Friday May 26, 2017
Latest Updates

ഐറിഷ്‌കാര്‍ക്ക് എത്രനാള്‍ ഭയക്കാതെ നീങ്ങാന്‍ കഴിയും?ഡാനിയല്‍ മക്കോണല്‍ പറയുന്നത് ഇങ്ങനെ

ഐറിഷ്‌കാര്‍ക്ക് എത്രനാള്‍ ഭയക്കാതെ നീങ്ങാന്‍ കഴിയും?ഡാനിയല്‍ മക്കോണല്‍ പറയുന്നത് ഇങ്ങനെ

ഡബ്ലിന്‍ :നിലവില്‍ ഐറിഷ് എക്കണോമി വലിയ കേടുപാടുകളില്ലാതെ നില്‍ക്കുകയാണ്. എന്നാല്‍ ബ്രെക്സിറ്റ്, സാമ്പത്തിക വകുപ്പിലെ പുതിയ പ്രശ്നങ്ങള്‍, യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള ഡൊണാള്‍ഡ് ട്രംപിന്റെ വിജയം എന്നിങ്ങനെയുള്ള മൂന്ന് പ്രധാന കാര്യങ്ങള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുമോ എന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ദ്ധര്‍. ഈ കാരണങ്ങള്‍ എങ്ങനെയാകും അയര്‍ലണ്ടില്‍ പ്രതിഫലിക്കുക എന്ന് കൃത്യമായി പറയാന്‍ കഴിയാത്തതിനാല്‍ കരുതിയിരിക്കണമെന്നാണ് സാമ്പത്തിക വിദഗ്ദ്ധനായ ഡാനിയല്‍ മക്കോണല്‍ പറയുന്നത്.

മുമ്പ് അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥയെപ്പറ്റി താന്‍ നെഗറ്റീവായ കാര്യങ്ങള്‍ എഴുതിയപ്പോള്‍, അന്നത്തെ ധനകാര്യമന്ത്രി ‘നിങ്ങള്‍ പോസിറ്റീവാകണം’ എന്നു പറഞ്ഞ കാര്യവും ഡാനിയല്‍ മക്കോണല്‍ ഓര്‍ത്തെടുക്കുന്നു. ശേഷം ഐറിഷ് സമ്പദ് വ്യവസ്ഥ ഏറെ മെച്ചപ്പെട്ടെങ്കിലും, ആശങ്കയുടെ കരിമേഘങ്ങള്‍ ഇന്ന് ഐറിഷ് തീരത്തേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വലിയൊരു സാമ്പത്തികത്തകര്‍ച്ചയിലേയ്ക്കാണ് അയര്‍ലണ്ട് നീങ്ങുന്നതെന്ന് മുന്നറിയിപ്പു നല്‍കുകയാണ് മക്കോണല്‍.

2008നു ശേഷം പൊതുശമ്പളം വെട്ടിക്കുറയ്ക്കാതെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് രണ്ട് ബജറ്റുകള്‍ മാത്രമാണ്. ഒന്ന് ഈ വര്‍ഷത്തേതും, മറ്റൊന്ന് കഴിഞ്ഞ വര്‍ഷത്തേതും. ഇവ ശുഭസൂചനയായി എടുക്കാമെങ്കിലും, രാജ്യത്ത് ചെലവ് വര്‍ദ്ധിച്ചു വരികയാണ്. ഈ വര്‍ഷം ആദ്യം നടന്ന് ഇലക്ഷനില്‍ രാജ്യം 2021നിടെ 12 ബില്ല്യണ്‍ യൂറോയുടെ അധികവരുമാനം നേടുമെന്നായിരുന്നു ഇന്നത്തെ ധനകാര്യമന്ത്രി മൈക്കല്‍ നൂനാന്‍ പ്രസ്താവിച്ചത്. എന്നാല്‍ പിന്നീട് അത് 10.2 ബില്ല്യണാക്കി അദ്ദേഹം മാറ്റിപ്പറഞ്ഞു. എന്നാല്‍ ഐറിഷ് ഫിസ്‌കല്‍ അഡൈ്വസറി കൗണ്‍സില്‍ പറയുന്നത് ഇത് വെറും 3.2 ബില്ല്യണ്‍ മാത്രമായിരിക്കുമെന്നാണ്.

ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കുന്നതിന് മാസങ്ങള്‍ക്കു മുമ്പേ തന്നെ ഐറിഷ് എക്കണോമി ഭീഷണി നേരിട്ടു തുടങ്ങിയിരുന്നു. ജൂണ്‍ 23ന് ബ്രെക്സിറ്റ് റഫറണ്ടത്തിലൂടെ യുകെയിലെ ജനങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ തീരുമാനിച്ചതോടെയാണ് അയര്‍ലണ്ടിന് ആദ്യ പ്രഹരമേറ്റത്. യുകെയാണ് അയര്‍ലണ്ടിന്റെ ഏറ്റവും വലിയ കച്ചവട പങ്കാളി എന്നതായിരുന്നു ഇതിനു കാരണം. 2008-2009 കാലത്തു നടന്ന പോലുള്ള ഒരു സാമ്പത്തികത്തകര്‍ച്ച അയര്‍ലണ്ടിനെ കാത്തിരിക്കുന്നുവെന്നാണ് മക്കോണല്‍ മുന്നറിയിപ്പു നല്‍കുന്നത്. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക അതിര്‍ത്തി കൗണ്ടികളെയാകും.

ഈ സാഹചര്യങ്ങള്‍ നിലവിലുള്ളപ്പോഴാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞയാഴ്ച യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. കുടിയേറ്റത്തെ ശക്തമായി എതിര്‍ക്കുന്ന ട്രംപിന്റെ ഭരണം ഐറിഷുകാര്‍ക്ക്, പ്രത്യേകിച്ച് യുഎസിലെ ഐറിഷുകാര്‍ക്ക് സുഖകരമാകാന്‍ വഴിയില്ല. മാത്രമല്ല ഇയുവുമായുള്ള പല വാണിജ്യ കരാറുകളും മരവിപ്പിക്കാനുമാണ് ട്രംപിന്റെ നീക്കം. ഇത് അയര്‍ലണ്ടിനെയും കാര്യമായിത്തന്നെ ബാധിക്കും.

ഇതിനിടെ ശമ്പള വര്‍ദ്ധനവ് എന്ന ആവശ്യം രാജ്യത്തെ വിവിധ മേഖലകളില്‍ നിന്നായി ഉയരുന്നുമുണ്ട്. ഇതും സാമ്പത്തിക മേഖലയ്ക്ക് അസ്വസ്ഥതയാണ് സൃഷ്ടിക്കുന്നു.ഇവയെല്ലാം കാരണം തന്നെ ഏറ്റുവും മോശമായ ഒരു തകര്‍ച്ചയ്ക്കു തന്നെ നാം തയ്യാറെടുക്കണമെന്നാണ് മക്കോണല്‍ പറയുന്നത്.

Scroll To Top