Tuesday November 21, 2017
Latest Updates

മലയാളത്തെ അവഗണിക്കുന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിനെ മലയാളികള്‍ എന്തിന് പിന്തുണയ്ക്കണം ?

മലയാളത്തെ അവഗണിക്കുന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിനെ മലയാളികള്‍ എന്തിന് പിന്തുണയ്ക്കണം ?

ഇന്ത്യന്‍ സിനിമയെന്ന് പറഞ്ഞാല്‍ ഉത്തരേന്ത്യന്‍ ഗോസ്വാമികളുടെ കുത്തകയാണെന്ന് തോന്നലുണ്ടാക്കും വിധമാണ് അയര്‍ലണ്ടിലും ഐറിഷ് ഇന്ത്യാ ഫിലിം ഫെസ്റ്റിവലിന് ഇന്ന് കൊടിയേറുന്നത്.ഹിന്ദി സിനിമ എന്ന സാംസ്‌ക്കാരിക രൂപം നിശ്ചയമായും ഇന്ത്യന്‍ ദേശീയതയെ വൈരുദ്ധ്യാത്മകമായിട്ടാണ് അനാവരണം ചെയ്യുന്നത്. അധീശത്വപരവും വരേണ്യവുമായ ഒരു വ്യവഹാരം; സാമ്രാജ്യത്വപരവും ബഹു സാംസ്‌കാരികപരവും ആയ പാരമ്പര്യം; പ്രാദേശിക വൈവിധ്യങ്ങളെ ചിലപ്പോള്‍ ഉള്‍പ്പെടുത്തിയും മറ്റു ചിലപ്പോള്‍ പരിഹാസ്യമാക്കിയും ഇനിയും ചിലപ്പോള്‍ തമസ്‌കരിച്ചും ഉള്ള ദേശത്തിനകത്തെ ആധിപത്യവാസനകളുടെ ആഘോഷം എന്നിങ്ങനെ നിരവധി പ്രതലങ്ങളാണ് ബോളിവുഡിനുള്ളത്. 

മിക്കപ്പോഴും ഭാരതത്തിനുള്ളില്‍ മാത്രം കണ്ടു വന്നിരുന്ന ഇത്തരം പ്രവണതകള്‍ ദേശാന്തരങ്ങള്‍ കടന്നുവരുമ്പോഴും പ്രതിഫലിക്കുന്നത് ഭൂഷണമെന്ന് കരുതാനാവില്ല.സിറാജ് സൈദി എന്ന ഒറ്റയാള്‍ പട്ടാളം നടത്തുന്ന ഒരു അനുഷ്ഠാനത്തിനപ്പുറമുള്ള ആഘോഷമായി അയര്‍ലണ്ടിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.വിപുലമായ ഒരുക്കങ്ങലോടെ സര്‍ക്കാര്‍ അര്‍ഥ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഈ ഉത്സവത്തെ അംഗീകരിക്കുമ്പോള്‍ ഭാരതത്തിന്റെ വൈവിധ്യപൂര്‍ണ്ണമായ സാംസ്‌കാരിക പ്രതലങ്ങളെ അവതരിപ്പിക്കാനുള്ള അവസരം മലയാളം അടക്കമുള്ള ഭാഷകള്‍ക്കും നല്‍കേണ്ടതായിരുന്നു.

മതഭാഷാപ്രാദേശിക സ്വത്വങ്ങള്‍ക്കകത്തും പുറത്തുമായി ആവിഷ്‌കരിക്കപ്പെടുന്ന ദേശീയതയുടെയും ഉപദേശീയതകളുടെയും പ്രതിനിധാനങ്ങളാണ് ബോളിവുഡിനെയും ഇതര ഇന്ത്യന്‍ സിനിമകളെയും സവിശേഷ ശ്രദ്ധയാകര്‍ഷിക്കപ്പെടുന്ന പഠനമേഖലയാക്കി മാറ്റുന്നത്.അതില്‍ തന്നെ ഭാഷാപരമായ വൈജാത്യം ഇല്ലാതെ ദേശീയമായ പേരുപോലും ഉപയോഗിക്കപ്പെടുന്നത് തെറ്റായ ധാരണകള്‍ക്ക് വഴിതെളിയ്ക്കും.ബോളിവുഡ് സിനിമകള്‍ മാത്രമാണ് ഇന്ത്യന്‍ സിനിമ എന്ന് ഇതര രാജ്യക്കാരെ മനസിലാക്കിക്കുന്നത് ഭൂഷണമല്ല.

ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലൂടെ നടത്തപ്പെടുന്ന ആഘോഷം എന്ന നിലയിലും ഇന്ത്യന്‍ സിനിമയുടെ വിവിധ ഭാവതലങ്ങളെ ഇത്തരം ഫിലിം ഫെസ്റ്റിവലുകളില്‍ ഉള്‍പ്പെടുത്തുന്നുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതുണ്ടായിരുന്നു.

അടൂരും, എം.ടിയും , അരവിന്ദനും , കെ ജി ജോര്‍ജും അടക്കമുള്ളവര്‍ മലയാള സിനിമയില്‍ സൃഷ്ട്ടിച്ച വിപ്ലവകരമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറുന്ന ലാല്‍ ജോസ് അടക്കമുള്ള നിരവധി കരുത്തുള്ള സിനിമാ പ്രവര്‍ത്തകരുടെ സിനിമകള്‍ മലയാളത്തിന് ഉണ്ടെന്ന് ഹിന്ദി സിനിമാ പ്രവര്‍ത്തകര്‍ അറിയാതെ പോവുന്നത് അത്ഭുതകരമാണ്.

ഡണ്‍ഡ്രത്തെ മൂവീസ് അറ്റ് ഡണ്‍ഡ്രത്തെ പ്രധാനവേദിയിലോ,ടെമ്പിള്‍ ബാറിലെ ഫിലിം ബേസിലോ,ഒരൊറ്റ മലയാളം സിനിമാ പോലും പ്രദര്‍ശിപ്പിക്കുന്നില്ല എന്നത് മലയാള സിനിമയെ അപമാനിക്കുന്നത തരത്തിലായിപ്പോയി.അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യാക്കാര്‍ ഉള്ളത് കേരളത്തില്‍ നിന്നാണ് എന്ന പരിഗണനയെങ്കിലും സിറാജ് സൈദിയും സംഘാടകരും നല്‍കേണ്ടതായിരുന്നു.

പ്രധാന പ്രദര്‍ശനത്തില്‍ മലയാളത്തെ ഉള്‍പ്പെടുത്തിയില്ല എന്ന മുറവിളി ഉയര്‍ന്നത് കൊണ്ട് മാത്രം പ്രാദേശികമായി നിര്‍മ്മിക്കപ്പെട്ട ഫീച്ചര്‍ ഫിലിമുകളുടെ വിഭാഗത്തില്‍ മലയാളത്തെ ഉള്‍പ്പെടുത്താന്‍ സംഘാടകര്‍ നിര്‍ബന്ധിതരായി.പ്രാദേശികമായി മറ്റൊരു ഭാഷയില്‍ നിന്നും ഇന്ത്യന്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടില്ല എന്നൊരു കാരണവും ഈ തിരഞ്ഞെടുപ്പിന് നിദാനമായി.ജിജോ എസ് പാലാട്ടിയുടെ ‘ഹാപ്പി ഇന്‍ഡിപെണ്ടന്‍സ് ഡേ ,പരകായ പ്രവേശം,ബിജു മുള്ളംകുഴിത്തടത്തിലിന്റെ ‘ഷോര്‍ട്ട് സൈറ്റ് ‘അജിത് കേശവന്റെ ‘ഹൈഡ് ആന്‍ഡ് സീക്ക് ‘ഡി ഐ റ്റി വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന മി ബുഡഡി മുഹമദ്,ഡ്രോഗഡയിലെ കലാസംഘം അവതരിപ്പിക്കുന്ന ‘ഓണം ‘എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ അങ്ങനെ മലയാളത്തിന്റെ പേരില്‍ മേളയില്‍ എത്തും.അയര്‍ലണ്ടിലെ പേരെടുത്ത ഈ മലയാളി കലാകാരന്‍മാരുടെ ഷോര്‍ട്ട് ഫിലിമുകള്‍ പ്രദര്‍ശിപ്പിക്കാന്‍ തിരഞ്ഞെടുത്ത സ്ഥലം പക്ഷെ ഡബ്ലിന്‍ ഡി ഐ റ്റി യിലെ ഒരു ചെറിയ മുറിയാണ്.നാളെ(ശനി ) ഉച്ചയക്ക് 1.30 മുതലാണ് മലയാളം ഷോര്‍ട്ട് ഫിലിമുകളുടെ പ്രദര്‍ശനം.

