Tuesday November 21, 2017
Latest Updates

അയര്‍ലണ്ടിലെ ജൂറിയായി ബിനു ഡാനിയേല്‍ നിയമിതനായി

അയര്‍ലണ്ടിലെ ജൂറിയായി ബിനു ഡാനിയേല്‍ നിയമിതനായി

ഡബ്ലിന്‍ :ഐറിഷ് മലയാളികളുടെ ഒരു പ്രതിനിധി ഇനി അയര്‍ലണ്ടിലെ ഉന്നതമായ നീതിന്യായ വ്യവസ്ഥയുടെ ഭാഗമാകുന്നു.ലൂക്കനിലെ മലയാളിയായ ബിനു ഡാനിയേലാണ് ഡബ്ലിന്‍ ക്രിമിനല്‍ കോര്‍ട്ടില്‍ ജൂറിയായി തിരഞ്ഞെടുക്കപ്പെട്ടത്.

കോടതി സ്വമേധയായാണ് ഇത്തരമൊരു തിരഞ്ഞെടുപ്പ് നടത്തുന്നത്.വോട്ടര്‍ പട്ടികയില്‍ നിന്നും റാന്‍ഡം അടിസ്ഥാനത്തിലാണ്  ഈ പദവിയിലേയ്ക്കുള്ള നിയമനം.

കോടതി നിശ്ചയിക്കുന്ന കാലാവധിയോളം ജഡ്ജിമാരോടൊപ്പമിരുന്ന് കേസുകളുടെ വാദം കേള്‍ക്കാനും പ്രതി കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന തീരുമാനത്തിലെത്താന്‍ ജഡ്ജിയെ സഹായിക്കുവാനുമാണ് ജൂറിമാരുടെ നിയമനം.

സാധാരണ ഓരോ കേസും കേള്‍ക്കാന്‍ ഒരു സംഘം ജൂറിമാര്‍ ഉണ്ടാവും.കേസിന്റെ ഓരോ ദിവസത്തെ വാദം അവസാനിക്കുമ്പോളും ജൂറിമാര്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള മുറിയില്‍ കൂടിടിയിരുന്നു പ്രതി കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നു പരിശോധിക്കും.

ജൂറിമാര്‍ കേസ് കേട്ട് സംയുക്തമായോ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലോ ഒരു തീരുമാനം എടുക്കും.(ജൂറിമാരുടെ ഇടയില്‍ വലിയ ഭിന്നത ഉണ്ടായാല്‍ ആ ജൂറിമാരെ മാറ്റി പുതിയ സംഘം ജൂറിമാരെ വച്ച് വീണ്ടും കേസ് നടത്തിയാണ് ജൂറിമാരുടെ ഇടയില്‍ അഭിപ്രായ സമുന്നയം ഉണ്ടാക്കി ആണ് വിധി പറയുന്നത്. )ജഡ്ജി ജൂറിമാരുടെ അഭിപ്രായം തേടുമ്പോള്‍ അറിയിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ തന്നെയാവും അന്തിമ വിധി.എന്നാല്‍ ശിക്ഷ വിധിക്കുന്നത് ജഡ്ജി തനിച്ചാണ്.

ഐറിഷ് കോടതികളുടെ ജനാധിപത്യ മുഖം കൂടിയാണ് ജൂറി സിസ്റ്റം.ജൂറിമാരില്‍ കൂടി കണ്ടെത്തുന്നത് നീതിന്യായ വ്യവസ്ഥയിലെ സാധാരണക്കാരന്റെ വീക്ഷണമാണ്. ജൂറി സിസ്റ്റം തുടങ്ങിയത് 1168 ല്‍ ജോണ്‍ ഹെന്‍ട്രി രണ്ടാമന്‍ രാജാവിന്റെ കാലത്താണ്.അമേരിക്ക ഉള്‍പ്പെടെ 13 ബ്രിട്ടീഷ് കോളനികളില്‍ ഇപ്പോഴും ഇത് തുടര്‍ന്ന് പോരുന്നു.സമൂഹത്തിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന 12 പേരടങ്ങുന്നതാവും സാധാരണയായി ഓരോ കേസിലെയും ജൂറി.

