Sunday December 04, 2016
Latest Updates

അയര്‍ലണ്ടിന്റെ സാമ്പത്തികാവസ്ഥ കുത്തനെ ഉയരുന്നു:നേട്ടങ്ങള്‍ ദേശവാസികളുടെ ത്യാഗത്തിന്റെ ഫലമെന്ന് പ്രധാനമന്ത്രി

അയര്‍ലണ്ടിന്റെ സാമ്പത്തികാവസ്ഥ കുത്തനെ ഉയരുന്നു:നേട്ടങ്ങള്‍ ദേശവാസികളുടെ ത്യാഗത്തിന്റെ ഫലമെന്ന് പ്രധാനമന്ത്രി

ഡബ്ലിന്‍ :അയര്‍ലണ്ടിന്റെ സാമ്പത്തിക വളര്‍ച്ച കുത്തനെ ഉയര്‍ന്നതായി കണക്കുകള്‍.സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ നേട്ടം ആരംഭിച്ചതേയുള്ളൂവെന്നും അടുത്ത വര്‍ഷങ്ങളിലും ഇത് തുടരുമെന്നാണ് പ്രതീക്ഷ എന്നും പ്രധാനമന്ത്രി എന്ടാ കെന്നി അവകാശപ്പെട്ടു,ഇത് ആയിരക്കണക്കായ ദേശവാസികളുടെ ത്യാഗത്തിന്റെ ഫലം കൂടിയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു,

അമേരിക്കയിലെ അത് ലാന്ടയില്‍ സെന്റ് പാട്രിക് ദിന പരിപാടികളോട് അനുബന്ധിച്ച് നടത്തുന്ന സന്ദര്‍ശന വേളയില്‍ അമേരിക്കന്‍ വ്യവസായികളോടുള്ള ചര്‍ച്ചയ്ക്കിടയിലാണ് എന്ടാ കെന്നി അയര്‍ലണ്ടിന്റെ വളര്‍ച്ചയുടെ പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ 4.8 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. യൂറോ സോണിലെ ശരാശരി നിരക്കിനെക്കാള്‍ നാലിരട്ടി കൂടുതലാണിത്. 2013ല്‍ ജിഡിപി നിരക്ക് 0.2 ശതമാനം മാത്രമായിരുന്നു.

ഉപഭോക്തൃ ചെലവ്, വ്യവസായ മേഖലയുടെ പ്രകടനം, ഇറക്കുമതി, കയറ്റുമതി എന്നിവയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ പുരോഗതിയാണ് സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്തുപകര്‍ന്നതെന്ന് വിലയിരുത്തുന്നു.ദേശീയ ഉല്‍പാദനം (ജിഎന്‍പി) നിരക്കിലും 5.2 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി.

കാര്‍ഷിക മേഖലയില്‍ 10.1 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. ഗതാഗതവാര്‍ത്താ വിനിമയ മേഖലകളാണ് കൂടുതല്‍ മുന്നേറ്റമുണ്ടായ മറ്റു മേഖലകള്‍. എട്ട് ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ മേഖലകള്‍ കൈവരിച്ചത്. അതേസമയം വ്യാവസായിക മേഖലയില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. വെറും 1.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് വ്യാവസായിക രംഗത്ത് ഉണ്ടായത്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ 6.9 ശതമാനത്തിന്റെയും കയറ്റുമതിയില്‍ 12.6 ശതമാനത്തിന്റെയും വളര്‍ച്ചയുണ്ടായി. എന്നാല്‍ കയറ്റുമതിയെക്കാള്‍ ഇറക്കുമതി കൂടുതലാണ്.

സാമ്പത്തിക വ്യവസ്ഥയിലെ എല്ലാ രംഗത്തും മുന്നേറ്റം കാഴ്ച്ചവെക്കാനായതായി ധനമന്ത്രി മൈക്കില്‍ നൂനന്‍ അവകാശപ്പെട്ടു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നികുതി ഭാരം കുറയ്ക്കാനും സാമ്പത്തിക വളര്‍ച്ച വഴിവെക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസാണ് കഴിഞ്ഞ ദിവസം പുതിയ കണക്കുകള്‍ പ്രഖ്യാപിച്ചത്.

Scroll To Top