Thursday December 08, 2016
Latest Updates

ആദ്യമായി വീടു വാങ്ങുന്നവര്‍ 20,000 യൂറോ ടാക്സ് റിബേറ്റിന്റെ ആഹ്‌ളാദത്തില്‍,പക്ഷെ എവിടെ കിട്ടും വീടുകള്‍ ?

ആദ്യമായി വീടു വാങ്ങുന്നവര്‍ 20,000 യൂറോ ടാക്സ് റിബേറ്റിന്റെ ആഹ്‌ളാദത്തില്‍,പക്ഷെ എവിടെ കിട്ടും വീടുകള്‍ ?

ഡബ്ലിന്‍:കെന്നി സര്‍ക്കാരിന്റെ 2017 ബജറ്റിലെ പ്രഖ്യാപനം ആദ്യമായി വീടു വാങ്ങാന്‍ കാത്തിരിക്കൂന്നവര്‍ക്ക് ആഹ്‌ളാദമായി.ഇവര്‍ക്ക് 20,000 യൂറോ വരെ ടാക്സ് റിബേറ്റ് നല്‍കുമെന്നാണ് ധനമന്ത്രി മൈക്കല്‍ നൂനന്‍ ഇന്നലെ ബജറ്റില്‍ പ്രഖ്യാപിച്ചത്.ഡിപ്പോസിറ്റ് കരുതേണ്ടിയിരുന്ന തുകയ്ക്ക് പകരമായി കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ ഇന്‍കം ടാക്സായി അടച്ച തുകയില്‍ നിന്നും റിബേറ്റ് ലഭിക്കുകയെന്നത് മലയാളികള്‍ അടക്കമുള്ള ഇടത്തരം വരുമാനക്കാര്‍ക്ക് നല്‍കുന്നത് ഏറെ പ്രയോജനപ്പെടും.

കഴിഞ്ഞ വര്‍ഷങ്ങളില്‍ വീടു വാങ്ങാന്‍ ഡിപ്പോസിറ്റിനായി പണം സ്വരൂപിക്കുന്ന നൂറു കണക്കിന് പേരാണ് മലയാളികള്‍ക്കിടയിലും ഉള്ളത്. ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് വീടിന്റെ വിലയുടെ 5% റിബേറ്റ് നല്‍കാനാണ് ബജറ്റിലെ തീരുമാനം. 20,000 യൂറോ വരെ റിബേറ്റ് ലഭിക്കും. 2016 ജൂലൈ 19 മുതല്‍ വീടു വാങ്ങിയവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ റിബേറ്റ് ലഭിക്കും.(ചുരുക്കത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അടച്ച ഇന്‍കം ടാക്‌സില്‍ വീട് വാങ്ങാനുള്ള ഡിപ്പോസിറ്റ് പണവും ഉള്‍പ്പെട്ടിരിക്കുന്നു എന്ന് തന്നെ)

ഭവനമേഖലയില്‍ 20000 യൂറോ വരെ ഫസ്റ്റ് ടൈം ബയേഴ്സിന് മാത്രമായിരിക്കും ഇങ്ങനെ ഗ്രാന്റ് ലഭിക്കുക.

6 ലക്ഷം യൂറോ വരെയുള്ള വീടുകള്‍ വാങ്ങുന്നവര്‍ക്കായിരിക്കും 5 ശതമാനം ടാക്സ് റിബേറ്റ് ലഭിക്കുക.അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ പുതിയ ആനുകൂല്യം പ്രയോജനപ്പെടുത്താനുള്ള അവസരവും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.പുതിയതായി നിര്‍മ്മിച്ച വീടുകള്‍ വാങ്ങുന്നവര്‍ക്കായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക എന്നതിനാല്‍ സാധാരണക്കാരില്‍ ബഹു ഭൂരിപക്ഷത്തിനും ഈ ഗ്രാന്റ് പ്രാപ്യമല്ലാതെ വരും.കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ആകെ പണിത വീടുകള്‍ നാല് ലക്ഷം എണ്ണമാണ്.ഇവയില്‍ ഡബ്ലിനിലും സമീപ പ്രദേശങ്ങളിലെ കൗണ്ടികളിലുമായി ഒരുലക്ഷത്തി എപതിനായിരം മാത്രം വീടുകളാണ് ഉള്ളത്.ഇവയില്‍ ഭൂരിപക്ഷവും ഇതിനകം വില്‍പ്പന നടന്നു കഴിഞ്ഞു.അയ്യായിരത്തില്‍ താഴെ വീടുകള്‍ക്കാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പ്ലാനിംഗ് പെര്‍മിറ്റ് ലഭിച്ചിട്ടുള്ളത്.അതായത് മാര്‍ക്കറ്റില്‍ ഉള്ള പുതിയ വീടുകള്‍ നാമമാത്രമാണ്

എന്നാല്‍ മാര്‍ക്കറ്റില്‍ വന്നു ചേരുന്ന പുതിയ വീടുകളുടെ വില്‍പ്പനയ്ക്ക് ഇവ സഹായകമായേക്കും.ഒപ്പം ഇവയുടെ വില കൂടാനും.

മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും ഇനിയും വീട് വാങ്ങാന്‍ കാത്തിരിക്കുന്നവരാണ് എന്നതിനാല്‍ പക്ഷെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഗ്രാന്റ് റിബേറ്റ് ലഭ്യമാവാന്‍ അവസരം ബാക്കിയുണ്ട്.പുതിയ വീടുകള്‍ വാങ്ങാന്‍ അടുത്ത 3 വര്‍ഷത്തേയ്ക്ക് പുതിയ പദ്ധതി പ്രയോജനപ്പെടുത്താം.പ്ലാനിംഗ് പെര്‍മിറ്റ് എടുത്ത് വീട് പണിയാന്‍ പോലും സമയം ബാക്കിയുണ്ട് എന്ന് തന്നെ!

Scroll To Top