ജൂറിയ്ക്ക് നിശ്ചിത ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. ജൂറിയായി തിരഞ്ഞെടുത്താല്‍ മറ്റു ജോലികള്‍ ഉണ്ടെങ്കിലും കോടതിയില്‍ നിര്‍ബന്ധമായും എത്തിയിരിക്കണം.തൊഴിലുടമയും അതിനുള്ള അനുവാദം നല്‌കേണ്ടി വരും.അങ്ങനെ ചെയ്യാതിരുന്നാല്‍ തൊഴിലുടമയും ജൂറിയായി തിരഞ്ഞെടുക്കപ്പെട്ടയാളും പിഴയൊടുക്കേണ്ടിയും വരും.

കേള്‍ക്കുന്ന കേസിനെപറ്റിയോ അതുമായി കോടതിയില്‍ നടക്കുന്ന വ്യവഹാരങ്ങളെ പറ്റിയുമുള്ള കാര്യങ്ങള്‍ രഹസ്യമായി വയ്ക്കുകയും വേണം.മറ്റാരോടെങ്കിലും കേസ് സംബന്ധമായ വിവരങ്ങള്‍ പറയുകയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്

കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആകെ സംസാരിക്കാവുന്നത് സഹജൂറിമാരോട് മാത്രം.അതും ജൂറികള്‍ക്ക് അനുവദിച്ചിട്ടുള്ള റൂമില്‍ വച്ച് മാത്രം.ജൂറിമാരുടെ വസ്ത്ര ധാരണം കോടതി മര്യാദകള്‍ക്ക് ചേര്‍ന്നതാവണം, ബര്‍മുഡയോ, തൊപ്പിയോ, ധരിക്കാന്‍ പാടില്ല തുടങ്ങി ഒട്ടേറെ നിബന്ധനകള്‍ പുതിയ പദവിയില്‍ ചുമതലയേല്‍ക്കുന്നതോടെ ബിനുവും അനുവര്‍ത്തിക്കേണ്ടി വരും.

കഴിഞ്ഞ ദിവസം നിയമനം അറിയിച്ചു കൊണ്ടുള്ള കോടതി സമന്‍സ് എത്തുമ്പോള്‍ ആദ്യം അമ്പരന്നു പോയെന്നു ബിനു പറഞ്ഞു.പിന്നീട് ജൂറിയുടെ ഉത്തരവാദിത്വം അറിഞ്ഞപ്പോള്‍ അല്പ്പം ഭയവും!.എന്തായാലും ഭാഗ്യദേവത തന്നെ നീതിയുടെ നിരീക്ഷണക്കാരനായി തിരഞ്ഞെടുത്തതിന്റെ സന്തോഷത്തിലാണ് നിലമ്പൂര്‍ എടക്കര പുതുപറമ്പില്‍ ബിനു ഡാനിയേല്‍.

കേരള ഹൗസ്,മലയാളം,ഐറിസ് ഫിലിം സൊസൈറ്റി എന്നി മലയാളി സംഘടനകളുടെ കമ്മിറ്റിയംഗമായ ബിനു അയര്‍ലണ്ടിലെ അറിയപ്പെടുന്ന ചെസ് മത്സര സംഘാടകന്‍ കൂടിയാണ്.

ഭാര്യ രേണു അബ്രാഹം സെന്റ് ജെയിംസസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ്.നിവേദും,നന്മയുമാണ് മക്കള്‍.

ഫെബ്രുവരി മാസത്തില്‍ ബിനു, ജൂറിയായി സത്യ പ്രതിന്ജ ചെയ്ത് ചുമതലയേല്ക്കും

Scroll To Top