Sunday May 27, 2018
Latest Updates

ഐറിഷ് ഇലക്ഷനില്‍ എങ്ങനെ വോട്ടു ചെയ്യണം?ജയിക്കാനുള്ള ക്വാട്ട തീരുമാനിക്കുന്നത് എങ്ങനെയാണ്?

ഐറിഷ് ഇലക്ഷനില്‍ എങ്ങനെ വോട്ടു ചെയ്യണം?ജയിക്കാനുള്ള ക്വാട്ട തീരുമാനിക്കുന്നത് എങ്ങനെയാണ്?

ഫെബ്രുവരി 26 വെള്ളിയാഴ്ച്ച അയര്‍ലണ്ടില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുകയാണ്.ഐറിഷ് പാര്‍ലമെന്റിലെ അധോസഭയായ ഡയലിലെ 158 സീറ്റുകളിലേയ്ക്കാണ് 21 വയസില്‍ കൂടുതല്‍ പ്രായമുള്ള എല്ലാ പൌരന്മാരും വോട്ടു രേഖപ്പെടുത്തേണ്ടത്.

തെരഞ്ഞെടുപ്പ് രീതിയില്‍ ഒന്നാണ് കൈമാറ്റം ചെയ്യാവുന്ന ഒറ്റവോട്ടു സമ്പ്രദായം (Single Transferable Vote). ഒന്നിലേറെ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരേസമയം, മുന്‍ഗണനാ ക്രമം അനുസരിച്ച് വോട്ട് ചെയ്യുന്ന രീതിയാണിത്.ഇന്ത്യയില്‍ പ്രധാനമായും രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ ഇതേ രീതിയാണ് ഉപയോഗിക്കുന്നത്.
ഓരോ നിയോജകമണ്ഡലത്തിലും ഏറ്റവും ചുരുങ്ങിയത് മൂന്ന് സീറ്റുകളെങ്കിലും ഉണ്ടായിരിക്കണം. സീറ്റുകളുടെ എണ്ണം വേണ്ടിവന്നാല്‍ പത്തോ പതിനഞ്ചോവരെ ഉയര്‍ത്താവുന്നതാണ്

തെരഞ്ഞെടുപ്പു തുടങ്ങിയാല്‍ ഓരോ നിയോജകമണ്ഡലത്തിനും ഓരോ വിഹിതം (quota) നിശ്ചയിക്കേണ്ടിയിരിക്കുന്നു. ഇതു പല വിധത്തിലാകാമെങ്കിലും,ബെല്‍ജിയംകാരനായ എച്ച്.ആര്‍. ഡ്രൂപ്പ് ആസൂത്രണം ചെയ്തിട്ടുള്ള ‘ഡ്രൂപ്പ് ക്വോട്ടാ’ (Droop Quota) എന്നറിയപ്പെടുന്ന സമ്പ്രദായമാണ് ഇന്നധികവും പ്രയോഗത്തിലിരിക്കുന്നത്. ഇതനുസരിച്ച് നിയോജകമണ്ഡലത്തില്‍ പോള്‍ചെയ്ത മൊത്തം (സാധുവായ) വോട്ടുകളുടെ സംഖ്യയെ, പൂരിപ്പിക്കുവാനുളള സീറ്റുകളുടെ എണ്ണത്തോട് ഒന്നു കൂട്ടിചേര്‍ത്ത് ആ സംഖ്യകൊണ്ട് ഹരിച്ചു കിട്ടുന്ന ഹരണഫലത്തോട് ഒന്നുകൂടി ചേര്‍ത്തു കിട്ടുന്ന സംഖ്യയായിരിക്കും ക്വോട്ടാ.

