല്‍സരം വിലകുറഞ്ഞ രാഷ്ട്രീയ മല്‍സരമാകില്ല.രണ്ടു മാന്യന്മാരുടെ ബോക്സിങ് മല്‍സരമായിരിക്കും അത്. അതൊരു രക്തത്തില്‍ കുളിച്ച ഗുഹാ യുദ്ധവുമാകാം’.വരേദ്കറുടെ
കാര്യങ്ങളെല്ലാം വേണ്ട വിധം മനസ്സിലാക്കിയാണ് കോവേനിയുടെ ക്യാംപ് നീങ്ങുന്നത്.അതുതന്നെയാണ് അവരെ അസ്വസ്ഥമാക്കുന്നതും!.

കീരീട ധാരണത്തിനായി രക്തം ചിന്താന്‍ തയ്യാറായ രാജകീയ പടയാളികളേയും വരേദ്കര്‍ എന്ന രാജാവിനേയും എതിരാളികള്‍ നന്നായി അറിയുന്നുണ്ട്.കോവേനിയുടെ കരുത്തില്‍ വിറളിപൂണ്ടവരാണ് വരേദ്കര്‍ക്കെതിരെ സ്വഭാവഹത്യക്ക് ഇറങ്ങിപുറപ്പെട്ടിരിക്കുന്നതെന്ന് വരേദകറുടെ ഉറ്റ അനുയായികള്‍ പറയുന്നു.സ്വവര്‍ഗാനുരാഗിയാണ് എന്നതും ഇന്ത്യന്‍ വംശജനാണ് എന്നതും വരേദ്കറുടെ ഗ്രേഡിംഗ് കൂട്ടുകയേ ഉള്ളു എന്നാണ് പൊതു അഭിപ്രായം തന്നെ.

കഴിഞ്ഞയാഴ്ചയിലുണ്ടായ രണ്ട് സംഭവങ്ങള്‍ കോവേനി ക്യാംപിനെ ഞെട്ടിച്ചുകളഞ്ഞു. ഭവനമന്ത്രിയുടെ പ്രവര്‍ത്തനം വിലയിരുത്തിക്കൊണ്ടുള്ള പാര്‍ട്ടിയുടെ രഹസ്യ റിപോര്‍ട് പുറത്തായതാണ് അതിലൊന്ന്. ഭവനമന്ത്രിയുടെ പോരായ്മകള്‍ അക്കമിട്ട് നിരത്തുന്ന ആ റിപോര്‍ട് മാധ്യമങ്ങളില്‍ വാര്‍ത്തയായി. എതിരാളികള്‍ അത് മതിയാവോളം ആഘോഷിച്ചു.അതിനു പിന്നില്‍ വരേദ്കറുടെ തന്ത്രമാണെന്നാണ് കോവേനി ക്യാംപ് സംശയിക്കുന്നത്.

പ്രധാനമന്ത്രി എണ്‍ഡ കെന്നിയുടെ കാനഡാ സന്ദര്‍ശന വേളയില്‍ കോവേനി നടത്തിയ വിവാദ പരാമര്‍ശത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നല്‍കിയ വരേദ്കറുടെ മറുപടിയും കോവേനിയെ വെട്ടിലാക്കുന്നതായിരുന്നു.പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള പടിയിറങ്ങലാണ് കനേഡിയന്‍ സന്ദര്‍ശനമെന്നായിരുന്നു കോവേനിയുടെ അതിനെക്കുറിച്ച് നേരത്തേ നടത്തിയ പ്രതികരണം. എന്നാല്‍ നേതൃമാറ്റത്തെക്കുറിച്ചു ഈ വേളയില്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നായിരുന്നു വരേദ്കര്‍ പറഞ്ഞത്. ഇത് ശരിക്കും കോവേനിയെ കുടുക്കിലാക്കുകതന്നെ ചെയ്തു.

പ്രധാനമന്ത്രിയായല്‍ സൈമണ്‍ ഹാരിസിനെ ആരോഗ്യമന്ത്രിയായി സര്‍ക്കാരില്‍ നിലനിര്‍ത്തുമോയെന്ന മറുചോദ്യവും വരേദ്കര്‍ ഉന്നയിച്ചു.ഇതും ബുദ്ധിപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.നിലവിലുള്ള പ്രധാനമന്ത്രി എന്‍ഡ കെന്നി സ്ഥാനമൊഴിയുമെന്ന് കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ച സാഹചര്യത്തില്‍ എതിരാളികളുടെ ക്യാംപില്‍ വിള്ളല്‍വീഴ്ത്തിയും കൃത്യമായി കണക്കൂകള്‍ക്കൂട്ടിയും കറപുരളാത്ത പ്രതിച്ഛായയുമായി ലിയോവരേദ്കര്‍ നടന്നെത്തുക പ്രധാനമന്ത്രിക്കസേരയിലാകുമോയെന്നത് കാത്തിരുന്നു കാണാം.പോര്‍ച്ചുഗലിന് ശേഷം ഒരു ഇന്ത്യന്‍ വംശജന്‍ കൂടി യൂറോപ്പിലെ തന്ത്രപ്രധാനമായ ഒരു രാജ്യത്തിന്റെ നേതൃത്വത്തില്‍ എത്തുവാനുള്ള സാധ്യതകളാണ് അരങ്ങൊരുങ്ങുന്നത്.
ഐറിഷ് മലയാളി ന്യൂസ്

Scroll To Top