Saturday December 10, 2016
Latest Updates

ഐറിഷ് ഇലക്ഷന്‍ 2016:സര്‍വേഫലങ്ങളില്‍ ഭരണകക്ഷികള്‍ക്ക് മുന്നേറ്റം, അഞ്ച് വര്‍ഷം കൂടി എന്ടാ കെന്നി അധികാരത്തില്‍ തുടര്‍ന്നേക്കും 

ഐറിഷ് ഇലക്ഷന്‍ 2016:സര്‍വേഫലങ്ങളില്‍ ഭരണകക്ഷികള്‍ക്ക് മുന്നേറ്റം, അഞ്ച് വര്‍ഷം കൂടി എന്ടാ കെന്നി അധികാരത്തില്‍ തുടര്‍ന്നേക്കും 

ഡബ്ലിന്‍ :അടുത്ത വര്‍ഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ അയര്‍ലണ്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമാകുന്നു. ഡയല്‍(ഐറിഷ് പാര്‍ലമെന്റ് ) പിടിക്കാന്‍ മോഹന വാഗ്ദാനങ്ങളുമായി ലൂസിന്റെ ക്രേഗ്ടണിന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയടക്കം ജനങ്ങളിലേക്കിറങ്ങിക്കഴിഞ്ഞു.

പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ അഭിപ്രായ സര്‍വ്വെയില്‍ ഫലം നിലവിലുള്ള സര്‍ക്കാരിന് അനുകൂലമായേക്കാം എന്നതാണ് വിവിധ സര്‍വേകള്‍ സൂചിപ്പിക്കുന്നത്.ഇന്നലെ പുറത്തുവിട്ട സണ്‍ഡെ ടൈംസ് സര്‍വ്വെ ഫലം പ്രകാരവും ഫിനഗേല്‍ , ലേബര്‍ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ജനസ്സമ്മതി കൂടിയതായി പറയുന്നു. ആകെയുള്ള 43 നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള 959 പേരിലാണ് ദി ബിഹേവിയര്‍ ആന്‍ഡ് ആറ്റിറ്റിയൂഡ് പോള്‍ സര്‍വ്വെ നടത്തിയത്.

സര്‍വ്വെ പ്രകാരം സര്‍ക്കാരിനുള്ള ജനസമ്മതി ആറ് പോയിന്റ് വര്‍ധിച്ച് 35 ശതമാനത്തിലെത്തി. ഫിന ഗേലിന്റെ ജനപ്രിയത മൂന്ന് പോയിന്റ് വര്‍ധിച്ച് 27 ശതമാനമായിട്ടുണ്ട്. ലേബര്‍ പാര്‍ട്ടിയുടെ ജനപിന്തുണ 9 ശതമാനമായി കൂടി.

അതേസമയം പ്രതിപക്ഷ പാര്‍ട്ടികളുടെ ജനസമ്മതിയില്‍ ഇടിവുണ്ടായി. ഫിനാ ഫാളിനുള്ള ജനപിന്തുണയില്‍ മുന്നേറ്റമുണ്ടായിട്ടില്ല. എന്നാല്‍ ലോക്കല്‍ ഇലക്ഷനില്‍ മുന്നേറിയ സിന്‍ ഫെയിന്റേത് ഇടിഞ്ഞു. ഗ്രീന്‍ പാര്‍ട്ടിക്ക് മൂന്ന് ശതമാനവും സ്വതന്ത്രര്‍ക്ക് 24 ശതമാനവുമാണ് ജനപിന്തുണ.

പ്രധാനമന്ത്രി എന്റാ കെന്നിയുടെ ജനപ്രിയത മുന്‍ സര്‍വ്വെയിലെ 28ല്‍ നിന്നും 32 ശതമാനമായി കൂടി.മൈക്കില്‍ മാര്‍ട്ടിനാണ് ഏറ്റവും ജനസമ്മതിയുള്ള രണ്ടാമത്തെ നേതാവ്. തൊട്ടുപിന്നില്‍ ജോന്‍ ബര്‍ട്ടണും ജെറി ആഡംസുമുണ്ട്

അടുത്ത തെരഞ്ഞെടുപ്പിലും ഭരണ കക്ഷിയായ ഫിന ഗേല്‍ ലേബര്‍ സഖ്യം തുടരുമെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി. കൂടുതല്‍ പാര്‍ട്ടികളെ തങ്ങളുടെ സഖ്യത്തോടൊപ്പം ചേര്‍ക്കാനിടയില്ലെന്ന് ഫിനഗേല്‍ പാര്‍ട്ടി പ്രതിനിധി മൈക്കിള്‍ നൂനന്‍ പറയുന്നുണ്ടെങ്കിലും സഖ്യസാധ്യത തള്ളിക്കളയാനാവില്ല.

158 അംഗ ഡയിലില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 80 അംഗങ്ങളുടെ പിന്തുണയാണ്. നിലവില്‍ അയര്‍ലണ്ടിലെ മൂന്ന് പ്രധാന പാര്‍ട്ടികള്‍ക്കും 20 ശതമാനത്തോളം ജനസമ്മതിയുണ്ട്. അതുകൊണ്ടുതന്നെ കേവല ഭൂരിപക്ഷം ഉറപ്പാക്കാന്‍ പാര്‍ട്ടികള്‍ സഖ്യം വിപുലീകരിച്ചേക്കും. പ്രതിപക്ഷ പാര്‍ട്ടിയായ ഫിനാ ഫാള്‍ സ്വതന്ത്രരുമായോ സിന്‍ ഫിനുമായോ സഖ്യത്തിന് ശ്രമിച്ചേക്കും. പ്രതിപക്ഷ പാര്‍ട്ടിയായതിനാല്‍ ഭരണപക്ഷത്തുള്ള ഫിനഗെയ്‌ലുമായി സഖ്യസാധ്യത വിരളമാണ്.

അതേസമയം പ്രതിപക്ഷ പാര്‍ട്ടിയായ സിന്‍ഫിനുമായി ഫിന ഫെയില്‍ സഖ്യത്തിലേര്‍പ്പെടാന്‍ സാധ്യതയില്ല. ഇരു പാര്‍ട്ടികളും തമ്മിലഉള്ള വൈരം ശക്തമാണ്. മൈക്കിള്‍ മാര്‍ട്ടിനാകും ഫിനാ ഫാളിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി.

ഇടതു പക്ഷ പാര്‍ട്ടികളുടെ സഹായത്തോടെ വിശാല സഖ്യം രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നതാകും സിന്‍ ഫിനിന് ഗുണകരമാകുക. വെള്ളക്കരം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ സര്‍ക്കാരിനെതിരെ ഇവര്‍ കൈകോര്‍ത്തിരുന്നു.

Scroll To Top