ഉദാഹരണമായി ഉദാ. നിയോജകമണ്ഡലത്തിലെ സാധുവായ വോട്ടുകള്‍ = 33,000
അവിടത്തെ മൊത്തം സീറ്റുകള്‍ = 4

ക്വോട്ടാ=((33000)/(4+1))+1DUBLIN MID WEST

പട്ടിക നോക്കുക.കഴിഞ്ഞ തവണ തവണ ഡബ്ലിന്‍ മിഡ് വെസ്റ്റ് മണ്ഡലത്തില്‍ ആകെ സാധുവായ വോട്ട് 42,722 വോട്ടാണ്.മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പേടെണ്ട ടി ഡി മാരുടെ എണ്ണം 4 മാത്രമായതിനാല്‍ 42,722 നെ 4+1=5 കൊണ്ട് ഹരിച്ച ശേഷം കിട്ടുന്ന സംഖ്യയോട് 1 കൂടി കൂട്ടുമ്പോള്‍ ലഭിക്കുന്ന സംഖ്യയാണ് ആ മണ്ഡലത്തിലെ ജയിക്കാന്‍ ആവശ്യമായ ക്വാട്ടയായി കണക്കാക്കുന്നത്.

42,722 വോട്ടില്‍ വെറും 5,933 വോട്ടു ലഭിച്ച ഫിനഗേലിന്റെ ഡെറിക്ക് കീറ്റിംഗും(കഴിഞ്ഞ ഡയലില്‍ ഇന്ത്യാക്കാരോട് ഏറ്റവും താത്പര്യം ഉള്ള ഒരു ടി ഡി യാണ് ഇദ്ദേഹം!,ഇന്ത്യയെ കുറിച്ച് ഏറ്റവും പരാമര്‍ശങ്ങള്‍ കഴിഞ്ഞ സഭയില്‍ നടത്തിയിട്ടുള്ളതും ഇദ്ദേഹമാണ്)നാലാമതായി ജയിച്ചു.ലേബറിന്റെ ജോവാന ഡഫീ,പിന്നിട് മന്ത്രിയായ ഫ്രാന്‌സി ഫിത്സ് ജറാള്‍ഡ്,ലേബറിന്റെ റോബര്‍ട്ട് ഡോവ്ട്‌സ് എന്നിവരാണ് മറ്റു വിജയികളായത്.

ആകെയുള്ള സീറ്റുകളുടെ എണ്ണം എത്രയാണോ അത്രയും സ്ഥാനാര്‍ഥികള്‍ക്ക്, മുന്‍ഗണനാക്രമമനുസരിച്ച് അവരുടെ പേരുകള്‍ക്കു നേരെ 1, 2, 3, 4…. എന്നിങ്ങനെ വോട്ടു രേഖപ്പെടുത്തുവാനുള്ള അവകാശം ഓരോ സമ്മതിദായകനും ഉണ്ടെന്നുള്ളതാണ് ഈ പദ്ധതിയുടെ ഒരു സവിശേഷത.MEATH

2013 ലെ മീത്ത് ഉപതിരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പര്‍ നോക്കുക.ലഭിക്കുന്ന ബാലറ്റ് പേപ്പറില്‍ നിങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പാര്‍ട്ടി ചിഹ്നം ,പേര്,ഫോട്ടോ എന്നിവയുടെ വലതു വശത്ത് കൊടുത്തിരിക്കുന്ന ശൂന്യമായ കോളത്തില്‍ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥാനാര്‍ഥിയ്ക്ക് 1 എന്ന് എഴുതുക.തൊട്ടടുത്ത മുന്‍ഗണന നല്‌കേണ്ടയാള്‍ക്ക് 2 എന്ന് രേഖപ്പെടുത്താം.അങ്ങനെ എത്ര സ്ഥാനാര്‍ഥികള്‍ക്ക് വേണമെങ്കിലും വോട്ടു രേഖപ്പെടുത്താം.ഒരേ നമ്പര്‍ കൂടുതല്‍ പേര്‍ക്ക് രേഖപ്പെടുത്തിയാല്‍(ഉദാഹരണമായി 2 എന്ന് രണ്ടു പേര്‍ക്ക് രേഖപ്പെടുത്തിയാല്‍) വോട്ട് അസാധുവാകും.

