Monday January 22, 2018
Latest Updates

അയര്‍ലണ്ടിലെ കൃഷി ഭൂമി പിടിച്ചെടുക്കാന്‍ വിദേശ കഴുകന്‍മാര്‍:ബാങ്ക് വായ്പയെടുത്തവര്‍ ഊരാക്കുടുക്കിലേയ്‌ക്കോ?

അയര്‍ലണ്ടിലെ കൃഷി ഭൂമി പിടിച്ചെടുക്കാന്‍ വിദേശ കഴുകന്‍മാര്‍:ബാങ്ക് വായ്പയെടുത്തവര്‍ ഊരാക്കുടുക്കിലേയ്‌ക്കോ?

ഡബ്ലിന്‍:ബാങ്കുകള്‍ അയര്‍ലണ്ടിലെ കര്‍ഷകര്‍ക്ക് നല്‍കിയ വായ്പ വിദേശ ഏജന്‍സികള്‍ക്ക് മറിച്ച് നല്‍കുന്നതിനെതിരെ ജനരോഷം ആളുന്നു.ബാങ്കുകളില്‍ കര്‍ഷകര്‍ ഈട് വെച്ചിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം വിദേശ കമ്പനികള്‍ക്ക് അടിയറ വെച്ചുകൊണ്ടാണ് കര്‍ഷകരുടെ പണം വിദേശകമ്പനികളില്‍ നിന്നും ബാങ്കുകള്‍ കൈപ്പറ്റുന്നത്.

കടബാധ്യതയാല്‍ പൊറുതി മുട്ടുന്ന കര്‍ഷകരെ ബാങ്കിന്റെ പ്രതിനിധികള്‍ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുകയും,പുതിയ കരാര്‍ ഉണ്ടാക്കി വായ്പ തുക ഇടനിലക്കാരനായി എത്തുന്ന വിദേശ ഫണ്ടിംഗ് ഏജന്‍സിയില്‍ നിന്നും സ്വീകരിച്ച് ബാങ്കില്‍ അടയ്ക്കുകയും ചെയ്യുന്നതോടെ പണയവസ്തുവിന്‍ മേലുള്ള അധികാരം വിദേശ ഫണ്ടിംഗ് എജന്‍സിക്കാവും.

മുമ്പ് അയര്‍ലണ്ടിലെ ഭവന റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിദേശ ഏജന്‍സികള്‍ കടന്നുകയറിയ അതേ രീതിയിലാണ് കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കാനുള്ള അന്താരാഷ്ട്രകഴുകന്‍മാരുടെ രംഗപ്രവേശം.

കടമെടുത്ത പണം തിരിച്ചടയ്ക്കാന്‍ വഴിയില്ലാതെ ടിപ്പററിക്കാരനായ ഒരു കര്‍ഷകന്‍ കഴിഞ്ഞയാഴ്ച്ച ആത്മഹത്യ ചെയ്തിരുന്നു.കാര്‍ലൈല്‍ മോര്‍ഗേജസ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്നുമായിരുന്നു ഇദ്ദേഹം വായ്പ എടുത്തിരുന്നത്. ഇത് തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് സ്ഥാപനം ഇദ്ദേഹത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു.

കടബാധ്യത കാരണം കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിന്റെ അലയൊലികള്‍ കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയിലുമെത്തി.സ്ഥാപനത്തിന്റെ ഡബ്ലിനിലെ ഓഫീസിനു മുന്നില്‍ ന്യൂ ലാന്‍ഡ് ലീഗ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു കൊണ്ടായിരുന്നു ഇത്.വായ്പ് നല്‍കുന്ന വിദേശ ഏജന്‍സികള്‍ ഐറിഷ് കര്‍ഷകരെ ഊരാക്കുടുക്കിലേയ്ക്ക് നയിക്കുകയാണെന്ന് ഐറിഷ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (ഐ.എഫ്.എ) കര്‍ഷകര്‍ക്ക് മുന്നറിയിപ്പു നല്‍കി.അള്‍സ്റ്റര്‍ ബാങ്ക് തിരിച്ചു കിട്ടാത്ത കടങ്ങള്‍ക്കു പകരമായി ജപ്തി നടപടികള്‍ക്ക് ഒരുങ്ങുകയാണ് എന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനെതിരെ ഐ.എഫ്.എ അധികൃതര്‍ ഈ ആഴ്ച ആദ്യം ബാങ്കിനെ സമീപിച്ചിരുന്നു.CC NEW LAND LEAGUE PROTEST

കര്‍ഷകരടക്കമുള്ള ജനങ്ങളെ പ്രതിസന്ധിയിലാക്കുന്ന വായ്പാനയത്തിനെതിരെ കഴിഞ്ഞ ദിവസം കര്‍ഷകരും ന്യൂ ലാന്‍ഡ് ലീഗ് അംഗങ്ങളും ക്രൂശിത രൂപവും ശവപ്പെട്ടിയുമേന്തി പ്രതിഷേധപ്രകടനം നടത്തി. അള്‍സ്റ്റര്‍ ബാങ്കിന്റെയും കാര്‍ലൈല്‍ മോര്‍ഗേജസിന്റെയും പാര്‍നല്‍ സ്‌ക്വയറിലെ ഓഫിസിനു മുന്നിലായിരുന്നു പ്രതിഷേധം.

വായ്പ നല്‍കുന്ന പല സ്ഥാപനങ്ങളും ബാങ്കുകളും കര്‍ഷകരുടെയും മറ്റും മേല്‍ ചുമത്തുന്ന പലിശ താങ്ങാനാകാത്തത് ജപ്തിയിലേയ്ക്കും മറ്റും നയിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പ്രകടനമെന്ന് ന്യൂ ലാന്‍ഡ് ലീഗ് വക്താവ് ജെറി ബീഡ്‌സ് പറഞ്ഞു.പലരും സ്വയം ജീവിതം അവസാനിപ്പിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്ക് കേസ് കൊടുത്തതു കാരണം ജയില്‍ശിക്ഷ പ്രതീക്ഷിക്കുന്നവരും പ്രതിഷേധത്തിനെത്തിയിരുന്നു.

പല ബാങ്കുകളും വായ്പ നല്‍കാത്തതാണ് സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുക്കാന്‍ ഇവരെ പ്രേരിപ്പിച്ചതെന്ന് ബീഡ്‌സ് പറഞ്ഞു. ചില സ്ഥാപനങ്ങള്‍ 26% പലിശ വരെ ഈടാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അള്‍സ്റ്റര്‍ ബാങ്ക് തങ്ങളുടെ കാര്‍ഷിക കടങ്ങള്‍ വിദേശ കമ്പനിക്ക് മറിച്ചു വില്‍ക്കാന്‍ നീക്കം നടത്തുന്നതിനാലാണ് ബാങ്കിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചതെന്നും ബീഡ് പറഞ്ഞു. പ്രതിഷേധത്തെപ്പറ്റി പ്രതികരിക്കാന്‍ അള്‍സ്റ്റര്‍ ബാങ്ക് വക്താവ് തയ്യാറായില്ല.

സംഘടിതരല്ലാത്ത ഗ്രാമീണമേഖലയിലെ ഇടത്തരം കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയെയാണ് ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.ഇവരോടൊപ്പം നില്‍ക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി പോലും സജീവമായി രംഗത്തില്ലെന്നതും ശ്രദ്ധേയമാണ്.

Scroll To Top