Wednesday December 07, 2016
Latest Updates

ഐറിഷ് സമ്പദ്ഘടന വന്‍ കുതിപ്പിലേക്ക്,ശുഭ പ്രതീക്ഷയോടെ ജനം :വിദേശ കുടിയേറ്റ പ്രവണതയും കുറയുന്നു 

ഐറിഷ് സമ്പദ്ഘടന വന്‍ കുതിപ്പിലേക്ക്,ശുഭ പ്രതീക്ഷയോടെ ജനം :വിദേശ കുടിയേറ്റ പ്രവണതയും കുറയുന്നു 

ഡബ്ലിന്‍: ഐറിഷ് സമ്പദ്ഘടന വന്‍ കുതിപ്പിലേക്ക് 2013 ല്‍ ഐറിഷ് സമ്പദ്ഘടന വളര്‍ച്ചയുടെ പാതയിലെത്തി. 2014 ല്‍ എല്ലാ സാമ്പത്തിക പ്രവചനങ്ങളെയും തെറ്റിച്ച് സമ്പദ്ഘടന വന്‍ കുതിപ്പിലേക്ക് നീങ്ങി. തൊഴില്‍ അവസരങ്ങള്‍ വര്‍ധിച്ചു. വളര്‍ച്ചാ നിരക്കില്‍ മറ്റ് യൂറോസോണ്‍ രാജ്യങ്ങളെ പിന്നിലാക്കി അയര്‍ലണ്ട് മുന്നേറി.വിദേശകടം വന്‍ തോതില്‍ അടച്ചുതീര്‍ക്കാന്‍ തുടങ്ങി എന്നതാണ് ഏറ്റവും വലിയ നേട്ടം. 
വാങ്ങല്‍ ചെലവ് കുറഞ്ഞു.എങ്കിലും ജലനിരക്കിനെതിരെയുള്ള പ്രതിഷേധങ്ങളോടെയാണ് വര്‍ഷം അവസാനിച്ചത്. ജനപക്ഷത്തിന്റെ ഏതിര്‍പ്പുകളെ അംഗീകരിച്ചു ജലനിരക്ക് വെട്ടിച്ചുരുക്കിയത് ജനങ്ങള്‍ സന്തോഷത്തോടെയാണ് നോക്കിക്കാണുന്നത്.കുറെയൊക്കെ പോരായ്മകള്‍ ഉണ്ടെങ്കിലും രാജ്യത്തിന്റെ വളര്‍ച്ച ശുഭപ്രതീക്ഷയോടെയാണ് ജനം അംഗീകരിക്കുന്നത് .

അയര്‍ലണ്ടിലെ വ്യവസായ സ്ഥാപനങ്ങളും പുതുവര്‍ഷത്തില്‍ വന്‍ പുരോഗതിയാണ് പ്രതീക്ഷിക്കുന്നത് . കഴിഞ്ഞ വര്‍ഷം തുടങ്ങുമ്പോള്‍ 2.1 ശതമാനം വളര്‍ച്ചാ നിരക്കാണ് സാമ്പത്തിക വിദഗ്ദര്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ വര്‍ഷം അവസാനിക്കുമ്പോള്‍ 4.7 ശതമാനം മുതല്‍ 6 ശതമാനം വരെ വര്‍ധിച്ചു. യൂറോസോണില്‍ നേരിയ പ്രതിസന്ധി ഉണ്ടായെങ്കിലും അയര്‍ലണ്ടിന് പിടിച്ചു നില്‍ക്കാനായി. ലോകരാജ്യങ്ങളുടെ സമ്പദ്ഘടനയെ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം അത്ര നല്ലതല്ല എന്നാല്‍ ഐറിഷ് സമ്പദ്ഘടനയ്ക്ക് കഴിഞ്ഞ വര്‍ഷം ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാനായി. 

റഷ്യ കറന്‍സിയുടെ വിലയിടിവിനെ തുടര്‍ന്ന് നട്ടംതിരിയുന്നതാണ് വര്‍ഷാന്ത്യത്തില്‍ കണ്ടത്. ചൈനയും പ്രതിസന്ധിയിലായി. യൂറോസോണിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഫ്രാന്‍സും ഇറ്റലിയും പ്രതിസന്ധിയിലാണ്. ഇതേതുടര്‍ന്ന് ഫ്രാന്‍സിന്റെ സാമ്പത്തിക ഘടന പുനര്‍ നിശ്ചയിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഫ്രാന്‍സിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തികൊണ്ടിരിക്കുകയാണ്. വര്‍ഷാന്ത്യത്തോടെ ഇറ്റലിയും സാമ്പത്തിക പ്രതിസന്ധിയിലായി. യൂറോസോണിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജര്‍മനിയും പ്രതിസന്ധിയിലാണ്. 

എന്നാല്‍ ഈ രാജ്യങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി അയര്‍ലണ്ട് വളര്‍ച്ചയുടെ പാതയിലാണ്. വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെട്ടു, 2007 ന് ശേഷം ആദ്യമായി ഐറിഷ് ജനതയുടെ വാങ്ങല്‍ ശേഷി വര്‍ധിച്ചു രാജ്യത്തെ വിദേശ ആഭ്യന്തര നിക്ഷേപം വര്‍ധിക്കുകയും ചെയ്തു. സമ്പദ്ഘടന വളരെ മെച്ചപ്പെട്ട സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ബജറ്റ് കൂടുതല്‍ ജനപ്രിയമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സാമ്പത്തിക നിയന്ത്രണങ്ങള്‍ വലിയ തോതില്‍ പിന്‍വലിക്കും. നേരിയ തോതിലെങ്കിലും സാമ്പത്തിക നിയന്ത്രണ നടപടികളുള്ള അവസാന ബജറ്റായിരിക്കും ഈ വര്‍ഷത്തേത്. 2016 മുതല്‍ സാമ്പത്തിക നിയന്ത്രണവും ചെലവ് ചുരുക്കല്‍ നടപടികളും പൂര്‍ണ്ണമായി പിന്‍വലിക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവിലെ ഗവണ്‍മെന്റ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ നികുതി ഭാരം കുറയ്ക്കുമെന്ന പ്രഖ്യാപനവും നിലവിലുണ്ട്.

ആസ്‌ട്രേലിയയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേയ്ക്ക് തൊഴില്‍ തേടി പോകാനുള്ള പ്രവണത ഐറിഷ്‌കാര്‍ കുറയ്ക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.രാജ്യം സാമ്പത്തികമായി സ്ഥിരത നേടുന്നുവെന്നതിന്റെ തെളിവാണിതെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.. 

Scroll To Top