എന്നാല്‍ ഒരു വോട്ടര്‍ക്ക് ഒരു സ്ഥാനാര്‍ഥി മാത്രമേ സ്വീകാര്യനായിട്ടുള്ളുവെങ്കില്‍, തന്റെ വോട്ടുകള്‍ ആ സ്ഥാനാര്‍ഥിക്കു മാത്രമായി രേഖപ്പെടുത്താവുന്നതുമാണ്.അതേ സമയം എത്ര സ്ഥാനാര്‍ഥികള്‍ ഉണ്ടോ അവര്‍ക്കെല്ലാം മുന്‍ഗണനാക്രമം അനുസരിച്ച് വോട്ടു ചെയ്യാനോ,ആര്‍ക്കെങ്കിലും വോട്ടു ചെയ്യാതിരിക്കാനോ വോട്ടര്‍ക്ക് അവകാശമുണ്ട്. എത്ര വോട്ടുകള്‍ രേഖപ്പെടുത്തിയാലും ഒരു സമ്മതിദായകന്റെ ‘യഥാര്‍ഥ’ വോട്ട് ഒന്നു മാത്രമായിരിക്കുമെന്നുള്ളതും പ്രത്യേകം ശ്രദ്ധേയമാണ്.

വോട്ടുകള്‍ എണ്ണുമ്പോള്‍ ഒന്നാം മുന്‍ഗണനാ വോട്ടുകള്‍ (First Preference Votes) ആയിരിക്കും ആദ്യം എണ്ണി തിട്ടപ്പെടുത്തുക. ചിലപ്പോള്‍ ഒന്നാം വട്ടത്തില്‍ ആര്‍ക്കുംതന്നെ ക്വോട്ടാ ലഭിച്ചില്ലെന്നു വരാം. എന്നാല്‍ ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് ക്വോട്ടായോ അതില്‍ കൂടുതലോ വോട്ടുകള്‍ ആദ്യറൌണ്ടില്‍ തന്നെ ലഭിക്കുകയാണെങ്കില്‍ അയാള്‍ ജയിച്ചതായി പ്രഖ്യാപിക്കുകയും, അയാളുടെ അധിക വോട്ടുകള്‍ (surplus votes) ഉണ്ടെങ്കില്‍ അവയിലെ മുന്‍ഗണനാക്രമമനുസരിച്ച് മറ്റു സ്ഥാനാര്‍ഥികള്‍ക്കായി വിഭജിക്കുകയും ചെയ്യുന്നു; അതുപോലെ തന്നെ ഏറ്റവും കുറച്ചു വോട്ടുകള്‍ ലഭിച്ചിട്ടുള്ള സ്ഥാനാര്‍ഥിയുടെ വോട്ടുകളും, അയാളെ ലിസ്റ്റില്‍നിന്നും നീക്കിയശേഷം, മുന്‍ഗണനാക്രമത്തില്‍, മറ്റു സ്ഥാനാര്‍ഥികള്‍ക്കായി വീതിച്ചുകൊടുക്കുന്നു. ഇപ്രകാരം കൈമാറ്റം ചെയ്തതിനുശേഷം വോട്ടുകള്‍ വീണ്ടും എണ്ണുകയും, അപ്പോള്‍ ക്വോട്ടായോ അതില്‍ കൂടുതലോ വോട്ടുകള്‍ ലഭിക്കുന്ന സ്ഥാനാര്‍ഥികള്‍ വിജയികളാവുകയും, അവര്‍ക്കും മിച്ച വോട്ടുകള്‍ വരികയാണെങ്കില്‍, അവയും ഇനി തെരഞ്ഞെടുക്കുവാനിരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കായി മാറ്റപ്പെടുകയും, വീണ്ടും വോട്ടെണ്ണിയശേഷം, അവരില്‍ ക്വോട്ടാ കിട്ടിയവരെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ ആകെ പൂരിപ്പിക്കേണ്ട സീറ്റുകള്‍ തികയുന്നതുവരെ ആവര്‍ത്തിക്കപ്പെടും.

Scroll To Top