ഇന്ന് (വെള്ളി ) വൈകിട്ട് 5 മുതല്‍ ഡണ്‍ഡ്രത്തെ മൂവീസ് അറ്റ് ഡണ്‍ഡ്രത്ത് ഉത്ഘാടന ചടങ്ങുകള്‍ ആരംഭിക്കും.6.15 ന് നടക്കുന്ന ഉത്ഘാടന സമ്മേളനത്തില്‍ മന്തിമാരും,എംബസി,കൗണ്‍സില്‍ പ്രതിനിധികളും പങ്കെടുക്കും.7 മണിയ്ക്ക് ശ്യാം ബെനഗലിന്റെ സിനിമാ ദി മാസ്റ്റര്‍ പ്രദര്‍ശിപ്പിക്കും.സംവിധായകന്‍ തീയെറ്ററില്‍ സന്നിഹിതനായിരിക്കും.തുടര്‍ന്ന് 8.15 മണിയ്ക്ക് ഹിന്ദി സിനിമ മര്‍ദ്ധാനിയുടെ പ്രദര്‍ശനം.

ശനിയാഴ്ച്ച മാനിക്കിയ (കന്നഡ)കജാരിയ (ഹിന്ദി)നാ ബംഗാരു താളി (തെലുങ്ക് )അങ്കുര്‍ അരോറ മര്‍ഡര്‍ കേസ് (ഹിന്ദി ),ഞായറാഴ്ച്ച ചെന്നൈ എക്‌സ്പ്രസ് (ഹിന്ദി )ഗുലാബ് ഗാങ്ങ്(ഹിന്ദി)ക്യൂണ്‍ (ഹിന്ദി )തിങ്കളാഴ്ച്ച സ്റ്റാന്‍ലി കാ ഡബ്ബ (ഹിന്ദി )ഭാഗ് മാലിക് ഭാഗ് (ഹിന്ദി )ഭൂമിക (ഹിന്ദി )എന്നി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ഞായരാഴ്ച്ച 1.30 ന് ചെസ്റ്റര്‍ ബെറ്റി ലൈബ്രറിയില്‍ ഏക് ദാ കി ടൈഗര്‍ ,സൗജന്യ പ്രദര്‍ശനം ഉണ്ടായിരിക്കും.ഇന്ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് ഗാന്ധി ചിത്രത്തിന്റെ പ്രദര്‍ശനത്തോടെ ടെമ്പിള്‍ ബാറിലെ പ്രദര്‍ശനം ആരംഭിക്കും.

ഫെസ്റ്റിവലിന്റെ ഭാഗമായി സംവിധായകന്‍ ശ്യാം ബെനഗല്‍ ട്രിനിറ്റി കോളജിലെ ലോങ്ങ് റൂം ഹബ്ബില്‍ ഒരു ഹൃസ്വ ചലച്ചിത്ര ശിബിരം നടത്തുന്നുണ്ട്.നാളെ ഉച്ചയ്ക്ക് 11 മുതല്‍ 1 വരെയാണ് ശിബിരം.ചലച്ചിത്ര മേഘലയില്‍ താല്പര്യമുള്ളവര്‍ക്കാണ് പ്രവേശനം.ബുക്കിംഗ് ആവശ്യമാണ്.ബന്ധപ്പെടേണ്ട നമ്പര്‍ : 089 4822337

ഫിലിം ഫെസ്റ്റിവല്‍ കെട്ടിലും മട്ടിലും തനി ബോളിവുഡ് സ്‌റ്റൈലിലാണ് നടക്കുന്നത്.മലയാളം അടക്കമുള്ള ഭാഷകള്‍ക്ക് പ്രതിനിധ്യമില്ലാത്ത ഫിലിം ഫെസ്റ്റിവലിനെ ‘ബോളിവുഡ് ഫിലിം ഫെസ്റ്റിവല്‍ എന്നാണ് വിളിയ്‌ക്കേണ്ടതെന്നു ഡബ്ലിനിലെ മലയാളികളായ കലാ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നുണ്ട്.


മലയാളത്തോടുള്ള സംഘാടകരുടെ അയിത്തം മാറ്റിയില്ലെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ ഇന്ത്യയിലെ എല്ലാ ഭാഷകളെയും ഉള്‍പ്പെടുത്തി ബദല്‍ ഫിലിം ഫെസ്റ്റിവല്‍ നടത്താനും ആലോചനയുണ്ട്.

-റെജി സി ജേക്കബ് 

Scroll To Top