Monday December 05, 2016
Latest Updates

അയര്‍ലണ്ടിലെ ‘സെല്‍ഫി ഫോട്ടോ പാസ്‌പോര്‍ട്ട് ‘അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായി 

അയര്‍ലണ്ടിലെ ‘സെല്‍ഫി ഫോട്ടോ പാസ്‌പോര്‍ട്ട് ‘അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായി 

ഡബ്ലിന്‍:അയര്‍ലണ്ടിലെ പൌരന്മാര്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ പാസ്‌പോര്‍ട്ട് കാര്‍ഡിനെക്കുറിച്ചുള്ള വാര്‍ത്ത ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായി.പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കാന്‍ വേണ്ടിയുള്ള ഫോട്ടോ മൊബൈലില്‍ സെല്‍ഫിയെടുത്തു അപ്ലോഡ് ചെയ്യാമെന്ന നിര്‍ദേശമാണ് സംഭവത്തെ ലോക ശ്രദ്ധ നേടാന്‍ ഇട വരുത്തിയത്.

കേരളത്തില്‍ ദീപികയുള്‍പ്പെടെയുള്ള പ്രധാനമാധ്യമങ്ങള്‍ അതീവ പ്രാധാന്യത്തോടെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
ഫോട്ടോ ഷെയര്‍ ചെയ്യുന്നതിന് ലോകമെമ്പാടും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ട്രെന്റാണ് സെല്‍ഫി. പാസ്‌പോര്‍ട്ടില്‍ അച്ചടിക്കുന്നതിന് സെല്‍ഫി ചിത്രങ്ങള്‍ അനുവദിക്കാന്‍ അയര്‍ലണ്ട് നിയമം ഭേദഗതി ചെയ്തതാണ് കൌതുകമായത്. യൂറോപ്പില്‍ പുത്തന്‍ പാസ്‌പോര്‍ട്ട് വിപ്ലവത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രകാശന ചടങ്ങില്‍ വിദേശകാര്യ മന്ത്രിയായ ചാര്‍ലി ഫ്‌ലാനന്‍ സെല്‍ഫിയെടുത്താണ് ഉദ്ഘാടനം ചെയ്തത്.ഇതാദ്യമായാണ് ഒരു രാജ്യം സെല്‍ഫിയെ ഔദ്യോഗിക രേഖയായി പരിഗണിക്കുന്നത്.

സേവനദാതാക്കള്‍ക്ക് അവരുടെ സെല്‍ഫികളും ഇനി മുതല്‍ പാസ്‌പോര്‍ട്ടില്‍ പതിപ്പിക്കാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രത്യേകം തയ്യാറാക്കിയ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുമ്പോഴാണ് ഈ സൗകര്യം. സെല്‍ഫി എടുത്ത് അപേക്ഷയിലെ ഫോട്ടോയുടെ ഭാഗം പൂരിപ്പിക്കാനുള്ള സൗകര്യം ആപ്പില്‍ ഒരുക്കിയിട്ടുണ്ട്. ജൂലൈയോടെ ‘സെല്‍ഫി പാസ്‌പോര്‍ട്ടുകള്‍’ നിലവില്‍ വരും. 35 യൂറോയാണ് ഫീസ്. യൂറോപ്യന്‍ യൂണിയനിലുള്ള 28 രാജ്യങ്ങളിലേയ്ക്കും ഐസ് ലണ്ട്,നോര്‍വെ,എന്നിവിടങ്ങളിലേയ്ക്കും ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാം. 

ലോകമെമ്പാടും മിക്ക പാസ്‌പോര്‍ട്ടുകളും ബുക്ക്‌ലെറ്റ് ഫോര്‍മാറ്റിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ യാത്രയ്ക്കായി ഉപയോഗിക്കുന്ന ആദ്യത്തെ സെല്‍ഫി ചിത്ര പാസ്‌പോര്‍ട്ടാണ് അയര്‍ലണ്ടിലേത്. റഗുലര്‍ പാസ്‌പോര്‍ട്ട് നേരത്തെ ഉള്ളവര്‍ക്കും 18 വയസായവര്‍ക്കും സെല്‍ഫ് ചിത്ര പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കാം. അഞ്ച് വര്‍ഷത്തേക്കോ അല്ലെങ്കില്‍ നിങ്ങളുടെ റഗുലര്‍ പാസ്‌പോര്‍ട്ട് എത്ര വര്‍ഷത്തേക്കാണോ എടുത്തിരിക്കുന്നത് അതുവരെയാണ് ഈ പാസ്‌പോര്‍ട്ടിന്റെ കാലാവധി. 






Scroll To Top