Tuesday December 06, 2016
Latest Updates

ആദ്യ ഇലക്ഷന്‍ ഡിബേറ്റ് ഫിയനാ ഫാളിന് തുണയായി:മൈക്കില്‍ മാര്‍ട്ടിന് പിന്തുണ കൂടുന്നു, എതിര്‍ തന്ത്രങ്ങളുമായി ഭരണപക്ഷം

ആദ്യ ഇലക്ഷന്‍ ഡിബേറ്റ് ഫിയനാ ഫാളിന് തുണയായി:മൈക്കില്‍ മാര്‍ട്ടിന് പിന്തുണ കൂടുന്നു, എതിര്‍ തന്ത്രങ്ങളുമായി ഭരണപക്ഷം

ഡബ്ലിന്‍:ഐറിഷ് പാര്‍ലമെന്റിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് പ്രചരണം പാതിവഴി പിന്നിടുമ്പോള്‍ ഫിയനാ ഫാളിന്റെ മുന്നേറ്റത്തിനു തടയിടാന്‍ ഭരണ കക്ഷികള്‍ സര്‍വ്വസന്നാഹവുമായി മുന്നോട്ട്.ഭരണ കക്ഷികളായ ഫിനഗേലും ,ലേബര്‍ പാര്‍ട്ടിയും ചേര്‍ന്നാലും കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന പൊതുധാരണ നില നില്‍ക്കവേ മൈക്കില്‍ മാര്‍ട്ടിന്‍ എന്ന ഒരൊറ്റ നേതാവിന്റെ കരുത്തില്‍ ഫിയനാ ഫാള്‍ മുന്നേറുന്ന കാഴ്ച്ചയാണ് മിക്ക മണ്ഡലങ്ങളിലും ദൃശ്യമാവുന്നത്.
എങ്കിലും ഫിയാന ഫാളിനും സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ നിലവിലുള്ള ഭരണസഖ്യം സ്വതന്ത്രരുടെയും,ലുസിണ്ട ക്രിഗ്ടന്റെ റെനുവ പാര്‍ട്ടിയുടെയും,സോഷ്യല്‍ ഡെമോക്രാറ്റുകളുടെയും പിന്തുണ നേടി അധികാരത്തില്‍ തുടരും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.മുന്‍ പ്രധാനമന്ത്രിയും ഫിയാന ഫാളിന്റെ നേതാവുമായ ബെര്‍ട്ടി അഹന്‍ പോലും അത്തരമൊരു സാധ്യതയ്ക്കാണ് സാഹചര്യം ഒരുങ്ങുന്നത് എന്ന് വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രമുഖ നേതാക്കളെ പങ്കെടുപ്പിച്ച് കഴിഞ്ഞ ദിവസം നടന്ന ആദ്യ ഡിബേറ്റില്‍ മൈക്കില്‍ മാര്‍ട്ടിന്‍ മറ്റു നേതാക്കളെ നിഷ്പ്രഭരാക്കി മുന്നേറിയത് ഫിയനാ ഫാളിന് കരുത്തേകി.അതെ സമയം പ്രധാനമന്ത്രി എന്‍ഡ കെന്നി സ്വന്തം പാര്‍ട്ടിക്കാരെ പോലും നിരാശരാക്കുന്ന പ്രകടനമാണ് കാഴ്ച്ച വെച്ചത്.ഷിന്‍ ഫിന്‍ ലീഡര്‍ ജെറി ആഡമാവട്ടെ ദേശീയമായ കാഴ്ച്ച്പാടുകള്‍ പോലും ഇല്ലാതെയാണ് ഡിബേറ്റില്‍ ഉടനീളം പങ്കെടുത്തത്.
ക്രിയാത്മക നിര്‍ദേശങ്ങളുമായി മുന്നോട്ടു വന്നപ്പോഴൊക്കെ മൈക്കില്‍ മാര്‍ട്ടിന് എതിരെ എന്‍ട കെന്നിയും ജെറി ആഡമും ശബ്ദമുയര്‍ത്തിയത് മാര്‍ട്ടിന് പിന്തുണ കൂടാന്‍ കാരണമായി.
അടുത്ത ദിവസങ്ങളില്‍ മാര്‍ട്ടിന്റെ പ്രതിശ്ചായ ഇടിയ്ക്കാനുള്ള തന്ത്രങ്ങളാവും ഫിനഗേലും ലേബറും സ്വീകരിക്കുക.അങ്ങനെ ചെയ്തില്ലെങ്കില്‍ കേവല ഭൂരിപക്ഷത്തിന് അടുത്തെത്താന്‍ പോലുമുള്ള പിന്തുണ ഭരണ കക്ഷിയ്ക്ക് ലഭിക്കില്ലെന്ന് അവര്‍ക്കറിയാം.പക്ഷെ അയര്‍ലണ്ടിലെ പ്രബുദ്ധരായ വോട്ടര്‍മാരുടെ മനസ് വായിക്കാന്‍ ആര്‍ക്കുമായിട്ടില്ല.രാഷ്ട്രീയ പാര്‍ട്ടികളെ അവര്‍ വെറുത്തുകഴിഞ്ഞു എന്ന സൂചനയാണ് കൂടുതല്‍ മണ്ഡലങ്ങളിലും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കുണ്ടാകുന്ന മുന്നേറ്റം.തിടഞ്ഞെടുപ്പിനു ശേഷം സ്വതന്ത്രരാവും രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നത് എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

Scroll To Top